മലപ്പുറം: മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ഒരു അതിഥിയെത്തിയിരുന്നു. പിണറായിയെ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിപ്പിച്ച മമ്മദുണ്ണി മാഷ്. വിദ്യാര്‍ത്ഥി നേതാവായിരുന്ന വിജയനെക്കുറിച്ചുള്ള ഓര്‍മ്മകളടങ്ങിയ കുറിപ്പുമായിട്ടായിരുന്നു മാഷ് പ്രിയ ശിഷ്യനെ കാണാനെത്തിയത്. അധ്യാപകനെ കണ്ട പിണറായി ആദരവോടെ ആശ്ലേഷിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ബ്രണ്ണനില്‍ പിണറായിയുടെ സഹപാഠിയും ആത്മ സുഹൃത്തുമായിരുന്ന പ്രാഫ. എന്‍ മുകുന്ദന് ബ്രെണ്ണനൈറ്റ്സ് മാഗസിനില്‍ പിണറായിയെക്കുറിച്ച് എഴുതിയ ലേഖനവുമായിട്ടായിരുന്നു മമ്മദുണ്ണി മാഷ് കേരള മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഓലയമ്പലം ആര് സി അമല സ്കൂളിലെ ഏഴാം ക്ലാസ് ജീവിതവും, ചക്കര സ്റ്റോറില്‍ ചക്കര തൂക്കി കൊടുക്കാനായി സ്കൂളില്‍ നിന്ന് നേരത്തെ ഇറങ്ങുന്ന ദിവസങ്ങള്‍, വിജയനെന്ന ബാഡ്മിന്റണ്‍ താരം തുടങ്ങി പഴയ കാലത്തെ പല ഓര്‍മ്മകളും ഉള്‍പ്പെടുന്നതായിരുന്നു മുകുന്ദന്റെ ലേഖനം.
ഇടപെടുന്ന വിഷയങ്ങളിലും നായക പരിവേഷം ലഭിച്ചതോടെ പിണറായിക്ക് മുഖ്യസ്ഥന്‍ എന്ന പേരുകിട്ടിയതിനെക്കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. പ്രരാബ്ധങ്ങളുടെ സ്കൂള്‍ കാലത്തെക്കുറിച്ചും ബ്രണ്ണനിലെ ജീവിതത്തെക്കുറിച്ചുമുള്ള ലേഖനം പിണറായി കാണിച്ചതോടെ മുകുന്ദന്റെ വിയോഗവും അധ്യാപകന്റെയും ശിഷ്യന്റെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി. അതിനിടെ 2001 ല്‍ അറേബ്യയിലെ സുല്‍ത്താന്‍ എന്ന പ്രസിദ്ധീകരണത്തില്‍ 'പിണറായി എന്റെ സ്വന്തം വിദ്യാര്‍ഥി' എന്ന തലക്കെട്ടില്‍ താന്‍ എഴുതിയ കുറിപ്പും മാഷ് മുഖ്യമന്ത്രിയെ കാണിച്ചു.
പിണറായിയുടെ അന്നത്തെ നിലപാടുകളും അധ്യാപകരോടുള്ള ബഹുമാനത്തെക്കുറിച്ചുമാണ് മമ്മദുണ്ണി മാഷിന്റെ കുറിപ്പില്‍ പറയുന്നത്. 196- 70 കാലഘട്ടത്തിലായിരുന്നു മലപ്പുറം മോങ്ങം സ്വദേശിയായ ബി മമ്മദുണ്ണി ബ്രണ്ണനില്‍ അധ്യാപകനായിരുന്നത്. പ്രീ യൂണിവേഴ്സിറ്റിയിലും ബി എ ഇക്കണോമിക്സിലും ഇദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നു പിണറായി. ഇ അഹമ്മദ്, എ കെ ബാലന് എന്നിവരെയും മമ്മദുണ്ണി മാസ്റ്റര്‍ പഠിപ്പിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിക്ക് പുറമെ നിലവിലെ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.