തിരുവനന്തപുരം: സീറ്റ് വിഭജനം തീരുമാനിക്കാനുള്ള എൻഡിഎ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമായി. മാർച്ച് പത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് നീക്കം. ഇന്ന് നടന്ന ചർച്ചയിൽ സീറ്റുകളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രണ്ടാമത്തെ വലിയ കക്ഷിയായ ബിഡിജെഎസിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം ഒരു വാർഡിൽ ഒതുങ്ങിയിരുന്നു.
കൂടാതെ ബിഡിജെഎസ് പിളർന്നുണ്ടായ ബിജെഎസ് യുഡിഎഫിലേക്കും പോയി. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ നൽകിയ 37 സീറ്റ് ബിഡിജെഎസിന് നൽകില്ല. മാത്രമല്ല സംഘടനാ സംവിധാനം ദുർബലമായ മലബാറിൽ ഉൾപ്പെടെ സീറ്റുകൾ കഴിഞ്ഞ തവണത്തെ പോലെ വേണ്ടെന്നാണ് ബി ഡി ജെ എസിന്റേയും നിലപാട്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി സമ്മർദ്ദം ചെലുത്തിയാൽ വർക്കലയോ, കോന്നിയോ ചോദിക്കും.
നിലവിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന നിലപാടിലാണ് തുഷാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുമെന്ന് തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കണമെന്ന് പല സ്ഥലത്ത് നിന്നും ആവശ്യമുണ്ട്. എന്നാൽ മത്സരിക്കേണ്ടെന്നാണ് തീരുമാനം. എസ്എൻഡിപിയുടെ മാത്രമല്ല എല്ലാ സമുദായ സംഘടനകളുടെയും പിന്തുണ ബിഡി ജെ എസിന് ഉണ്ടെന്നും തുഷാർ പ്രതികരിച്ചു.
You may also like:സമരം ചെയ്ത എൽജിഎസ് ഉദ്യോഗാർഥികളെ സർക്കാർ ആശിപ്പിച്ച് വഞ്ചിച്ചു; കെമാൽ പാഷ
എൻഡിഎയിൽ തിരിച്ചെത്തിയ കേരള കോൺഗ്രസ് പിസി തോമസ് നാല് സീറ്റിന്റെ സ്ഥാനത്ത് എല്ലാ ജില്ലയിലും ഒരു സീറ്റ് ചോദിക്കും. ബിജെപിയ്ക്ക് മുന്നേറ്റമുള്ള തിരുവനന്തപുരം, ചെങ്ങന്നൂർ, ആറന്മുള സീറ്റുകൾ വരെ അവർ ആഗ്രഹിക്കുന്നുണ്ട്.16 സീറ്റുകൾ ചോദിച്ചതായി ചർച്ചയ്ക്ക് ശേഷം പി സി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
You may also like:'ഇ.ഡി.കോമാളികളുടെ കൂട്ടം; കിഫ്ബി എന്താണെന്ന് പോലും മനസിലാക്കാതെയാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്' : തോമസ് ഐസക്ക്
സ്ഥാനാർത്ഥികളെ ഉയർത്തിക്കാട്ടിയാണ് സീറ്റ് ചോദിച്ചത്. മധ്യകേരളത്തിൽ മാത്രമല്ല സ്വാധീനമുള്ള മറ്റ് ജില്ലകളിലും സീറ്റ് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുമോയെന്ന ചോദ്യത്തിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി സി യുടെ മറുപടി. പാല സീറ്റ് നൽകുന്നതടക്കം ബി ജെ പി ക്ക് അനുകൂല സമീപനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച കോവളം സീറ്റ് ഏറ്റെടുക്കാൻ ബിജെപി ചിന്തിക്കുമ്പോൾ, പിസി തോമസും, കാമരാജ് കോൺഗ്രസും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. കോവളം
കിട്ടിയില്ലെങ്കിൽ ബിജെപി മുന്നേറുന്ന കാട്ടാക്കടയോ, പാറശാലയോ ലഭിക്കാതെ വിട്ടുവീഴ്ചയില്ലെന്നാണ് വിഎസ് ഡിപി പിന്തുണയുള്ള കാമരാജ് കോൺഗ്രസിന്റെ നിലപാട്.
മാത്രമല്ല വിഷ്ണുപുരം ചന്ദ്രശേഖരന് വേണ്ടി നെയ്യാറ്റിൻകരയും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും എൻഡിഎയുടെ ഉഭയകക്ഷി ചർച്ച സുഗമമല്ല. പാർട്ടി മുൻ ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എത്തുമ്പോഴേക്കും സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കാനാണ് ബിജെപി നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Assembly Elections 2021, Nda, PC Thomas, Thushar vellappally