• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്ഥാനാത്ഥിയെ കെട്ടിയിറക്കിയാൽ വലിയ വില നൽകേണ്ടി വരും'; ധർമ്മജനെതിരെ നിലപാട് കടുപ്പിച്ച് ദളിത് കോൺഗ്രസ്

'സ്ഥാനാത്ഥിയെ കെട്ടിയിറക്കിയാൽ വലിയ വില നൽകേണ്ടി വരും'; ധർമ്മജനെതിരെ നിലപാട് കടുപ്പിച്ച് ദളിത് കോൺഗ്രസ്

ധർമ്മജനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി യു.ഡി.എഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

ധർമ്മജൻ

ധർമ്മജൻ

  • Last Updated :
  • Share this:
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കുവാനുള്ള നീക്കത്തിന് എതിരെ കോൺഗ്രസ് പാർട്ടിയിലും മുന്നണിയിലും എതിർപ്പുകൾ കൂടുതൽ ശക്തമാകുന്നു. പ്രവർത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയാൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ദളിത് കോൺഗ്രസ് നിലപാട്. പാർട്ടിക്കുവേണ്ടി കാലങ്ങളായി പ്രവർത്തിക്കുന്നവരെയാണ് സ്ഥാനാർത്ഥിയാക്കേണ്ടത്. ധർമ്മജൻ വേണമെങ്കിൽ ധർമ്മടത്ത് മത്സരിക്കട്ടെയെന്നും ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഹരീഷ് കുമാർ പറഞ്ഞു.

ധർമ്മജനെ പാർട്ടിയിലെ ചിലർ ബാലുശ്ശേരി മണ്ഡലത്തിലേക്ക് കെട്ടി ഇറക്കുവാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന് മണ്ഡലത്തിൽ യാതൊരു സ്വാധീനവുമില്ല. സാധാരണ പ്രവർത്തകരുടെ വികാരം മനസിലാക്കാതെ ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയാൽ റിബൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന കാര്യവും ദളിത് കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്നും ഹരീഷ് കുമാർ ന്യൂസ് 18 നോട് പറഞ്ഞു.

ധർമ്മജനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി യു.ഡി.എഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. നടിയെ അക്രമിച്ച കേസില്‍ നടനെ പിന്തുണച്ചത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ ഇടയാക്കും. ഇതിന് മറുപടി പറയേണ്ടി വരുമെന്നും യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

You may also like:നടിക്കെതിരായ ആക്രമണം ചർച്ചയാകും; ധർമ്മജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കുന്നതിനെതിരെ കെപിസിസിക്ക് പരാതി

മികച്ച പ്രതിച്ഛായയില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ മറ്റൊരു ആരോപണം. ധര്‍മ്മജനെ ഉയര്‍ത്തിക്കാട്ടുന്നത് തിരിച്ചടിയാകും. സോഷ്യല്‍ മീഡിയയിലും എതിര്‍പ്പ് ഉയരുന്നുണ്ട്. ധര്‍മ്മജന് പകരം യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.പി.സി.സിയുടെ പരിഗണനയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പുറമേ ദളിത് ആക്ടിവിസ്റ്റ് വിപിന്‍ കൃഷ്ണന്‍, എന്‍.ജി.ഒ അസോസിയേഷന്‍ നേതാവ് മധു എന്നിവരുടെ പേരുകളാണ് ഉള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകനാണ് വിപിന്‍ കൃഷ്ണന്‍. കോഴിക്കോട് എം.പി എം.കെ രാഘവന്‍ മധുവിനെ പിന്തുണയ്ക്കുന്നുണ്ട്.

You may also like:'ഈ സർക്കാർ ലോക തോൽവി; ഭരണത്തുടർച്ച ഉണ്ടാകാതിരിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യും': ധർമജൻ ബോൾഗാട്ടി

അതിനിടയിൽ ധർമ്മജന് എതിരെ യു.ഡി.എഫ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മറ്റിയിലെ അഭിപ്രായ ഭിന്നതയും മറനീക്കി പുറത്ത് വന്നു. ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കത്തുമായി യുഡിഫ് കൺവീനർ എന്ന നിലയിൽ എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിസാർ ചേലേരി വ്യക്തമാക്കി. കത്തിൽ കൺവീനറുടെ പേരും ഒപ്പും ഉള്ളതായി ശ്രദ്ധയപ്പെട്ടിട്ടുണ്ട്. എന്നാൽ താൻ ഈ കത്തിൽ ഒപ്പ് വെച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ യുഡിഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 3 മേഖല ക്യാമ്പുകൾ നടത്തുന്നതിനെ കുറിച്ചും ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളുടെ ക്യാമ്പ് നടത്തുന്നതിനെ സംബന്ധിച്ചും വോട്ട് ലിസ്റ്റിൽ പേര് ചേർക്കുന്നത് ഊർജിതമാക്കുന്നതിനെ സംബന്ധിച്ച ചർച്ചയും തീരുമാനങ്ങളുമാണ് ഉണ്ടായത്.

യോഗത്തിൽ ക്രിയത്‌മകമായ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ഥാനാർഥി നിർണ്ണായവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കത്ത് മേൽകമ്മിറ്റികൾക്ക് നൽകാൻ തീരുമാനം എടുത്തിട്ടില്ല.

ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ കോൺഗ്രസ്‌ മത്സരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാർഥിയെയും വിജയിപ്പിക്കാൻ രംഗത്തിറങ്ങുക എന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാടും പാരമ്പര്യവും.

ആയതിനാൽ ബാലുശ്ശേരിയിൽ യുഡിഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാർഥിയെയും വിജയിപ്പിക്കാൻ പാർട്ടി നിശ്ചയിച്ച കൺവീനർ എന്ന നിലയിൽ നേതൃപരമായ പങ്ക് നിർവഹിക്കുമെന്ന് ഉറപ്പൂ നൽകുന്നതായി നിസാർ ചേലേരി അറിയിച്ചു.
Published by:Naseeba TC
First published: