• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊന്നാനിയിൽ ശ്രീരാമകൃഷ്ണനെ മാറ്റിയതിൽ പ്രതിഷേധം; ശ്രീരാമകൃഷ്ണനോ ടിഎം സിദ്ദിഖോ മൽസരിക്കണം എന്ന് ആവശ്യം

പൊന്നാനിയിൽ ശ്രീരാമകൃഷ്ണനെ മാറ്റിയതിൽ പ്രതിഷേധം; ശ്രീരാമകൃഷ്ണനോ ടിഎം സിദ്ദിഖോ മൽസരിക്കണം എന്ന് ആവശ്യം

സിപിഎം മലപ്പുറം ജില്ല കമ്മിറ്റി പി ശ്രീരാമകൃഷ്ണൻ തന്നെ പൊന്നാനിയിൽ മത്സരിക്കണം എന്ന നിലപാടിൽ ആണ്

  • Last Updated :
  • Share this:
മലപ്പുറം: പൊന്നാനിയിൽ നിന്നും പി ശ്രീരാമകൃഷ്ണനെ  മാറ്റിയതിനും പകരം പി നന്ദകുമാറിനെ പരിഗണിക്കുന്നതിലും പ്രതിഷേധം ഉയരുന്നു. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ശ്രീരാമകൃഷ്ണനു വേണ്ടി പോസ്റ്റർ പതിച്ചു. ശ്രീരാമകൃഷ്ണൻ മാറുന്ന സാഹചര്യത്തിൽ കോൺഗ്രസും ഇവിടെ  മുതിർന്ന നേതാക്കളെ പരിഗണിക്കുന്നുണ്ട്.

സിപിഎം മലപ്പുറം ജില്ല കമ്മിറ്റി പി ശ്രീരാമകൃഷ്ണൻ തന്നെ പൊന്നാനിയിൽ മത്സരിക്കണം എന്ന നിലപാടിൽ ആണ്. ശ്രീരാമകൃഷ്ണൻ ആണെങ്കിൽ സീറ്റ് ഉറപ്പാണ്, അല്ലെങ്കിൽ കടുത്ത മൽസരം നടത്തേണ്ടി വരും എന്നാണ് വിലയിരുത്തൽ. എന്നാൽ സംസ്ഥാന നേതൃത്വം നിബന്ധനയിൽ ഇളവ് നൽകേണ്ട എന്ന നിലപാടിലും.

ആ സാഹചര്യത്തിലാണ് പി നന്ദകുമാറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടത്. അതേസമയം പൊന്നാനിയിൽ ശ്രീരാമകൃഷ്ണന് വേണ്ടി പ്രതിഷേധം പോസ്റ്റർ രൂപത്തിൽ വന്നു കഴിഞ്ഞു. ഉറപ്പാണ് കേരളം,  ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ എന്നാണ് പോസ്റ്ററിൽ ഉള്ളത്.

സി ഐ ടി യു ദേശീയ നേതാവ് പി നന്ദകുമാറിനെ ആണ് സംസ്ഥാന നേതൃത്വം ശ്രീരാമകൃഷ്ണന് പകരം ഉദ്ദേശിക്കുന്നത്. ഇതിന് എതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ജില്ലാ സെക്രട്ടെറിയറ്റ് അംഗം ടി എം സിദ്ദീഖിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് ഉന്നയിച്ചത് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലാ നേതൃത്വം പി ശ്രീരാമകൃഷ്ണനോ സിദ്ദീഖോ വേണമെന്ന നിലപാടിൽ എത്തിയാൽ ഒരു പക്ഷേ സംസ്ഥാന നേതൃത്വം നന്ദകുമാറിനെ മാറ്റിയേക്കും.

You may also like:മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതങ്ങളുടെ പ്രസക്തി; മന്ത്രി കെ.ടി. ജലീലിന്റെ പഴയ പ്രസംഗ വീഡിയോ പുറത്ത്

പി ശ്രീരാമകൃഷ്ണന് പകരം മറ്റാരെങ്കിലും ആണ് സ്ഥാനാർഥി ആകുന്നത് എങ്കിൽ കോൺഗ്രസും സ്ഥാനാർഥി നിർണയത്തിൽ പുനർ വിചിന്തനം നടത്തും. നിലവിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ സിദ്ദീഖ് പന്താവൂർ, എ എം രോഹിത് എന്നിവരുടെ പേരാണ് കോൺഗ്രസ് പട്ടികയിൽ.

ഇവർക്ക് പകരം ഏതെങ്കിലും ഒരു മുതിർന്ന നേതാവ് വരാനും സാധ്യത ഉണ്ട്. പൊന്നാനി, തവനൂർ സീറ്റുകൾ എ , ഐ ഗ്രൂപ്പുകൾ വെച്ച് മാറി പൊന്നാനി ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനും നീക്കം ഉണ്ട്.

നിലവിൽ നിലമ്പൂർ സീറ്റിന് വേണ്ടി ഡിസിസി പ്രസിഡന്റ് വിവി പ്രകാശും ആര്യാടൻ ഷൗക്കത്തും തമ്മിൽ ആണ് തർക്കം. വി വി പ്രകാശിന് ആണ് സാധ്യത എങ്കിലും ആര്യാടൻ ഷൗക്കത്തിന് വേണ്ട പരിഗണന നൽകിയില്ല എങ്കിൽ അത് മേഖലയിൽ ഒരുപക്ഷേ തിരിച്ചടി ഉണ്ടാക്കും.

തവനൂരിലേക്ക് നിർദേശിച്ചു എങ്കിലും ആര്യാടൻ ഷൗക്കത്ത് അതിനോട് താത്പര്യം കാണിച്ചില്ല. ഈ ഘട്ടത്തിൽ ആണ് പി ശ്രീരാമകൃഷ്ണനെ വീണ്ടും മൽസരിപ്പിക്കേണ്ട എന്ന് സിപിഎം നിശ്ചയിക്കുന്നത്.  മാറിയ സഹചര്യത്തിൽ പൊന്നാനി പിടിക്കാനും നിലമ്പൂർ സീറ്റിലെ പ്രശ്നം പരിഹരിക്കാനും ഇത് ഒരു അവസരമാക്കാൻ ആണ് കോൺഗ്രസ് നീക്കം.  പക്ഷേ യൂത്ത് കോൺഗ്രസ് ഈ നീക്കത്തിന് എതിരെ പ്രതിഷേധം ഉയർത്തും എന്നും ഉറപ്പാണ്.
Published by:Naseeba TC
First published: