തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയായ സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ നിർമാണത്തിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. നാലുമണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താവുന്ന സിൽവർ ലൈൻ യാത്രയ്ക്ക് 1457 രൂപയാണ് നിരക്ക്. സംസ്ഥാന ബജറ്റ് അവതരണവേളയിൽ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ആണ് ഇക്കാര്യം പറഞ്ഞത്. സിൽവർ ലൈൻ പദ്ധതിയുടെ ആകാശ സർവെ പൂർത്തിയായി. സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് സർക്കാർ കടന്നുവെന്നും ഐസക് പറഞ്ഞു.
സിൽവർ ലൈൻ റെയിൽ പാതയിലുടെ വെറുമൊരു റെയിൽ പാത പദ്ധതിയല്ല സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. റെയിൽ പാതയ്ക്കുപുറമെ സമാന്തരപാതയും അഞ്ച് ടൌൺഷിപ്പുകളും കൂടി ഉൾപ്പെടുന്ന ബൃഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നത്. പല അന്താരാഷ്ട്ര ഏജൻസികളും കേരളത്തിന്റെ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് 2020ൽ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കും. മൂന്നു വർഷംകൊണ്ട് ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കും. 2025ൽ 67740ഉം 2051ൽ 1.47 ലക്ഷവും പ്രതിദിന യാത്രക്കാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ റെയിൽവേയുടെ ഭാഗമായി 10 പ്രധാന സ്റ്റേഷനുകൾ സ്ഥാപിക്കും. കൂടാതെ 28 ഫീഡർ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകൾ ഉണ്ടാകും. രാത്രിസമയങ്ങളിൽ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനുമായി പാത മാറ്റിവെയ്ക്കും. ടിക്കറ്റ് ചാർജമിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി പ്രതീക്ഷിക്കുന്നുണ്ട്. ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളിലും നിന്ന് വളരെ ചെറിയ പലിശയിൽ 40-50 വർഷത്തേക്ക് വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ ഗതാഗതത്തിന്റെ 97 ശതമാനവും റോഡ് വഴിയാണ്. ജലപാത-റെയിൽ വികസനത്തിലൂടെ ഇതിന് മാറ്റം വരുത്തുമെന്നും തോമസ് ഐസക് ബജറ്റിൽ വ്യക്തമാക്കി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.