• HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈവിധ്യവത്കരണത്തിലൂടെ വികസന കുതിപ്പിലേക്ക് കേരള ക്ലേസ് ആൻഡ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ്

വൈവിധ്യവത്കരണത്തിലൂടെ വികസന കുതിപ്പിലേക്ക് കേരള ക്ലേസ് ആൻഡ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ്

കണ്ണപുരത്ത് സ്ഥാപിക്കുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്‌സിന്‍റെ ഉദ്ഘാടനം ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

  • Last Updated :
  • Share this:
കേരള ക്ലേസ് ആൻഡ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെസിസിപിഎൽ) വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കണ്ണപുരത്ത് സ്ഥാപിക്കുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്‌സിന്‍റെ ഉദ്ഘാടനം ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി പി രാജീവിന്റെ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി. 5.7 കോടി രൂപ ചെലവിലാണ് കോംപ്ലക്‌സ് സജ്ജീകരിച്ചിരിക്കുന്നത്.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച്, നാട്ടിലെ തനതുവിഭവങ്ങൾ ഉപയോഗിച്ച് പ്രാദേശിക മേഖലയെ കഴിയുന്നത്ര ഉത്തേജിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുകയാണ് കെസിസിപിഎൽ എന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ക്ലേ മൈനിങ്, സിറാമിക് പ്രൊഡക്ഷൻ എന്നതിനപ്പുറം ഏറ്റവും ലാഭകരമായതും ജനങ്ങൾക്ക് ഉപകാരപ്രദവുമായ ഉൽപ്പന്നങ്ങൾ നൽകാനുള്ള ശ്രമമാണ് നടത്തുന്നത്. കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, എം ഡി ആനക്കൈ ബാലകൃഷ്ണൻ എന്നിവർ സംരംഭത്തെക്കുറിച്ച് വിശദീകരിച്ചു.

ആദ്യഘട്ടത്തില്‍ തേങ്ങാപ്പാൽ, കോക്കനട്ട് പൗഡർ, വിർജിൻ കോക്കനട്ട് ഓയിൽ, ബേബി ഓയിൽ, ഹെയർ ഓയിൽ എന്നിവയാണ് ഈ യൂണിറ്റില്‍ നിന്ന് ഉൽപ്പാദിപ്പിക്കുക. ഇതോടൊപ്പം പാഷൻഫ്രൂട്ട് സ്‌ക്വാഷ്, ജ്യൂസ്, ജാം, കോക്കനട്ട് വാട്ടർ ജ്യൂസ്, കോക്കനട്ട് ചിപ്‌സ് എന്നിവയും ഉണ്ടാക്കും. 5.7 കോടി രൂപയുടെ പദ്ധതിക്ക് 4.2 കോടി രൂപ സർക്കാർ വായ്പ നൽകിയിട്ടുണ്ട്.വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിലവിൽ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് മാങ്ങാട്ടുപറമ്പിൽ സ്ഥാപിച്ച ഐ ടി ഇൻകുബേഷൻ സെന്ററിൽ 200ലധികം പേർ ജോലി ചെയ്യുന്നുണ്ട്. അതിനെ ഐ ടി പാർക്ക് ആക്കാനുള്ള പദ്ധതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് ചെയർമാൻ ടി വി രാജേഷ് പറഞ്ഞു.

Also Read:-വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചു; മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും യൂറോപ്പിലേക്ക്

കഴിഞ്ഞ ആറുവർഷം തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കെസിസിപിഎല്ലിന് 2021-22 വർഷം 80 ലക്ഷം രൂപ പ്രവർത്തന ലാഭം കൈവരിക്കാൻ കഴിഞ്ഞു. ഈ സാമ്പത്തിക വർഷം അറ്റാദായം കൈവരിക്കുവാനുള്ള ശ്രമത്തിലാണ്.

കമ്പനിയുടെ വിവിധ വൈവിധ്യവൽക്കരണ പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലുമായി സഹകരിച്ച് പാപ്പിനിശ്ശേരിയിൽ ആരംഭിച്ച പെട്രോൾ പമ്പ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. നാല് മാസത്തിനകം ഇത് വികസിപ്പിക്കും. ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷൻ, സി.എൻ ജി തുടങ്ങിയവ സ്ഥാപിക്കും. മാങ്ങാട്ടുപറമ്പ്, കരിന്തളം, നാടുകാണി, കഞ്ചിക്കോട് എന്നിവിടങ്ങളിലും പെട്രോൾ പമ്പ്  ആരംഭിക്കാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. മാങ്ങാട്ടുപറമ്പ്  ആരംഭിക്കുന്ന പമ്പിന്റെ നിർമ്മാണ പ്രവൃത്തികൾ മൂന്ന് മാസത്തിനകം പൂർത്തീകരിക്കും.കോവിഡ് കാലത്ത് സാനിറ്റൈസർ നിർമ്മാണ പ്ലാന്റ് ആരംഭിച്ചു.

ഹാൻഡ് വാഷ്, ഫ്‌ളോർ ക്ലീനർ എന്നീ ഉത്പന്നങ്ങളും പുറത്തിറക്കി. പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിൽ സിമന്റ് ബ്രിക്ക് മാനുഫാക്ചറിംഗ് യൂണിറ്റ്, ഇന്റർലോക്ക് യൂണിറ്റ് എന്നിവയും പ്രവർത്തിക്കുന്നു. പഴയങ്ങാടി, നീലേശ്വരം പുതുക്കൈ എന്നിവിടങ്ങളിൽ രണ്ട് ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റുകൾ ആരംഭിച്ചു. ഫൈബർ കയർ ഫെഡിന് നൽകുന്നു.ചകിരിച്ചോർ ഉപയോഗിച്ചു കൊണ്ട് അഗ്രി പിത്ത് എന്ന ജൈവ വളം ഒക്ടോബർ ആദ്യവാരം പുറത്തിറക്കും. കമ്പനിയുടെ എല്ലാ ഭൗതിക സാഹചര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഖനന മേഖലയിൽ നിന്നും ഭാഗികമായി മാറി പാഷൻ ഫ്രൂട്ട്, മത്സ്യ കൃഷി, ഉൾപ്പെടെ പ്രകൃതി സൗഹൃദ പദ്ധതികളാണ് കമ്പനി വിഭാവനം ചെയ്യുന്നത്. കണ്ണപുരത്ത് മാത്രമാണ് നിലവിൽ ചൈനാക്ലേ മൈനിംഗ് ഉളളത്.വിവിധ പദ്ധതികൾ സംബന്ധിച്ചുള്ള മാസ്റ്റർ പ്ലാൻ വ്യവസായ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.  തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌ക്കരണ ചർച്ച നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രാഥമിക ചർച്ച പൂർത്തിയായിട്ടുണ്ടെന്നും അറിയിച്ചു.
Published by:Arun krishna
First published: