തിരുവനന്തപുരം: കെ.എം. മാണിയെ ചതിച്ചതും ധൃതരാഷ്ട്രാലിംഗനം നടത്തിയതും ആരെന്ന തർക്കത്തിൽ ചൂടുപിടിച്ച് കേരള നിയമസഭ. സിപിഎമ്മിന് കേരളാ കോൺഗ്രസിനോടുള്ള ഇപ്പോഴത്തെ സ്നേഹം ധൃതരാഷ്ട്രാലിംഗനമാണെന്നാണ് യുഡിഎഫ് നേതാക്കളുടെ അഭിപ്രായം. എന്നാൽ മാണിയെ ചതിച്ചതും ധൃതരാഷ്ട്രാലിംഗനം നടത്തിയതും യുഡിഎഫും കോൺഗ്രസ് നേതാക്കളുമാണെന്നു കേരളാ കോൺഗ്രസ് എംഎൽഎ ജോബ് മൈക്കിൾ തിരിച്ചടിച്ചു.
മാണിയെ ആക്ഷേപിച്ചവർക്കൊപ്പമിരിക്കാൻ നാണമുണ്ടോയെന്ന് വി.ഡി. സതീശൻകെ.എം. മാണി അഴിമതിക്കാരനാണെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ആ വാദം പിന്‍വലിച്ചു. കോഴ വാങ്ങിയത് മാണി ആണെങ്കിലും നാണക്കേട് കേരളത്തിനാണെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആക്ഷേപിച്ചത്. കേഴ വാങ്ങിയ മാണി കോഴപ്പണം എണ്ണാന്‍ വീട്ടില്‍ യന്ത്രം സൂക്ഷിച്ചെന്നു വരെ ആക്ഷേപിച്ചു.
നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായ മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി നിങ്ങള്‍ക്ക് നാണമുണ്ടോ എന്നു പോലും ചോദിച്ചു. ഇങ്ങനെ ആക്ഷേപിച്ചവര്‍ക്കൊപ്പം ഇപ്പോള്‍ മന്ത്രിയായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിക്ക് നാണമുണ്ടോ? കേരള കോണ്‍ഗ്രസുകാരെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് ധൃതരാഷ്ട്രാലിംഗനമാണ്.
എം.വി. രാഘവനെ വലിച്ച് നിലത്തിട്ട് ചവിട്ടിക്കൂട്ടിയിട്ടയതിന്റെ പശ്ചാത്താപം തീര്‍ക്കാന്‍ മകന് നിയമസഭാ സീറ്റ് നല്‍കി. അതുപോലെ കെ. എം. മാണിയുടെ മകനെ എ.കെ.ജി. സെന്ററില്‍ കൊണ്ടിരുത്തിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
നേരത്തേ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.ടി.തോമസും കടുത്ത വിമർശനമാണ് കേരളാകോൺഗ്രസ് എമ്മിനെതിരേ ഉന്നയിച്ചത്. കെ.എം. മാണി അടക്കം കൊടുത്ത കേസിനെയാണോ സർക്കാർ നിലപാടിനെയാണോ കേരളാ കോൺഗ്രസ് (എം) പിന്തുണയ്ക്കുന്നതെന്ന് പി.ടി. തോമസ് ചോദിച്ചു.
കത്തോലിക്കാ സഭയാണ് വിശുദ്ധന്മാരെ പ്രഖ്യാപിക്കുന്നത്. ഇപ്പോൾ സിപിഎമ്മിന് അധികാരം നൽകിയാൽ മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കും. മാണി ജീവിച്ചിരുന്നപ്പോൾ മുഴുവൻ കേരളം കണികണ്ടുണരുന്ന കള്ളൻ എന്നു വിളിച്ചവരാണ് സിപിഎമ്മുകാർ. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയെപ്പോലും അപമാനിച്ചു. നോട്ടെണ്ണുന്ന യന്ത്രം കുട്ടിയമ്മയുടെ കൈയിൽ ഉണ്ടെന്നായിരുന്നു പരിഹാസമെന്നും പി.ടി. തോമസ് പറഞ്ഞു.
കറുത്ത വെള്ളിയാഴ്ചയുടെ സ്രഷ്ടാക്കൾ യുഡിഎഫും കോൺഗ്രസും; മരിച്ചിട്ടും മാണി സാറിന് സമാധാനം കൊടുക്കുന്നില്ലെന്നും ജോബ് മൈക്കിൾകെ.എം. മാണിയെ ചതിച്ചതും നിയസഭയിലെ കറുത്ത വെള്ളിയാഴ്ച സൃഷ്ടിച്ചതും യുഡിഎഫും കോൺഗ്രസുമാണെന്ന് കേരളാ കോൺഗ്രസ് എംഎൽഎ ജോബ് മൈക്കിൾ തിരിച്ചടിച്ചു. മാണി സാറിനെ കേസിൽ കുടുത്തിയതും കേസ് എടുത്തതും യുഡിഎഫ് സർക്കാരാണ്. പിന്നീട് രാജിവയ്പിച്ചു. അതിൽ മനംനൊന്താണ് യുഡിഎഫ് വിട്ടത്. പിന്നീട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാക്കൾ മാണി സാറിൻ്റെ വീടിലെത്തി യു ഡി എഫിലേക്ക് തിരിച്ചു വിളിച്ചു. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒക്കെയുണ്ടായിരുന്നു. അതായിരുന്നു ധൃതരാഷ്ട്രാലിംഗനം.
അതു ചതിയായിരുന്നു. മാണി സാറിനെയും അദ്ദേഹത്തിൻ്റെ പാർട്ടിയേയും ഇല്ലാതാക്കാനാണ് ശ്രമിച്ചത്. യുഡിഎഫാണ് ഞങ്ങളെ വഞ്ചിച്ചത്. മാണി സാറിനെ അപമാനിക്കുന്നതും യുഡിഎഫാണ്. മാണി സാറിന് ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുത്തില്ല. മരിച്ച ശേഷവും സമാധാനം കൊടുക്കുന്നില്ലെന്നു ജോബ് മൈക്കിൾ പറഞ്ഞു.
തിരുവനന്തപുരത്തേക്കുള്ള ബസിൽ യുഡിഎഫ് ഞങ്ങളെ വിളിച്ചു കയറ്റി. എന്നിട്ട് കൊട്ടാരക്കരയിൽ ഇറക്കി വിട്ടു. അവിടെ നിന്ന് ഞങ്ങൾ ഇടതുമുന്നണിയുടെ എസി ബസിൽ കയറിയാണ് തിരുവനന്തപുരത്തെത്തിയത്. നല്ല ജനപിന്തുണയുള്ള ബസാണത്. ഇപ്പോൾ സുഖയാത്രയാണെന്നും ജോബ് മൈക്കിൾ അഭിപ്രായപ്പെട്ടു.
കൈയാങ്കളി കേസിലെ കോടതിവിധി തള്ളാനും കൊളളാനുമാകാതെ കേരളാ കോൺഗ്രസ് ധർമസങ്കടത്തിലെന്ന വിലയിരുത്തലുകൾക്കിടെ യുഡിഎഫിനെ രൂക്ഷമായി വിമർശിച്ചും സർക്കാരിനെ പിന്തുണച്ചും കേരളാ കോൺഗ്രസ് രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.