യുവാക്കളുമായി സി.പി.എം; പഴയ പേരുകളിലും തര്‍ക്കം തീരാതെ യു.ഡി.എഫ്; തീരുമാനമാകാതെ എൻ.ഡി.എ

അഞ്ചിൽ നാലും യുവാക്കള്‍ക്ക് നല്‍കിയപ്പോഴും വനിതാ മതില്‍ സൃഷ്ടിച്ച സി.പി.എം ഒരൊറ്റ വനിതയെ പോലും സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചതുമില്ല.

news18-malayalam
Updated: October 1, 2019, 5:51 PM IST
യുവാക്കളുമായി സി.പി.എം; പഴയ പേരുകളിലും തര്‍ക്കം തീരാതെ യു.ഡി.എഫ്; തീരുമാനമാകാതെ എൻ.ഡി.എ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് പുതുമുഖങ്ങളായ യുവനേതാക്കളെ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലാണ് ജില്ലാ നേതൃത്വങ്ങള്‍ പുതുമുഖങ്ങളെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത്, കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ് കുമാര്‍, അരൂരില്‍ ഡി.വൈ.എഫ്.ഐയുടെ മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി. പുളിക്കന്‍, എറണാകുളത്ത് അഭിഭാഷകനായ മനു റോയ് എന്നിവരെയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് സ്ഥിരം പേരുകാരെയാണ്. അതും തീരുമാനമാകാതെ തര്‍ക്കം തെരുവിലേക്ക് എത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ മുന്‍ എം.പി പീതാംബരക്കുറുപ്പിനെ പരിഗണിക്കുന്നതിനെതിരെ അണികളുടെ പ്രതിഷേധം പരസ്യമാകുകയും ചെയ്തു. കോന്നിയില്‍ പ്രാദേശിക നേതാവിന്റെ പേര് ചര്‍ച്ചയായെങ്കിലും അതിനെതിരെയും ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. എറണാകുളം, അരൂര്‍ മണ്ഡലങ്ങളിലും ഒറ്റ പേരിലെത്താന്‍ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.

പരിഗണിച്ചത് യുവാക്കളെയാണെന്ന മികവുണ്ടെങ്കിലും എറണാകുളത്തും കോന്നിയിലും സമുദായിക ലേബലിനാണ് സി.പി.എം മുന്‍തൂക്കം നല്‍കിയതെന്നു പറയേണ്ടി വരും. എറണാകുളത്താകട്ടെ പാര്‍ട്ടിക്ക് പുറത്തുനിന്നും സാമുദായിക പരിഗണന നോക്കി സ്വതന്ത്രനെ കണ്ടെത്തേണ്ടിയും വന്നു. തിരുവനന്തപുരത്തെയും അരൂരിലെയും സ്ഥാനാര്‍ഥികളാണ് ഇതിനൊരപവാദം.

നവോത്ഥാന കാലമെന്നു പറയുമ്പോഴും ഇരു മുന്നണികളും സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചിട്ടു പോലുമില്ല. അരൂരിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാന്റെ പേര് പറഞ്ഞു കേട്ടെങ്കിലും ഗ്രൂപ്പ് തർക്കത്തിൽ അതും ഇല്ലാതായി. അഞ്ചിൽ നാലും യുവാക്കള്‍ക്ക് നല്‍കിയപ്പോഴും വനിതാ മതില്‍ സൃഷ്ടിച്ച സി.പി.എം ഒരൊറ്റ വനിതയെ പോലും സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചതുമില്ല.

Also Read എറണാകുളത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പിൽ 'സ്വതന്ത്രൻ'; അഡ്വ. മനു റോയ് LDF സ്ഥാനാര്‍ഥിയാകും

First published: September 25, 2019, 9:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading