കൊച്ചി: സമൂഹമാധ്യമങ്ങളിലും നേരിട്ടും ക്രൈസ്തവ സന്യാസിനിമാർക്കു നേരെ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ സി ബി സി). സന്യാസിനിമാർക്ക് നേരെ നടക്കുന്ന അവഹേളനങ്ങളിൽ ഒരിക്കൽ പോലും കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും കെ.സി.ബി.സി വ്യക്തമാക്കി.
അടുത്തിടെ, ക്രൈസ്തവ സമൂഹത്തെയും സന്യാസിനിമാരെയും അപകീർത്തിപ്പെടുത്തിക്കൊണ്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പരാമർശിച്ചു കൊണ്ടും സാമുവൽ കൂടൽ എന്നയാൾ നിരവധി വീഡിയോകൾ യുട്യൂബിൽ അപ് ലോഡ് ചെയ്തിരുന്നു. 'വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകൾ' എന്ന പേരിൽ ഇയാൾ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനെതിരെ നിരവധി പരാതികൾ നൽകിയിരുന്നു. വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പാകെയുമായി നൂറ്റിയറുപതോളം പരാതികൾ സന്യസ്തർ നൽകിക്കഴിഞ്ഞു. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും യാതൊരു നിയമനടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പരാതിയിൽ കെസിബിസി വ്യക്തമാക്കുന്നു.
You may also like:കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു [NEWS]ഹത്രാസ് ഇരയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ കടുത്ത പ്രതിഷേധം [NEWS] യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം; 44 പേരെ രക്ഷപെടുത്തി [NEWS]
നേരത്തെയും നിയമത്തിന്റെ മാർഗം തേടിയിറങ്ങിയിട്ടുള്ള സന്യസ്തർക്കും അവർക്കു വേണ്ടി മുന്നിട്ടിറങ്ങിയവർക്കും സമാനമായ അനുഭവങ്ങളാണ് മുമ്പ് ഉണ്ടായിട്ടുള്ളതെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു. സന്യാസിനിമാർ നൽകിയ പരാതികൾ പരിഗണിക്കപ്പെടാത്തതിൽ മെത്രാൻ സമിതി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. പരാതികളിൽ സത്വരമായ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സൈബർ ആക്രമണങ്ങൾ തുടരുമ്പോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമസംവിധാനങ്ങളിൽ മാറ്റമുണ്ടാകാൻ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെടുന്നു.
യു ട്യൂബ് വീഡിയോകളിലൂടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ അശ്ലീല യു ട്യൂബർ വിജയ് പി നായരെ സ്ത്രീകൾ കൈകാര്യ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് സൈബർ ആക്രമണങ്ങളിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം ആയിരുന്നു അശ്ലീല യു ട്യൂബർ വിജയി പി നായരെ വീട്ടിലെത്തി കൈയേറ്റം ചെയ്തത്. പൊലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ചാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ വിജയ് പി നായരെ വീട്ടിൽ കയറി മർദ്ദിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack on youtuber, Cyber Attack, Kcbc