തിരുവനന്തപുരം: ക്രിസ്മസിന് ക്രൈസതവ ഭവനങ്ങളിലേക്ക് സമ്മാനപ്പൊതികളുമായി ബിജെപിയുടെ സ്നേഹയാത്ര. സംസ്ഥാനത്തെ ക്രൈസ്തവവിഭാഗത്തിൽപ്പെട്ട എല്ലാവീടുകളിലും നേതാക്കളും പ്രവർത്തകരും എത്തുന്നതാണ് പരിപാടി. ക്രിസ്മസിന് വീടുകളിലേക്ക് സമ്മാനവും മധുരവുമായാണ് സ്നേഹയാത്ര എത്തുക.
ബൂത്തുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കൾ ഭവനസന്ദർശനത്തിനുണ്ടാകും. കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ക്രൈസ്തവ സമുദായത്തിലെ അർഹർക്ക് നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രഘടകം നിർദേശിച്ചിട്ടുണ്ടെന്ന് മാതൃഭൂമി ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.
വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഉദാരമായ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പ് വിജയം അപ്രാപ്യമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രൈസ്തവർ ഭൂരിപക്ഷമായ മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭരണത്തിലാണ് ബിജെപി എന്നതാണ് ഇതിന് പിൻബലമേകുന്നുണ്ട്.
ന്യൂനപക്ഷങ്ങൾക്കിടയിലെ പലകാര്യങ്ങളിലും പിന്തളളപ്പെട്ടു പോകുന്നുവെന്നും ചില ആശങ്കകൾ ഉയർത്തുമ്പോൾ മുമ്പില്ലാത്തവിധം എതിർപ്പുണ്ടാകുന്നതിനൊപ്പം വർഗീയത ആരോപിച്ച് ഉത്തരം മുട്ടിക്കുന്നതും ക്രിസ്ത്യൻ വിഭാഗങ്ങളിൽ അതൃപ്തി പടർത്തിയിട്ടുണ്ട്. ഇത് ഒരു അവസരമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
എന്നാൽ നരേന്ദ്രമോദി സർക്കാർ വന്നശേഷം നേതാക്കളായി പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളിലേക്ക് വന്ന കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുളളവർക്ക് ഇത്രകാലമായിട്ടും സ്വന്തം കുടുംബത്തിലുളളവരുടെ പിന്തുണ പോലും പൂർണമായി ആർജിക്കാനായിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നേതാക്കളുടെ മുന്നിലുണ്ട്.
മതപരമായതുൾപ്പെടെ, പൊതുവിഷയങ്ങളിൽ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാകരുതെന്ന് പാര്‍ട്ടി നിർദേശം നൽകിയിട്ടുണ്ട്. മറിച്ചുള്ള നിലപാട് പാർട്ടിക്ക് ദോഷംചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ നയരേഖ അവതരിപ്പിച്ച ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
വിഴിഞ്ഞത്ത് വികസനം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയ ബിജെപി സമരം നടത്തുന്ന ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായെന്നും ആരോപിച്ചു.
ക്രിസ്മസ് സമ്മാനപ്പൊതിയിൽ എന്തൊക്കെ ഉണ്ടാകുമെന്നും പൊതി വാങ്ങുന്നവർ തിരിച്ച് എന്ത് നൽകുമെന്നൊക്കെ ചോദ്യങ്ങൾ ചില കോണുകളിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.