കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ബജറ്റിലെ നിർദേശങ്ങൾക്കെതിരെ കെസിബിസിയും മാനേജ്മെന്റ് അസോസിയേഷനും. കെ ഇ ആർ ചട്ടം അനുസരിച്ച് നടത്തിയ നിയമനങ്ങളെ അനധികൃത നിയമനങ്ങളായി ചിത്രീകരിച്ചത് ധനമന്ത്രിയുടെ അജ്ഞതയെയാണ് കാണിക്കുന്നതെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും കുറ്റപ്പെടുത്തി.
മന്ത്രിയുടെ വാദങ്ങൾ വാസ്ത വിരുദ്ധമെന്ന് മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കി. എന്നാൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രി തോമസ് ഐസക് ന്യൂസ് 18 നോട് പ്രതികരിച്ചു. വിഷയം കേരളം ചർച്ച ചെയ്യട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: സ്വപ്നം വില്‍ക്കുന്ന ധനമന്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്തെന്ന് മുല്ലപ്പള്ളി
സര്‍ക്കാര്‍ അറിയാതെ എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ് മെന്റുകള്‍ 18,119 തസ്തികകള്‍ സൃഷ്ടിച്ചെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 45ല്‍ നിന്ന് 30 ആക്കി കുറച്ചതോടെ ഒരു കുട്ടി അധികമായുള്ള സ്‌കൂളില്‍ പോലും അധിക അധ്യാപക തസ്തിക സൃഷ്ടിച്ചു. എഇഒമാരുടെ അംഗീകാരത്തോടെ ഇതു ചെയ്യാം എന്ന ചട്ടം ദുരുപയോഗം ചെയ്യാൻ ഇനി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് ക്രൈസ്തവ സംഘ ടനകൾ രംഗത്തെത്തിയത്. ക്രമക്കേടുകൾ നിയന്ത്രിക്കാൻ നിയമങ്ങൾ ഉണ്ടെന്നിരിക്കെ കെ ഇ ആർ ഭേദഗതി ചെയ്യുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വിചിത്രമാണെന്നാണ് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും നിലപാട്.
നിയമന അംഗീകാരവും ശമ്പളവും ഇല്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് തീരുമാനം തിരിച്ചടിയാകുമെന്നും കെസിബിസി കുറ്റപ്പെടുത്തി. 4 വര്‍ഷമായി ആറായിരത്തോളം അധ്യാപകര്‍ ശമ്പളമില്ലാതെ ജോലിചെയ്യുകയാണെന്ന് മാനേജ്മെന്റ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.