• HOME
  • »
  • NEWS
  • »
  • kerala
  • »
  • നമ്മുടെ നാടിന് 63 വയസ്; ഇന്ന് കേരളപ്പിറവി

നമ്മുടെ നാടിന് 63 വയസ്; ഇന്ന് കേരളപ്പിറവി

നവോത്ഥാനം സൃഷ്ടിച്ച നവമലയാളിയുടെ രാഷ്ട്രീയ ഭൂപടമാണ് കേരളം

kerala 63

kerala 63

  • Last Updated :
  • Share this:
    ഇന്ന് കേരളപ്പിറവി. മലയാളികളുടെ മാതൃഭൂമിക്ക് 63 വയസ്. പെരുമഴയെയും പ്രളയത്തെയും തുടർച്ചയായ രണ്ടാം വർഷവും നേരിട്ട ജനത ഉയിർത്ത് എഴുന്നേൽപ്പിന്‍റെ കേരളപ്പിറവി ഇന്ന് ഉത്സവമാക്കും.

    അസാധാരണമായ ഇച്ഛാശക്തിയാൽ രണ്ടാം വർഷവും സങ്കടങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ നാട് അതിന്‍റെ പിറന്നാൾ ആഘോഷിക്കുകയാണ്. നാടു മുഴുവൻ ഇന്നും പെരുമഴ പെയ്യുന്നുണ്ട്. തിരിച്ചു വരാതെ മണ്ണിനടിയിൽ നിലച്ചുപോയ ഒരു ഗ്രാമത്തിൽ അവശേഷിച്ചവരുടെ വിതുമ്പലുകൾ അവസാനിച്ചിട്ടില്ല. ഗ്രാമങ്ങളിലും ആദിവാസി ഊരുകളിലും നഗരങ്ങളിലും പ്രളയത്തിലും മഴയിലും എല്ലാം നഷ്ടമായവർ ജീവിതത്തിലേക്ക് ധീരതയോടെ മടങ്ങി വരുന്നുണ്ട്.

    നവോത്ഥാനം സൃഷ്ടിച്ച നവമലയാളിയുടെ രാഷ്ട്രീയ ഭൂപടമാണ് കേരളം. പൊയ്പ്പോയ മാമൂലുകളുടെയും അനാചാരങ്ങളുടെയും തിരിച്ചു വരവിനെ പ്രതിരോധിച്ച് അറുപത്തിമൂന്നാം വർഷം അത് വിജയിച്ചു നിൽക്കുന്നു. മതഭ്രാന്തിനെയും വർഗീയതയെയും ചെറുത്ത് തോൽപ്പിച്ച് മാനവികതയുടെ തുരുത്താകുന്നു.

    കാടുകളിലെ വെടിയൊച്ചകളും കെട്ടിത്തൂങ്ങിക്കിടന്ന രണ്ട് കുരുന്നുകളുടെ കുഞ്ഞു ഹൃദയങ്ങളും നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാലം കൂടിയാണ്. ജാഗരൂകരായ ഒരു ജനതയുടെ തിരുത്തലുകൾ അതിനെയും മറികടക്കും.

    1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു അത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേർത്ത് ആ നവംബർ ഒന്നിന് മലയാളി അതിന്‍റെ ഭൂപടം വരച്ചു. പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും 63 സുവർണ വർഷങ്ങളാണത്.

    Published by:Joys Joy
    First published: