കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി കേരള കത്തോലിക്കാ മെത്രാന് സമിതി (കെ.സി.ബി.സി).ഏതെങ്കിലും ഒരു പാര്‍ട്ടിയോടെ മുന്നണിയോടോ ആഭിമുഖ്യമില്ലെന്നു വ്യക്തമാക്കുന്ന സര്‍ക്കുലറില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണന്നും കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് എം. സൂസപാക്യം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
കത്തോലിക്കാസഭയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയുമാമയാ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ത്ഥിയുമായോ സവിശേഷബന്ധമോ പ്രത്യാശാസ്ത്ര ആഭിമുഖ്യമോ ഇല്ല. സഭാംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ സഭ ഇടപെടാറുമില്ല. എന്നാല്‍ ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. ദരിരദരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയും കരുതലും സഭയുടെ നയവും നിലപാടുമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Also Read
ഭാര്‍ഗവി തങ്കപ്പനല്ല ടീച്ചര്‍, കനയ്യകുമാറാണ് പുതിയ കുട്ടികളുടെ മാതൃക
മതത്തിന്റെയോ ഭാഷയുടേയോ സമുദായത്തിന്റേയോ സമ്പത്തിന്റെയോ ഭക്ഷണരീതിയുടേയോ പേരില്‍ സാമൂഹ്യ വിവേചനത്തിനോ ശാരീരിക ആക്രമണത്തിനോ ഒരാളും ഇരയാകേണ്ടി വരരുത്. അക്രമ രാഷ്ട്രീയത്തിന് മുതിരുന്നത് ജനാധിപത്യ സംസ്കാരത്തില്‍ പതംവരാത്ത മനസ്സുകളാണ്. മനുഷ്യജീവന്റെ മൂല്യവും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികള്‍. അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്പക്കാത്ത നേതാക്കള്‍ തെരഞ്ഞെടുക്കപ്പെടണം.
തെരഞ്ഞെടുപ്പിന്റെ സമാധാനപൂര്‍ണമായ നടത്തിപ്പിനും രാജ്യത്തിന്റെ സുസ്ഥിതിക്കുമായി എല്ലാ വിശ്വാസികളും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലറില്‍ പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
ഏപ്രില്‍ ഏഴിന് കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദേവാലയങ്ങളിലും സര്‍ക്കുലര്‍ വായിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.