തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എത്ര എം.പിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇനിയും എത്രപേർ തിരിച്ചെത്തുമെന്ന ചർച്ച സജീവമായിരിക്കുന്നത്. സംസ്ഥാനത്തെ 20 എം.പിമാരിൽ പത്തൊൻപതും യു.ഡി.എഫ് പ്രതിനിധികളാണ്. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെയാകും ഈ ചോദ്യം പ്രധാനമായും നിർണയിക്കുക.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വികാരമാണ് ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലുണ്ടായത്. സംസ്ഥാനത്തെ ഭരണ കക്ഷിയായ ഇടതു മുന്നണിയെ പോലും ഞെട്ടിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഇരുപത് സീറ്റുകളില്‍ 19 എണ്ണത്തിലും യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ചുകയറി. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരം പിടിക്കുന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ ഭൂരിപക്ഷം വോട്ടർമാരും. സംസ്ഥാന സർക്കാരിനെതിരെയ ഭരണ വിരുദ്ധ വികാരവും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാർഥിപ്പട്ടികയുമാണ് യു.ഡി.എഫ് വിജയത്തിനു പിന്നിലെ മറ്റു കാരണങ്ങൾ.
തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും യു.ഡി.എഫ് എം.പിമാരിൽ പലരും നിരാശരായിരുന്നു എന്നതാണ് യാഥാർഥ്യം. എം.എൽ.എ സ്ഥാനം ഉപേക്ഷിച്ചും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച പലരുടെയും ലക്ഷ്യം ദേശീയ രാഷ്ട്രീയമായിരുന്നു. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനേറ്റ തിരിച്ചടി ഈ നേതാക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്കും തടയിട്ടു.
കേന്ദ്രത്തിൽ അടുത്ത നാലു വർഷത്തേക്ക് അധികാരത്തിൽ എത്താൻ സാധ്യതയില്ലെന്ന യാഥാർഥ്യവും കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ എത്താനുള്ള സാധ്യതയുണ്ടെന്നതുമാണ് പല എം.പിമാരെയും മടങ്ങിയെത്താൽ പ്രേരിപ്പിക്കുന്നത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിസഭയിലെ പ്രധാനികളാകേണ്ടവരാണ് മൂന്നിലൊന്ന് എം.പിമാരും. ഇതിൽ കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുമാണ്. എന്നാൽ ഇതിൽ എം.എൽ.എ സ്ഥാനം ഉപേക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇവരിൽ പലർക്കും എം.പി സ്ഥാനം ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് പ്രായോഗികമല്ല. മാത്രമല്ല കെ. മുരളീധരനും അടൂർ പ്രകാശും രാജി വച്ചൊഴിഞ്ഞ നിയമസഭാ സീറ്റുകൾ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നഷ്ടപ്പെടുകയും ചെയ്തു.
അതേസമയം കേന്ദ്രത്തിൽ അധികാരമില്ലെന്ന തിരിച്ചറിവും സംസ്ഥാനത്ത് നയിക്കാൻ ആളില്ലെന്നതുമാണ് മുസ്ലീം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി നയിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയെങ്കിലും കോൺഗ്രസ് എം.പിമാർക്ക് ഇതുപോലൊരു മടങ്ങി വരവ് അത്ര എളുപ്പമാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, Assembly election, Congress, Udf