തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച പ്രളയ സെസ് ചുമത്തുന്നത് സർക്കാർ നീട്ടിവയ്ക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നടപടി. ഏപ്രിൽ ഒന്നുമുതൽ ചുമത്താനിരുന്ന പ്രളയസെസ് ജൂലൈ മുതൽ മാത്രമെ നടപ്പാക്കൂ. പ്രളയ സെസ് ചുമത്തുന്നതോടെ വൻ വിലവർധന ഉണ്ടാകുമെന്ന ആശങ്ക വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതാണ് സെസ് നീട്ടുന്നതിന് കാരണമായി സർക്കാർ നൽകുന്ന വിശദീകരണം.
ബജറ്റിലെ നികുതി, ഫീസ് വർധനയെല്ലാം സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിലാകുക. എന്നാൽ, സെസ് ഏർപ്പെടുത്തിയതു വിലക്കയറ്റം സൃഷ്ടിക്കുമെന്ന ആശങ്ക വ്യാപകമായതോടെ തെരഞ്ഞെടുപ്പു കൂടി മുന്നിൽക്കണ്ട് സർക്കാർ പുനരാലോചനയ്ക്ക് തയാറാവുകയായിരുന്നു. സെസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ജിഎസ്ടി നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. ബിൽ 12ന് നിയമസഭയിലെത്തും. വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ സെസ് ഏർപ്പെടുത്തുമെന്നാണ് ഭേദഗതി നിയമത്തിൽ ചൂണ്ടിക്കാട്ടുക. ഇതനുസരിച്ച് എപ്പോൾ വിജ്ഞാപനം ചെയ്യണമെന്നു സർക്കാരിനു തീരുമാനിക്കാം.
സെസ് വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്ന പ്രതിപക്ഷ വിമർശനത്തിനു മറുപടിയായി ഇത് നടപ്പാക്കുന്നത് നീട്ടിവയ്ക്കുമെന്ന സൂചന കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയിരുന്നു. വിജ്ഞാപനം ചെയ്യുന്ന തീയതി മുതലാണ് സെസ് പ്രാബല്യത്തിലാകുകയെന്നും എപ്പോൾ വിജ്ഞാപനം ചെയ്യണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും സഭയിലെ ഉപധനാഭ്യർഥന ചർച്ചയ്ക്കുളള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala budget, Kerala Budget 2019, Kerala budget today, Kerala Finance Minister, Kerala high speed railway line, Kerala State Budget, Pinarayi vijayan, Thomas issac, കേരള ബജറ്റ്, കേരള ബജറ്റ് 2019