HOME /NEWS /Kerala / 'തലസ്ഥാനം പിടിച്ചാൽ കേരളം ഭരിക്കാനാകുമോ?'; തെക്കൻ ജില്ലകളിൽ നിർണായക മത്സരം നടക്കുന്ന 15 മണ്ഡലങ്ങൾ

'തലസ്ഥാനം പിടിച്ചാൽ കേരളം ഭരിക്കാനാകുമോ?'; തെക്കൻ ജില്ലകളിൽ നിർണായക മത്സരം നടക്കുന്ന 15 മണ്ഡലങ്ങൾ

Kerala Assembly Election 2021

Kerala Assembly Election 2021

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 39 മണ്ഡലങ്ങളാണുള്ളത്. തിരുവനന്തപുരം 14, കൊല്ലം 11, പത്തനംതിട്ട 5, ആലപ്പുഴ 9. നിലവി‍ൽ തിരുവനന്തപുരത്തെ 3 സീറ്റും ആലപ്പുഴയിലെ 2 സീറ്റുമാണ് യുഡിഎഫ് അക്കൗണ്ടിലുള്ളത്. കൊല്ലം ജില്ലയിൽ ഒരു സീറ്റും ലഭിച്ചില്ല. പത്തനംതിട്ടയിൽ ഒരു സീറ്റ് ലഭിച്ചെങ്കിലും ഉപതെര‌ഞ്ഞെടുപ്പോടെ യുഡിഎഫിന് അതും നഷ്ടപ്പെട്ടു.

കൂടുതൽ വായിക്കുക ...
  • Share this:

    തിരുവനന്തപുരം: തലസ്ഥാന ജില്ല പിടിച്ചാൽ സംസ്ഥാന ഭരണം പിടിക്കാം. ഇതാണ് രാഷ്ട്രീയ നിരീക്ഷകർക്കിടയിലെ പൊതുവെയുള്ള വിശ്വാസം. സമകാലിക കേരള രാഷ്ട്രീയം പരിശോധിച്ചാൽ ഇത് ശരിയാണെന്ന് കാണാം. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ 2016ലെ തെരഞ്ഞെടുപ്പിനുശേഷം 10 എണ്ണം എൽഡിഎഫിനൊപ്പവും മൂന്നെണ്ണം യുഡിഎഫിനൊപ്പവുമാണ്. ഒരു മണ്ഡ‍ലം എൻഡിഎ പിടിച്ചു. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 9, എൽഡിഎഫ് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില.

    1987, 1996, 2006 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുജനാധിപത്യ മുന്നണി തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടി. ഈ വർഷങ്ങളിൽ സംസ്ഥാനഭരണവും ഇടതുമുന്നണിക്കായിരുന്നു. 1991, 2001, 2011 വർഷങ്ങളിൽ യുഡിഎഫ് എട്ട് മുതൽ 10 സീറ്റ് വരെ ജില്ലയിൽ നേടി. ഈ വർഷങ്ങളിൽ യുഡിഎഫ് സംസ്ഥാനഭരണവും പിടിച്ചു.

    വിധി നിർണയിക്കുന്ന 39 മണ്ഡലങ്ങൾ?

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 39 മണ്ഡലങ്ങളാണുള്ളത്. തിരുവനന്തപുരം 14, കൊല്ലം 11, പത്തനംതിട്ട 5, ആലപ്പുഴ 9. നിലവി‍ൽ തിരുവനന്തപുരത്തെ 3 സീറ്റും ആലപ്പുഴയിലെ 2 സീറ്റുമാണ് യുഡിഎഫ് അക്കൗണ്ടിലുള്ളത്. കൊല്ലം ജില്ലയിൽ ഒരു സീറ്റും ലഭിച്ചില്ല. പത്തനംതിട്ടയിൽ ഒരു സീറ്റ് ലഭിച്ചെങ്കിലും ഉപതെര‌ഞ്ഞെടുപ്പോടെ യുഡിഎഫിന് അതും നഷ്ടപ്പെട്ടു.

    തിരുവനന്തപുരത്ത് അഞ്ച് മണ്ഡലങ്ങൾ നിർണായകം

    14 മണ്ഡലങ്ങളിൽ അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളാണ് യുഡിഎഫിനുള്ളത്. നേമത്ത് ബിജെപിയും മറ്റിടങ്ങളിൽ എൽഡിഎഫുമാണ് വിജയിച്ചത്. മൂന്നു മണ്ഡലങ്ങൾ നിലനിർത്താനും നാലോ അഞ്ചോ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും കഴിയുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. നേമത്ത് കനത്ത മത്സരമെന്നാണ് വിലയിരുത്തൽ. 10 മണ്ഡലങ്ങൾ നിലനിർത്തുന്നതിനൊപ്പം തിരുവനന്തപുരവും നേമവും പിടിച്ചെടുക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

    കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ

    തിരുവനന്തപുരം ജില്ല

    1. പാറശ്ശാല

    പാറശ്ശാല പിടിച്ച പാർട്ടി കേരള ഭരണം പിടിക്കുന്നതാണ് ചരിത്രം. 1980ന് ശേഷമുള്ള തെരഞ്ഞെടുപ്പ് ചിത്രം നോക്കിയാൽ ഇത് മനസ്സിലാക്കാനാകും. നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെടുന്ന ഈ മണ്ഡലം തെക്കേയറ്റത്ത് തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്നു. ഇവിടെ താമസിക്കുന്ന ജനങ്ങള്‍ മലയാളവും തമിഴും സംസാരിക്കുന്നു. അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയില്‍, കുന്നത്തുകാല്‍, ഒറ്റശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പാറശ്ശാല മണ്ഡലത്തില്‍ നിലവിലെ പ്രതിനിധി എല്‍ഡിഎഫിലെ സി കെ ഹരീന്ദ്രനാണ്.

    നാടാര്‍ വിഭാഗത്തിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് പാറശ്ശാല. 1957 മുതല്‍ ഉള്ള ചരിത്രം പരിശോധിച്ചാല്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയിച്ചിട്ടുള്ളതും നാടാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. നാടാര്‍ വോട്ടുബാങ്കിനെ നന്നായി പ്രയോജനപ്പെടുത്തിയതും കോണ്‍ഗ്രസ് തന്നെയാണ്. നാടാര്‍ വിഭാഗത്തില്‍ നിന്നുള്ള അന്‍സജിത റസ്സലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി നിശ്ചയിച്ചത്. 25 വര്‍ഷമായി ജില്ലാ പഞ്ചായത്തംഗമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍സജിത റസല്‍. അപ്രതീക്ഷിതമായി അട്ടിമറി നടക്കുന്ന മണ്ഡലമാണ് പാറശ്ശാല. 2016ല്‍ സി കെ ഹരീന്ദ്രൻ നേടിയത് 14000 ല്‍ ഏറെ ഭൂരിപക്ഷം. ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ ഹരീന്ദ്രനെ തന്നെയാണ് എല്‍ഡിഎഫ് നിര്‍ത്തിയിരിക്കുന്നത്.

    മണ്ഡലത്തിലെ 34 ശതമാനം നാടാര്‍ വോട്ടുകളിലാണ് ഇരുമുന്നണികളുടെയും കണ്ണ്. എന്‍ഡിഎ പിടിക്കുന്ന വോട്ടുകളാണ് ജയപരാജയങ്ങളെ നിര്‍ണയിക്കുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി 30,000 ത്തിന് മുകളില്‍ വോട്ടുകളാണ് മണ്ഡലത്തില്‍ എന്‍ഡിഎ നിലനിര്‍ത്തുന്നത്. ഇത്രയും നാള്‍ പരാജയപ്പെട്ടിട്ടും മണ്ഡലം വിടാതെ പ്രവര്‍ത്തിക്കുന്ന കരമന ജയനെ തന്നെയാണ് ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

    ലോക്സഭാ തിരഞ്ഞെടുപ്പില്‍ 69944 വോട്ടുകളാണ് മണ്ഡലത്തില്‍ യുഡിഎഫ് നേടിയത്. ഇവിടെ രണ്ടാം സ്ഥാനത്ത് വന്ന എല്‍ഡിഎഫ് 47942 വോട്ടുകളും എന്‍ഡിഎ 42887 വോട്ടും നേടി. എന്നാല്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണവും എല്‍ഡിഎഫിനാണ് ലഭിച്ചത്. മൂന്ന് സ്ഥലത്ത് യുഡിഎഫും ഒരെണ്ണത്തില്‍ ബിജെപിയും ഭരണം പിടിച്ചു.

    2. നേമം

    2016 ല്‍ ബിജെപി ജയിച്ചതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലം. കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയായി എത്തിയതോടെ ശക്തമായ ത്രികോണ മത്സരം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. സിറ്റിങ്ങ് സീറ്റ് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. മുൻ എംഎൽഎ വി ശിവൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർഥി. ഒ രാജഗോപാലിന് പകരം ഇത്തവണ മത്സരിക്കുന്നത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും.

    ആകെ വോട്ടര്‍മാരില്‍ 60 ശതമാനത്തില്‍ കൂടുതല്‍ ഭൂരിപക്ഷ വിഭാഗത്തിലുള്ളവര്‍. തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള മണ്ഡലത്തിലെ 21 വാര്‍ഡുകളില്‍ 14 എണ്ണത്തിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളാണ്. ബാക്കി ഏഴെണ്ണത്തില്‍ എല്‍ഡിഎഫും. അതിനാല്‍ മണ്ഡലം തങ്ങളുടെ ഉറച്ച കോട്ടയെന്ന ബിജെപി വാദത്തെ തള്ളാനും കഴിയില്ല. 2016ല്‍ രാജഗോപാലും ശിവന്‍കുട്ടിയും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജെഡിയുവിന്റെ വി സുരേന്ദ്രന്‍പിള്ളയ്ക്കു ലഭിച്ചത് വെറും 13,860 വോട്ട് മാത്രമാണ്. 2011 ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന എസ്.ജെ.ഡി സ്ഥാനാര്‍ഥി ചാരുപാറ രവി 20,248 വോട്ടുനേടിയ സ്ഥാനത്തുനിന്നാണ് ഈ വോട്ടുചോര്‍ച്ച. ഇവിടെ നിന്ന് വലിയൊരു വോട്ട് വിഹിതം നേടാനുള്ള ശ്രമത്തിലാണ് മുരളീധരനും. അതേസമയം മുരളീധരൻ കൂടുതൽ വോട്ട് പിടിക്കുന്നതോടെ അനായേസം വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വി ശിവൻകുട്ടി.

    3. വാമനപുരം

    ജില്ലയിലെ ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായി അറിയപ്പെടുന്ന വാമനപുരത്ത് ഇത്തവണ നടക്കുന്നത് ശക്തമായ മത്സരം. പാർലമെന്റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിലാണ് യുഡിഎഫ് പ്രതീക്ഷ വെക്കുന്നത്. 2011ലെ 4.24% വോട്ടിൽ നിന്ന് 2019ൽ 20.56 % വോട്ടിലെത്തിയ എൻഡിഎയുടെ ശക്തിപ്രകടനം ആരുടെ അടിത്തറയാണ് കവരുക എന്നതും ആകാംക്ഷ വർധിപ്പിക്കുന്നു. സിറ്റിങ് എംഎൽഎ ഡി കെ മുരളിയാണ് സിപിഎം സ്ഥാനാർഥി.

    മണ്ഡലം രൂപീകൃതമായതിന് ശേഷം ഇന്നുവരേയുള്ള 12 തെരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ മാത്രമാണ് വാമനപുരത്ത് സിപിഎം പരാജയപ്പെട്ടിട്ടുള്ളു. 1970 ലെ തെരഞ്ഞെടുപ്പിലായിരുന്നു അത്. കോണ്‍ഗ്രസിലെ എം കുഞ്ഞുകൃഷ്ണ പിള്ളയായിരുന്നു വിജയി. അതിന് ശേഷം ഒരിക്കല്‍ പോലും മണ്ഡലത്തില്‍ സിപിഎമ്മിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതേസമയം, മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും തോല്‍ക്കാത്ത സ്ഥാനാര്‍ത്ഥിയെന്ന പ്രത്യേകതയുമായാണ് ആനാട് ജയൻ എന്ന യുഡിഎഫ് സ്ഥാനാർഥി വരുന്നത്. വാമനപുരത്ത് ആ അപൂര്‍വ നേട്ടം ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മണ്ഡലത്തില്‍ സിപിഎം-സിപിഐ തര്‍ക്കം നിലനില്‍ക്കുന്നതും തങ്ങള്‍ക്ക് ഗുണകരമായി മാറുമെന്ന് യുഡിഎഫ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് സീറ്റ്. തഴവ സഹദേവനാണ് സ്ഥാനാർഥി. തദ്ദേശ തിരഞ്ഞെടുപ്പില്‍ 24200 വോട്ടുകള്‍ നേടാന്‍ സാധിച്ചതിലാണ് അവരുടെ പ്രതീക്ഷ. 9 പഞ്ചായത്തുകളുള്ള മണ്ഡലത്തില്‍ എല്‍ഡിഎഫ് അഞ്ചും യുഡിഎഫും നാലും പഞ്ചായത്തുകള്‍ ഭരിക്കുന്നു.

    4. വർക്കല

    വർക്കല നിലനിർത്താനും പിടിക്കാനും എൽഡിഎഫും യുഡിഫും തമ്മിൽ നടക്കുന്നത് ശക്തമായ മത്സരം. ഓരോ തെരഞ്ഞെടുപ്പുകളിലും കുതിച്ചുയരുന്ന വോട്ടുകളിലാണ് എൻഡിഎ പ്രതീക്ഷ. സിറ്റിംഗ് എംഎൽഎ വി ജോയിക്കെതിരെ യുവനേതാവ് ബിആർഎം ഷെഫീറാണ് യുഡിഎഫ് സ്ഥാനാർത്ഥി. എസ്ആർഎം അജിയാണ് എൻഡിഎ സ്ഥാനാർഥി. ഇടതിനും ഐക്യ മുന്നണിക്കും ഒരുപോലെ വേരുള്ള മണ്ഡലമാണ് വർക്കല. സിപിഎമ്മിന്റെ വർക്കല രാധാകൃഷ്ണൻ അഞ്ച് തവണയും കോൺഗ്രസിന്റെ വർക്കല കഹാർ മൂന്ന് തവണയും ഇവിടെ നിന്ന് തുടർച്ചയായി നിയമസഭയിലെത്തി. കഴിഞ്ഞ തവണ നാലാമങ്കത്തിൽ വർക്കല കഹാറിന് കാലിടറിയത് 2386 വോട്ടിന്. കഹാറിനെ മലർത്തിയടിച്ച വി ജോയി ഇന്ന് പയറ്റിതെളിഞ്ഞ ജനപ്രതിനിധിയായി കഴിഞ്ഞു.

    മണ്ഡലത്തിൽ പുതുമുഖമെങ്കിലും ചാനൽ ചർച്ചകളിലൂടെ സുപരിചിതനായ ബിആർഎം ഷഫീറിലൂടെ കൈ അകലത്തിൽ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പ്രതീക്ഷ നൽകുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നേടിയ 5684 വോട്ടിന്റെ ലീഡ്. മണ്ഡലത്തിലെ എൻഡിഎ മുന്നേറ്റം ഇരു മുന്നണികളും ശ്രദ്ധയോടെയാണ് കാണുന്നത്. 2016 ലെ 19,800 ൽ നിന്ന് ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും മുപ്പത്തിനാലായിരത്തിന് മുകളിലേക്ക് വോട്ട് വിഹിതം കൂട്ടി. വർക്കല നഗരസഭയിൽ പതിനൊന്ന് സീറ്റോടെ യുഡിഎഫിനെ പിന്തള്ളി പ്രതിപക്ഷത്തിരിക്കുന്നത് എൻഡിഎയുടെ ആത്മവിശ്വാസം കൂട്ടുന്നു. 25% വീതമുള്ള മുസ്ലിം ഈഴവ വോട്ടിലാണ് മുന്നണികളുടെ കണ്ണ്. നായർ വോട്ടുകളും നിർണായകം.

    5. കഴക്കൂട്ടം

    ഒരു സസ്പെൻസ് ത്രില്ലർ സിനിമ പോലെയാണ് ഇന്ന് കഴക്കൂട്ടം. ക്ലൈമാക്സിലെ ട്വിസ്റ്റ് കാത്തിരുന്നു തന്നെ കാണണം. 2016ലെ ക്ലൈമാക്സ് ആവർത്തിക്കുമെന്ന് എൽഡിഎഫ് പറയുന്നു. ശബരിമല വിഷയം സംസ്ഥാനത്ത് ഏറ്റവും ശക്തമായി ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണിപ്പോൾ കഴക്കൂട്ടം. മറ്റ് രണ്ട് സ്ഥാനാർഥികളും മണ്ഡലത്തിനു പുറത്തുള്ളവരാണെന്ന വാദമാണ് എൽഡിഎഫ് ക്യാംപ് ഉയർത്തുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കാനാകുമെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതീക്ഷ.

    ശോഭാ സുരേന്ദ്രനെ ഏറെ വൈകിയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെങ്കിലും പ്രചാരണ രംഗത്ത് ബിജെപി വളരെ പെട്ടെന്ന് മുന്നേറി. ഏഴ് തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത മണ്ഡലങ്ങളിൽ മത്സരിച്ച് ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ വർധിപ്പിച്ച ശോഭയുടെ 'മാജിക്' ഇവിടെയും ആവർത്തിക്കുമെന്ന് ബിജെപി കരുതുന്നു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഡോ.എസ്.എസ്.ലാൽ 'ശശി തരൂർ മോഡൽ' സ്ഥാനാർഥിയെന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. ജയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താൽ ലാലിലെ ആരോഗ്യമന്ത്രിയാക്കുമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.

    തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ ഒന്നു മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍ 14, 76,76,81 എന്നീ വാര്‍ഡുകളും ചേര്‍ന്നതാണ് മണ്ഡലം. 1980 മുതല്‍ 2016 വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥികളാണ്. എന്നാല്‍ ഇരുമുന്നണികളെയും പിന്തുണയ്ക്കുന്നതില്‍ പിശുക്ക് കാട്ടിയിട്ടുമില്ല. 2001 മുതല്‍ 2011 വരെ കോണ്‍ഗ്രസിലെ എം.എ വാഹിദാണ് മണ്ഡലത്തില്‍ വിജയിച്ചത്. 2016ല്‍ മണ്ഡലം കടകം പള്ളി സുരേന്ദ്രനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ മണ്ഡലം യുഡിഎഫിന് നഷ്ടപ്പെട്ടത് ബിജെപിയുടെ വോട്ടുവിഹിതത്തിലെ വര്‍ധനവ് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2016 ൽ വാഹിദിനെ പിന്തള്ളി ബിജെപി നേതാവ് വി.മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് മണ്ഡലം കൂടുതല്‍ ശ്രദ്ധ നേടുന്നത്. 2011 ല്‍ വെറും 7508 വോട്ടുണ്ടായിരുന്ന സ്ഥാനത്താണ് 42,732 എന്ന വമ്പന്‍ മുന്നേറ്റം മുരളീധരന്‍ കാഴ്ചവെച്ചത്. ഇതോടെ മണ്ഡലത്തില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. ത്രികോണ മത്സരം നടക്കുന്നതിനാല്‍ സമുദായങ്ങളുടെ നിലപാടും യുവാക്കളുടെ നിലപാടുകളും നിര്‍ണായകമായി തീരും

    കൊല്ലം ജില്ല

    1. കൊല്ലം

    പട്ടണത്തിന്റെ നല്ലൊരു ഭാഗവും അടങ്ങുന്ന കൊല്ലം സീറ്റിലെ വിജയവും മുന്നണികൾക്ക് അത്യാവശ്യമാണ്. സംസ്ഥാനത്തു കോൺഗ്രസും യുഡിഎഫും അതിശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണു കൊല്ലം. എഐസിസി നേതൃത്വം നിത്യേനയെന്നോണം പ്രവർത്തനം നിരീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്ന്. ഡിസിസി പ്രസിഡന്റും സംസ്ഥാനത്തെ വനിതാ നേതാവുമായ ബിന്ദു കൃഷ്ണ മത്സരിക്കുന്ന ഇവിടെ വിജയം ഉറപ്പെന്നു കോൺഗ്രസ് കണക്കെഴുതുമ്പോൾ, കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണു സിറ്റിങ് എംഎൽഎ എം. മുകേഷും എൽഡിഎഫ് ക്യാംപും. കൊല്ലം കോർപറേഷനിലെ 25 ഡിവിഷനുകളും തൃക്കരുവ, പനയം ഗ്രാമപഞ്ചായത്തുകളും ചേരുന്ന കൊല്ലം മണ്ഡലത്തിൽ, വോട്ടുബാങ്ക് രാഷ്ട്രീയം ഇരുമുന്നണികൾക്കും സുപരിചിതമാണ്.

    മണ്ഡലത്തിന്റെ പ്രധാന ഭാഗമാണു തീരദേശം. ഇവിടുത്തെ കടപ്പുറത്തു നിന്നാണു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വള്ളത്തിൽ കടലിൽ പോയതും മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചാടി വല വീശിയതും. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതിനെതിരെ ഏറെ സമരങ്ങൾ നടന്നതും ഈ മണ്ഡലത്തിലാണ്. നിശബ്ദ സാന്നിധ്യമായ ഉപരിമധ്യവർഗ- ഉപരി വർഗങ്ങൾ ഉൾപ്പെടുന്ന വോട്ടുബാങ്ക് ആർക്കൊപ്പം നിൽക്കും എന്നതു ശ്രദ്ധേയമാണ്. ഏറെക്കാലത്തിനു ശേഷം പ്രമുഖ മുന്നണിക്കു വേണ്ടി വനിതാ നേതാവ് മത്സരിക്കുന്നുവെന്നതും ഇത്തവണത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.

    2. കരുനാഗപ്പള്ളി

    അറബിക്കടലോരത്തെ മറ്റൊരു മണ്ഡലം. നിസ്സാര വോട്ടുകൾക്കു വഴുതിപ്പോയ സീറ്റു തിരിച്ചുപിടിക്കണമെന്ന വാശിയിലാണു സി ആർ മഹേഷും യുഡിഎഫും. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും അന്നു മുതൽ മണ്ഡലത്തിൽ ഓരോരുത്തർക്കുമൊപ്പം നിന്ന കോൺഗ്രസിലെ മഹേഷിന്റെ വിജയം ഇവിടെ മുന്നണിക്ക് അഭിമാന പ്രശ്നവുമാണ്. സീറ്റു നിലനിർത്താൻ പഴുതടച്ച പോരാട്ടത്തിലാണു സിറ്റിങ് എംഎൽഎ സിപിഐ യിലെ ആർ. രാമചന്ദ്രനും എൽഡിഎഫും. അതിനുള്ള ഓരോ ചുവടുവയ്പുകളും മണ്ഡലത്തിലുടനീളം പ്രചാരണ സാമഗ്രികളായി കാണാം. ബിജെപി സ്ഥാനാർഥി ബിറ്റി സുധീർ നിർണായക ശക്തിയായി രംഗത്തുണ്ട്.

    ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്കു കരാർ നൽകാനുള്ള സർക്കാർ തീരുമാനം ഇവിടെ സ്വാധീനിച്ചേക്കും. അതിനാൽ തീരദേശ മേഖലയിൽ പ്രത്യേക കരുതൽ നൽകുന്നുണ്ട് യുഡിഎഫ്. ഈ മണ്ഡലത്തിൽ പ്രസംഗിക്കുമ്പോഴാണ്, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, 5000 കോടി രൂപയ്ക്കു അറബിക്കടൽ അമേരിക്കൻ കമ്പനിക്കു വിറ്റുവെന്നു കടലിലേക്കു ചൂണ്ടി പറഞ്ഞത്. അതു എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റു മേഖലകൾ വഴി അതു മറികടക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ദേശീയ അധ്യക്ഷൻ ജെ പി നഡ്‍ഡ ഉൾപ്പെടെ പ്രചാരണത്തിനെത്തിയതു നേട്ടമാകുമെന്ന പ്രതീക്ഷ ബിജെപിയും വച്ചുപുലർത്തുന്നു.

    3. കുണ്ടറ

    അനായാസം ജയിച്ചുകയറാമെന്ന പ്രതീക്ഷ ഒരു ക്യാമ്പിനുമില്ല. ഇഎംസിസി കരാറും കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നവും തന്നെയാണ് മുഖ്യചര്‍ച്ച. ഒരുതവണ ജയിക്കുന്നയാളെ അടുത്തതവണ തോല്‍പ്പിക്കുന്നതാണ് കുണ്ടറ മണ്ഡലത്തിന്റെ പൊതുസ്വഭാവം. തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചിട്ടുള്ളത് എ എ റഹിമും (കോൺഗ്രസ് ) എം എ ബേബിയുമാണ്. ആ ചരിത്രത്തിന്റെ ഭാഗമാകാനാണ് ഇത്തവണ മേഴ്സിക്കുട്ടിയമ്മ ഇറങ്ങുന്നത്. ആറാമങ്കത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എത്തുമ്പോള്‍ മുമ്പ് മൂന്നുതവണ ജയിച്ച ആത്മവിശ്വാസവുമുണ്ട് അവര്‍ക്ക്. പക്ഷേ യുവനേതാവായ പി സി വിഷ്ണുനാഥിന്റെ വരവോടെ പോരാട്ടം കനത്തു. യുഡിഎഫ് ക്യാമ്പ് ആവേശത്തിലായി. കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍, കൊറ്റങ്കര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുണ്ടറ നിയോജക മണ്ഡലം. ഇരുമുന്നണികൾക്കൊപ്പവും മാറി മാറി നിന്നിട്ടുള്ള മണ്ഡലമാണ് കുണ്ടറ. എന്‍ഡിഎക്കുവേണ്ടി ബിഡിജെഎസിന്റെ വനജാ വിദ്യാധരനും സജീവമായി രംഗത്തുണ്ട്. ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ ഇഎംസിസിയുടെ ഡയറക്ടര്‍ ഷിജു എം. വര്‍ഗീസും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാര്‍ട്ടിയുടെ പേരില്‍ മത്സരിക്കുന്നുണ്ട്.

    4. പത്തനാപുരം

    ഗണേഷ് കുമാറിന്റെ കോട്ടയാണ് പത്തനാപുരം. വിവാദങ്ങൾക്കെല്ലാം വികസനംകൊണ്ട് മറുപടി നല്‍കിയാണ് ഗണേഷ് കുമാര്‍ പത്തനാപുരത്തിന്റെ മനസ്സ് അനുകൂലമാക്കിയത്. 20 വര്‍ഷത്തെ പരാജയമറിയാത്ത ജൈത്രയാത്ര. എന്നാൽ ഇത്തവണ ശക്തമായ വെല്ലുവിളിയാണ് ഗണേഷ് നേരിടുന്നതെന്നാണ് റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാര്‍ ചാമക്കാല മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണത്തിലാണ്. ഗണേഷിന് വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ ചാമക്കാലയ്ക്കും യുഡിഎഫിനും കഴിഞ്ഞിട്ടുണ്ട്. ക്രമേണ വോട്ട് വര്‍ധിപ്പിച്ചുവരുന്ന ബിജെപിയും ഉശിരന്‍ പോരാട്ടത്തിലാണ്.

    നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ തന്റെ പിഎ ശ്രമിച്ചുവെന്ന വിവാദമാണ് ഇത്തവണ ഗണേഷ് നേരിടുന്നത്. ഇതിനെ ചൊല്ലി മണ്ഡലത്തില്‍ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി. ഒപ്പം സമീപകാലത്തായി സിപിഐയുമായുള്ള പ്രശ്‌നങ്ങള്‍ പരസ്യവിമര്‍ശനത്തില്‍ വരെ എത്തിയത് എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ല. എന്‍എസ്എസ്സിന്റെ ഉറച്ച പിന്തുണ എല്ലാക്കാലത്തും ഗണേഷിനുണ്ടായിരുന്നു. 24,000 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ കടമ്പ. പൊരിഞ്ഞ പോരാട്ടത്തില്‍ സമവാക്യങ്ങള്‍ തുണയ്ക്കുകയും മികച്ച മത്സരം കാഴ്ചവെക്കാനാവുകയും ചെയ്താല്‍ അത് വിജയം കൊണ്ടുവരുമെന്നാണ് അവരുടെ പ്രതീക്ഷ. കൊല്ലം ജില്ലക്കാരനും മണ്ഡലത്തോട് അടുത്തുള്ള ആളുമാണ് ചാമക്കാല. മണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങളില്‍ സജീവമാണ്. കൂടാതെ മണ്ഡലത്തിലെ പ്രബല ശക്തികളായ എന്‍ എസ് എസ്, എസ് എന്‍ ഡി പി വോട്ടുകള്‍ കൂടി ലക്ഷ്യംവെച്ചാണ് ചാമക്കാലയെ തന്നെ ഇത്തവണ മണ്ഡലത്തില്‍ പോരിനിറക്കിയിരിക്കുന്നത്.

    കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല പഞ്ചായത്തുകളും പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി പഞ്ചായത്തുകളും ചേര്‍ന്നതാണ് പത്തനാപുരം നിയമസഭാ നിയോജക മണ്ഡലം.

    പത്തനംതിട്ട ജില്ല

    1. അടൂർ

    അ​ടൂ​രിൽ ഇത്തവണ ആവേശ മത്സരമാണ്. എ​ല്‍​ഡിഎ​ഫ് സ്ഥാ​നാ​ര്‍ഥി ചി​റ്റ​യം ഗോ​പ​കു​മാ​റും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി എം​ജി ക​ണ്ണ​നും കോ​ണ്‍ഗ്ര​സി​ല്‍നി​ന്ന് ബിജെ.പി​യി​ലെ​ത്തി എ​ന്‍.​ഡി.​എ​യു​ടെ സ്ഥാ​നാ​ര്‍ഥി​യാ​യി രം​ഗ​ത്തു​ള്ള കെ. ​പ്ര​താ​പ​നും തമ്മിലാണ് മത്സരം. 2010ല്‍ ​നി​യ​മ​സ​ഭ മ​ണ്ഡ​ലം പു​ന​ര്‍നി​ര്‍ണ​യ​ത്തി​നു​ശേ​ഷം അ​ടൂ​ര്‍, പ​ന്ത​ളം ന​ഗ​ര​സ​ഭ​ക​ള്‍, പ​ന്ത​ളം തെ​ക്കേ​ക്ക​ര, തു​മ്പ​മ​ണ്‍, കൊ​ടു​മ​ണ്‍, പ​ള്ളി​ക്ക​ല്‍, ക​ട​മ്പ​നാ​ട്, ഏ​റ​ത്ത്, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ കൂ​ടി​ച്ചേ​ര്‍ന്ന​താ​ണ് അ​ടൂ​ര്‍ നി​യ​മ​സ​ഭ നി​യോ​ജ​ക​മ​ണ്ഡ​ലം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​മ്പ​മ​ണ്‍ ഒ​ഴി​കെ മ​റ്റ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ല്‍ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍ത്തി​യ​പ്പോ​ള്‍ തു​മ്പ​മ​ണ്ണി​ല്‍ യുഡി​എ​ഫ് അ​ധി​കാ​രം തു​ട​ര്‍ന്നു. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലും കൊ​ടു​മ​ണ്‍ ഒ​ഴി​കെ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും എ​ന്‍ഡി​എ അ​ക്കൗ​ണ്ട്​ തു​റ​ന്നു.

    പ​ന്ത​ളം ന​ഗ​ര​സ​ഭ ബി.​ജെ.​പി​യാ​ണ് ഭ​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കു​റി നി​യ​മ​സ​ഭ മ​ത്സ​രം ക​ടു​ത്ത​താ​കും. 10 വ​ര്‍ഷം മ​ണ്ഡ​ല​ത്തി​ല്‍ പ​റ​യ​ത്ത​ക്ക ഒ​രു വി​ക​സ​ന​വും ചെ​യ്യാ​ന്‍ ചി​റ്റ​യ​ത്തി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും തു​ട​ര്‍ച്ച​യാ​യ 20 വ​ര്‍ഷം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ചെ​യ്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്നും അ​ടൂ​രി​ലു​ള്ള​തെ​ന്നും യു.​ഡി.​എ​ഫ് വാ​ദി​ക്കു​ന്നു. കോ​ണ്‍ഗ്ര​സി​ല്‍ അ​ര്‍ഹ​മാ​യ സ്ഥാ​നം ല​ഭി​ക്കാ​തെ നി​രാ​ശ​നാ​യ അ​ഡ്വ. കെ. ​പ്ര​താ​പ​നെ ത​ന്ത്ര​പ​ര​മാ​യി ബിജെപി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് സ്ഥാ​നാ​ര്‍ഥി​ത്വം ന​ല്‍കി മ​ത്സ​ര​രം​ഗ​ത്ത്​ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞ​തി​ലൂ​ടെ ബിജെ​പി ആ​ദ്യ​മാ​യി അ​ടൂ​രി​ല്‍ ന​ല്ല വോ​ട്ടു​ബാ​ങ്ക് തു​റ​ക്കു​മെ​ന്ന് തീ​ര്‍ച്ച​യാ​യി.

    സ​ഹ​പ്ര​വ​ർ​ത്ത​ക​ർ 10 രൂ​പ കൂ​പ്പ​ണു​മാ​യി ഓരോ വീ​ടും ക​യ​റി​യി​റ​ങ്ങി പി​രി​വെ​ടു​ത്താ​ണ്​ കെജി കണ്ണന്റെ പ്ര​ചാ​ര​ണ​ത്തി​ന്​ പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. തീ​ർ​ത്തും നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള ക​ണ്ണ​ന്റെ റ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ വോ​ട്ട​ർ​മാ​ർ ക​ണ്ണ​നെ കൈ​വി​ടി​ല്ലെ​ന്നു​ത​ന്നെ​യാ​ണ്​ യുഡി​എ​ഫിന്റെ വി​ല​യി​രു​ത്ത​ൽ.

    2. റാന്നി

    മുന്നണികൾക്കുള്ളിൽ മാറിയ സമവാക്യങ്ങൾ റാന്നിയുടെ തെരഞ്ഞെടുപ്പ് ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഇടതു- വലതു പാളയത്തിലെ നീക്കങ്ങൾക്കൊപ്പം പ്രതീക്ഷകളുമായി എൻഡിഎയും കണ്ണെറിയുമ്പോൾ മണ്ഡലം വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി വരുന്ന നിയമസഭ തെരഞ്ഞെടുപ്പ്, ജോസ് കെ. മാണി ഇടതുതട്ടകത്തിൽ എത്തിയതിനു പിന്നാലെ നടന്ന സീറ്റ് വിഭജനത്തിൽ അപ്രതീക്ഷിതമായി നൽകിയ മണ്ഡലം, അതിനെ ചൊല്ലി മുന്നണിയിൽ ഉടലെടുത്ത ഉൾപോര് ...ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് ഇത്തവണ ഈ മലയോര പ്രദേശത്തെ പോരാട്ടത്തിന്.

    പത്തനംതിട്ട ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളും ഇടത്തേക്കും വലത്തേക്കും നീങ്ങിയപ്പോഴും 25 വർഷമായി രാജു എബ്രഹാമിലൂടെ ചുവപ്പുകോട്ടയായി നിലനിന്ന മണ്ഡലമാണ് റാന്നി. 1996 ൽ കോൺഗ്രസിന്റെ പീലിപ്പോസ് തോമസിനെ തോൽപ്പിച്ചു കയ്യടക്കിയ റാന്നി പിന്നീടിതുവരെ അരിവാൾ ചുറ്റിക നക്ഷത്രത്തോടല്ലാതെ മറ്റൊന്നിനോടും ആഭിമുഖ്യം പുലർത്തിയിട്ടില്ല. എന്നാൽ രണ്ടുതവണ മത്സരിച്ച് ജയിച്ച് എംഎൽഎ ആയവർ ഇനി മത്സരരംഗത്ത് വേണ്ട എന്ന സിപിഎമ്മിന്റെ തീരുമാനം വന്നതോടെ അഞ്ചു തവണ റാന്നിയുടെ എംഎൽഎയായ രാജു എബ്രഹാമിന്റെ പേര് ഇടതുമുന്നണി റാന്നിയിൽ നിന്നു വെട്ടി. പത്തനംതിട്ട ജില്ലയിൽ ഒരു മണ്ഡലം തേടിയ പുതിയ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസിന് ഈ മണ്ഡലം വിട്ടു നൽകുകയും ചെയ്തു. ഇതോടെ 25 വർഷത്തിനിപ്പുറം വാശിയേറിയ ഒരു പോരാട്ടത്തിന് കളമൊരുങ്ങുകയാണ് റാന്നിയിൽ.

    ജോസ് കെ.മാണിയുടെ വിശ്വസ്തനും ജോസിന്റെ കേരള യാത്രയുടെ പ്രസംഗവേദിയിലെ തീപ്പൊരി പ്രാസംഗികനുമായ പ്രമോദ് നാരായണനാണ് ഇത്തവണ റാന്നിയിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി. എസ്എഫ്ഐയിലൂടെ വന്ന് കോൺഗ്രസിൽ കാലുകുത്തി ഒടുവിൽ കേരള കോൺഗ്രസിലേക്കു ചേക്കേറിയ ചരിത്രമാണ് പ്രമോദ് നാരായണന്. ക്രിസ്ത്യൻ വിഭഗത്തിൽപ്പെട്ടവർ വിജയിച്ച് കയറിയ ചരിത്രമുള്ള റാന്നിയിൽ എൽഡിഎഫ് പരിഗണിക്കുന്ന ആദ്യ ഹിന്ദു സ്ഥാനാർഥി കൂടിയാണ് പ്രമോദ്. രാജു എബ്രഹാമിനു മുൻപ് എംഎൽഎയായിരുന്ന എം സി ചെറിയാന്റെയും 2016 ൽ രാജു പരാജയപ്പെടുത്തിയ മറിയാമ്മ ചെറിയാന്റെയും മകനായ റിങ്കു ചെറിയാനെയാണ് കോൺഗ്രസ് ഇത്തവണ ഇവിടെ മത്സരരംഗത്തേക്ക് ഇറക്കിയിരിക്കുന്നത്. വോട്ടു വർധനയിലെ പ്രതീക്ഷയിൽ കണ്ണുവച്ച് ഇത്തവണയും പത്മകുമാറിനു തന്നെയാണ് സീറ്റ് നൽകിയത്.

    3. കോന്നി

    ഒന്നരവര്‍ഷം മുന്‍പ് നടന്ന ഏറ്റുമുട്ടലിന്റെ തനിയാവര്‍ത്തനമാണ് കോന്നിയില്‍ ഇപ്പോള്‍ നടക്കുന്നത്. എല്‍ഡിഎഫ്, എന്‍ഡിഎ പക്ഷങ്ങളില്‍ പഴയ പടനായകര്‍തന്നെ. യുഡിഎഫാകട്ടെ റോബിൻ പീറ്ററെ കളത്തിലിറക്കി. എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും അതിവേഗംതന്നെ പ്രചാരണത്തില്‍ ഒപ്പമെത്തി. 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കെ യു ജനീഷ് കുമാര്‍ മണ്ഡലം പിടിച്ചെടുത്തത്. തിരിച്ചുപിടിച്ച കോന്നി നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് എല്‍ഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്ററിനായി അടൂര്‍ പ്രകാശ് എംപി മണ്ഡലത്തില്‍ സജീവമാണ്. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവും റോഡ് ഷോയും യുഡിഎഫ്. ക്യാമ്പിന് ആത്മവിശ്വാസം കൂട്ടി. കെ. സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതാണ് മണ്ഡലം ഏറെ രാഷ്ട്രീയശ്രദ്ധ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം.

    ശബരിമലയോട് അടുത്തു സ്ഥിതിചെയ്യുന്ന മണ്ഡലമെന്നനിലയില്‍ ശബരിമല ആചാര സംരക്ഷണം കോന്നിയില്‍ പ്രചാരണത്തില്‍ ഉയരുന്നുണ്ട്. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കാന്‍ എന്‍ഡിഎയും യുഡിഎഫും ഒരേപോലെ ശ്രമിക്കുന്നു. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ നിലപാട് എടുത്തത് തങ്ങളാണെന്ന് യുഡിഎഫും എന്‍ഡിഎയും ഒരേപോലെ അവകാശപ്പെടുന്നുണ്ട്. ഇരുമുന്നണികളും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും വിശ്വാസികളുടെ താത്പര്യത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എല്‍ഡിഎഫ് പറയുന്നു.

    ആലപ്പുഴ

    1. കായംകുളം

    മുതിര്‍ന്ന നേതാക്കള്‍ അങ്കംവെട്ടിയ മണ്ഡലത്തില്‍ ഇത്തവണ രണ്ടു യുവമങ്കമാരാണ് എൽഡിഎഫിനും യുഡിഎഫിനും വേണ്ടി അണിനിരക്കുന്നത്. മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ കരുത്തില്‍ രണ്ടാമൂഴം തേടിയാണ് സിപിഎമ്മിന്റെ യു പ്രതിഭ വീണ്ടും മല്‍സരരംഗത്തിറങ്ങിയത്. സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ജനകീയപ്രവര്‍ത്തനങ്ങളും ഇടതു കുതിപ്പിന് കരുത്താകുമെന്ന് പ്രതിഭ പറയുന്നു. മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇടതുക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

    പ്രതിഭയെ നേരിടാന്‍ കോണ്‍ഗ്രസ്, 'പാല്‍ക്കാരി പെണ്‍കുട്ടി' അരിത ബാബുവിനെ കളത്തിലിറക്കിയതോടെയാണ് കായംകുളം സംസ്ഥാന ശ്രദ്ധയിലേക്കെത്തുന്നത്. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളമുറക്കാരിയെ യുഡിഎഫ് രംഗത്തിറക്കിയത്. പുലര്‍ച്ചെ പശുപരിപാലനത്തില്‍ അച്ഛനെ സഹായിച്ച്, സൊസൈറ്റിയില്‍ പാലുമെത്തിച്ച ശേഷമാണ് അരിത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കായംകുളം സ്വദേശി സ്ഥാനാര്‍ത്ഥിയാവുന്നത്. 15 വര്‍ഷത്തോളമായി വിദ്യാര്‍ത്ഥി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്തുണ്ട് അരിത ബാബു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി. 2015 ല്‍ കൃഷ്ണപുരം ഡിവിഷനില്‍ നിന്നും വിജയിച്ച് ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്. അന്നു ലഭിച്ച യുവപരിവേഷം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് അരിത ബാബു.

    ഈഴവസമുദായത്തിന് സ്വാധീനമേറെയുള്ള കായംകുളത്ത് ബിഡിജെഎസ് ആണ് എന്‍ഡിഎ സഖ്യത്തില്‍ മല്‍സരിക്കുന്നത്. എസ്എന്‍ഡിപി യോഗം കായംകുളം യൂണിയന്‍ സെക്രട്ടറിയായ പി പ്രദീപ് ലാലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ മുക്കാല്‍ ലക്ഷത്തോളം എസ്എന്‍ഡിപി വോട്ടുകളിലാണ് ബിഡിജെഎസിന്റെ കണ്ണ്.

    2. അമ്പലപ്പുഴ

    ഹാട്രിക് വിജയം നേടിയ മന്ത്രി ജി. സുധാകരനെ മാറ്റിനിര്‍ത്തി ജില്ലാ കമ്മിറ്റിയംഗം എച്ച്. സലാമിനെ രംഗത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും സിപിഎം ചിന്തിക്കുന്നില്ല. ജി. സുധാകരന്റെ ശക്തമായ പിന്തുണകൂടിയാകുമ്പോള്‍ കൂടുതല്‍ വോട്ടുകിട്ടുമെന്നുതന്നെയാണ് എല്‍ഡിഎഫ്. കരുതുന്നത്. എന്നാല്‍, മണ്ഡലത്തിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. എം. ലിജു എത്തിയതോടെ വിജയപ്രതീക്ഷയിലാണ് യുഡിഎഫ്. പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായി അനൂപ് ആന്റണിയെ എന്‍ഡിഎ രംഗത്തിറക്കിയിട്ടുള്ളത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ഹിന്ദുത്വ വോട്ട് ഏകീകരണത്തിനപ്പുറം ന്യൂനപക്ഷവിഭാഗങ്ങളുടെകൂടി വോട്ടുചോര്‍ത്തലാണ് ഇക്കുറി ലക്ഷ്യമാക്കിയിരിക്കുന്നത്.

    ആലപ്പുഴ നഗരസഭയിലെ 25 വാർഡുകൾ, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ എന്നിവ ചേർന്ന മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം.

    3. ആലപ്പുഴ

    ആലപ്പുഴ നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും പൊരിഞ്ഞ പോരാട്ടത്തിലാണ്. വിജയപ്രതീക്ഷയോടെ എന്‍ഡിഎയും ഒപ്പമുണ്ട്. ആലപ്പുഴയില്‍നിന്ന് രണ്ടുതവണ ജയിച്ച മന്ത്രി തോമസ് ഐസക്കിനെ മാറ്റിനിര്‍ത്തിയാണ് ഇക്കുറി പി പി ചിത്തരഞ്ജനെ ഇറക്കിയത്. വോട്ടുചോദിക്കാന്‍ ഐസക്ക് മുന്‍പന്തിയിലുണ്ട്. ഇത് പ്ലസ്പോയിന്റാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുക്യാമ്പ്. മത്സ്യത്തൊഴിലാളി നേതാവായ ചിത്തരഞ്ജന്റെ വരവ് മുന്‍പെങ്ങുമില്ലാത്തവിധം തീരദേശമേഖലയില്‍നിന്ന് കൂടുതല്‍ വോട്ടുകിട്ടാനിടയാക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.

    2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എം സുധീരനെ അട്ടിമറിച്ച ഡോ. കെ എസ് മനോജാണ് യുഡിഎഫിന്റെ തുറുപ്പുചീട്ട്. മനോജ് ഇടത്തുനിന്ന് വലത്തോട്ടെത്തിയപ്പോള്‍ത്തന്നെ ആലപ്പുഴയിലെ സ്ഥാനാര്‍ഥിത്വം ഏതാണ്ടുറപ്പിച്ചിരുന്നു. അന്നുമുതലേ അദ്ദേഹം മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തു. ഇത് യുഡിഎഫിന് ഗുണംചെയ്യുമെന്നാണ് കരുതുന്നത്. ലത്തീന്‍ വിഭാഗക്കാരനായ മനോജിന് തീരദേശമേഖലയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഒരുകാലത്ത് കെ സി വേണുഗോപാലിലൂടെ കുത്തകയാക്കിയിരുന്ന മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു.

    ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനായിരുന്ന സന്ദീപ് വാചസ്പതിയെയാണ് എന്‍ഡിഎ ഇക്കുറി രംഗത്തിറക്കിയിട്ടുള്ളത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കൊപ്പം ആലപ്പുഴയിലെ യുവവോട്ടര്‍മാരെ സ്വാധീനിക്കാന്‍ സന്ദീപിനു കഴിയുമെന്നാണ് എന്‍ഡിഎയുടെ വിശ്വാസം. ഒപ്പം ഹൈന്ദവ വോട്ടുകളിലും ഏറെ പ്രതീക്ഷയുണ്ട്. മന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞതവണ 83,211 വോട്ടാണ് കിട്ടിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 53.29 ശതമാനം വരുമിത്. യുഡിഎഫിന്റേത് 33.42 ശതമാനവും. ഐസക്കിന് കിട്ടിയത് 31,032 വോട്ടിന്റെ ഭൂരിപക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ ആലപ്പുഴ നിയമസഭാ മണ്ഡലം ഇടതിനൊപ്പം നിന്നില്ല. 69 വോട്ട് യുഡിഎഫിന് കൂടുതല്‍ കിട്ടി.

    First published:

    Tags: Alappuzha, Kerala Assembly Election 2021, Kollam, Pathanamthitta, Thiruvananthapuram, Udf