• HOME
  • »
  • NEWS
  • »
  • kerala
  • »
  • Vishu 2022 | പുത്തന്‍ പ്രതീക്ഷയോടെ വിഷുപുലരിയെ വരവേറ്റ് മലയാളികള്‍; ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ വിഷു ആഘോഷം

Vishu 2022 | പുത്തന്‍ പ്രതീക്ഷയോടെ വിഷുപുലരിയെ വരവേറ്റ് മലയാളികള്‍; ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ വിഷു ആഘോഷം

കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ വീടിന് പുറത്തേക്കുള്ള ആഘോഷങ്ങള്‍ക്ക് ഇക്കുറി നിയന്ത്രണങ്ങള്‍ ഇല്ല

വിഷു

വിഷു

  • Share this:
    ഒട്ടുരുളിയില്‍ നിറച്ചുവച്ച ഫല -ധാന്യങ്ങള്‍, കത്തിച്ചുവെച്ച നിലവിളക്ക്, കോടിമുണ്ട്, കണിവെള്ളരി, കണിക്കൊന്ന, കൈനീട്ടം മാറ്റങ്ങളെതുമില്ലാതെ മലയാളികള്‍ മറ്റൊരു വിഷുദിനത്തെ കൂടി വരവേറ്റു. ഐശ്വര്യത്തിന്‍റെയും കാര്‍ഷിക സമൃദ്ധിയുടെയും പ്രതീകമാണ് മലയാളികള്‍ക്ക് വിഷു. സമ്പദ് സമൃദ്ധിയുടെ നല്ല നാളുകളാണ് വരാനിരിക്കുന്നതെന്ന പ്രതീക്ഷയോടെ ലോകമലയാളികള്‍ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

    ഗുരുവായൂരും ശബരിമലയും അമ്പലപ്പുഴയും ചോറ്റാനിക്കരയുമടക്കം സംസ്ഥാന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ദര്‍ശനം ഒരുക്കിയിരുന്നു. മുന്‍വര്‍ഷങ്ങളിലേതിന് വിഭിന്നമായി കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ വീടിന് പുറത്തേക്കുള്ള ആഘോഷങ്ങള്‍ക്ക് ഇക്കുറി നിയന്ത്രണങ്ങള്‍ ഇല്ല.

    മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവരെല്ലാം മലയാളികൾക്ക് വിഷു ആശംസ നേർന്നു. വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നല്കി വിഷു നമ്മെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഗവർണർ ആശംസിച്ചത്.

    വിഷുവിന് പിന്നിലെ ചരിത്രം

    എഡി 844 മുതല്‍ സ്ഥാണു രവിയുടെ ഭരണകാലത്താണ് കേരളത്തില്‍ വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്. നരകാസുരന്‍ എന്ന അസുരനെ ഭഗവാന്‍ കൃഷ്ണന്‍ (Lord Krishna) വധിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ വിഷുവിനോടനുബന്ധിച്ച് ആരാധിക്കുകയും വിഷുക്കണി (Vishu Kani) ഒരുക്കുമ്പോള്‍ കൃഷ്ണന്റെ വിഗ്രഹം കണികാണാനായി വെയ്ക്കുകയും ചെയ്യുന്നു. ഭക്തര്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്ന ദിവസമാണ് വിഷുദിനം.

    Also Read- മേടം ഒന്നിന് എത്തുന്ന വിഷു എന്തേ ഈ വർഷം രണ്ടാം തീയതിയായി? ഉത്തരം ഇതാണ്

    വിഷുവിന്റെ പ്രാധാന്യം

    കേരളത്തിൽ വിളവെടുപ്പ് ആരംഭിക്കുന്നതിന്റെ അടയാളമായാണ് വിഷു ആഘോഷിക്കുന്നത്. നരകാസുരനെതിരെ ശ്രീകൃഷ്ണന്‍ നേടിയ വിജയം കൂടിയാണിത്. കണി കാണുന്നതാണ് വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്ന്. ഭക്തര്‍ പുലര്‍ച്ചെയാണ് വിഷുക്കണി കാണുക. വിഷുക്കണി കാണുന്നത് വര്‍ഷം മുഴുവനും മികച്ചതാക്കുകയും ഭാഗ്യദായകമാണെന്നുമാണ് വിശ്വാസം. വിഷുവുമായി ബന്ധമുള്ള മറ്റൊന്നാണ് കണിക്കൊന്ന. കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയാണ്.

    Also Read- വിഷു നാടിന്‍റെ കൂട്ടായ്‌മ‌‌യുടെയും സാഹോദര്യത്തിന്റെയും കരുത്ത് വർധിപ്പിക്കട്ടെ: മുഖ്യമന്ത്രി

    വിഷു ആഘോഷങ്ങള്‍

    വിഷുക്കണി ഒരുക്കിയത് കാണാന്‍ കുട്ടികളെയും കുടുംബാംഗങ്ങളെയും കണ്ണ് പൊത്തിയാണ് പൂജാമുറിയിൽ അല്ലെങ്കിൽ വിഷുക്കണി ഒരുക്കിയിരിക്കുന്നിടത്ത് എത്തിക്കുന്നത്. അരി, വെള്ളരി, ചക്ക, മാങ്ങ, നാണയങ്ങള്‍, മഹാവിഷ്ണുവിന്റെ ചിത്രം അല്ലെങ്കിൽ വിഗ്രഹം എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി ഒരുക്കുന്നത്.

    വിഷുവിനോടനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിക്കാറുണ്ട്. വീട്ടിലെ മുതിർന്നവർ എല്ലാവർക്കും കൈനീട്ടം നല്‍കുന്നതും ഒരു ആചാരമാണ്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. തുടര്‍ന്ന് സദ്യ തയ്യാറാക്കുകയും മറ്റ് കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും ഒപ്പം ഭക്ഷണം കഴിക്കുന്നതും ഈ ദിവസത്തെ പ്രത്യേകതയാണ്.

    വിഷു ഫലം

    പണ്ടുകാലത്ത് വിഷു ഫലം പറയുന്ന രീതി നിലനിന്നിരുന്നു. ജ്യോതിഷന്മാർ വീടുകളില്‍ എത്തി വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലുകളും എത്ര മഴ കിട്ടും, കാറ്റ് ഉണ്ടാകുമോ, നാശനഷ്ടങ്ങൾ സംഭവിക്കുമോ എന്ന് തുടങ്ങുന്ന കാര്യങ്ങളൊക്കെ ജ്യോതിശാസ്ത്രപ്രകാരം വിശദീകരിക്കുന്ന രീതിയാണിത്.ഒരു വര്‍ഷത്തെ ഗ്രഹങ്ങളുടെ ഗതി അടിസ്ഥാനമാക്കി വിഷു ഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതല്‍ നിലനിന്നിരുന്നു.
    Published by:Arun krishna
    First published: