• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രി യുഎഇയിൽ; ഷെയ്ഖ് മൻസൂർ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി യുഎഇയിൽ; ഷെയ്ഖ് മൻസൂർ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

  • News18
  • Last Updated :
  • Share this:
    ദുബായ്: ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് റീജിയണൽ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യു എ ഇയിലെത്തി. കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും അകമഴിഞ്ഞ് സംഭാവനകൾ നൽകാൻ യുഎഇ തയാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

    കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം താല്പര്യപൂർവ്വം ചോദിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും യുഎഇയും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധം ഷെയ്ഖ് മൻസൂർ പ്രത്യേകം എടുത്തുപറഞ്ഞു. 'കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തിൽ നടക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു. വളരെ താല്പര്യപൂർവ്വം ഇക്കാര്യങ്ങൾ കേട്ട ഷെയ്ഖ് മൻസൂർ കേരളത്തിന്റെ പുനർനിർമാണ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയാകാൻ തയ്യാറാണെന്ന് അറിയിച്ചു. കൃഷി, ആരോഗ്യം, ഊർജ്ജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്നും ഷെയ്ഖ് മൻസൂർ പറഞ്ഞു. കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനം പോലെയാണ് ഞങ്ങൾ കാണുന്നതെന്നും കേരളവുമായി അത്രത്തോളം ബന്ധമാണ് യു എ ഇ ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കുന്നിൻപുറങ്ങള്‍ കാണാൻ തനിക്ക് അതിയായ താൽപര്യമുണ്ടെന്നും പർവതാരോഹണത്തില്‍ ഏറെ താൽപ്പര്യമുള്ള ഷേയ്ഖ് മൻസൂർ പറഞ്ഞു'- മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

    യുഎഇ സമയം രാവിലെ 7.30 ഓടു കൂടിയാണ് പിണറായിവിജയൻ അബുദാബിയിലെത്തിയത്.  അബുദാബി വിമാനത്താവളത്തിൽ നോർക്ക റൂട്സ് വൈസ് ചെയർമാൻ എംഎ യൂസഫലി, നോർക്ക റൂട്ട്സ് ഡയറക്ടർ ഡോക്ടർ ആസാദ് മൂപ്പൻ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺബ്രിട്ടാസ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ട്‌.

    ഫെബ്രുവരി 15 , 16 തിയതികളിൽ ദുബായിൽ വച്ചാണ് ലോക കേരള സഭയുടെ പ്രഥമ മിഡിൽ ഈസ്റ്റ് റീജിയണൽ സമ്മേളനം. ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കെ സി ജോസഫ് എംഎൽഎ. ലോക കേരള സഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

    ലോക കേരള സഭയുടെ 7 ഉപസമിതികൾ തയാറാക്കിയ ശുപാർശകളിൽ മേലുള്ള ചർച്ചകൾ ലോക കേരള സഭ സമ്മേളനത്തിൽ നടക്കും. പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുക. ഇതാദ്യമായാണ് ലോക കേരള സഭയുടെ റീജിയണൽ സമ്മേളനം നടക്കുന്നത്.

    First published: