കേരള കോൺഗ്രസ് (ബി) (Kerala Congress (B)) ഉഷ മോഹൻദാസ് വിഭാഗത്തിന് മറുപടിയുമായി കെ.ബി.ഗണേഷ് കുമാർ (K B Ganesh Kumar). താൻ ചെയർമാനായിരിക്കുന്ന പാർട്ടിക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ലെന്നും തന്നെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയാണെന്നും ഗണേഷ് പറഞ്ഞു. കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഉഷാ മോഹൻദാസ് വിഭാഗം യോഗം ചേർന്ന് ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് പ്രഖ്യാപിച്ച ശേഷം ഇത് ആദ്യമായാണ് പാർട്ടിയിലെ ആഭ്യന്തര കലാപത്തിൽ ഗണേഷിന്റെ പ്രതികരണം. അപ്പക്കഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് പാർട്ടി വിട്ട് പോകാം, കുടുംബ പാർട്ടിയല്ല കേരളാ കോൺഗ്രസ്. തൻ്റെ സ്വന്തക്കാർ ആരും പാർട്ടിയിൽ ഇല്ലെന്നും, തനിക്ക് ശേഷം പ്രളയമെന്ന് കരുതുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമപരമായി കേരളാ കൊൺഗ്രസ് ബി ഒന്നേയുള്ളുവെന്നും പത്തനാപുരം നിയോജയകമണ്ഡലം സമ്മേളനത്തിൽ എം എൽ എ പറഞ്ഞു.
പാർട്ടി ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് വ്യക്തമാക്കി ആർ ബാലകൃഷ്ണപിള്ളയുടെ മൂത്ത മകൾ ഉഷാ മോഹൻദാസിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നു. അതേസമയം തന്നെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്ന് കേരള കോൺഗ്രസ് ബി പത്തനാപുരം നിയോജക മണ്ഡലം സമ്മേളനത്തിൽ പറഞ്ഞ ഗണേഷ് കുമാർ ഇക്കാര്യം രേഖാ മൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. പാർട്ടി വിട്ട് പോകേണ്ടവർക്ക് അതാകാമെന്നും നേതൃതലത്തിൽ തലമുറ മാറ്റമുണ്ടാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
നിലവിൽ പാർട്ടിയിലെ ബഹു ഭൂരീപക്ഷം ജില്ലാ പ്രസിഡന്റുമാരും ഉഷാ മോഹൻദാസിനൊപ്പമാണ്. എന്നാൽ കാര്യമായ വേരോട്ടമുള്ള കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നേതൃത്വങ്ങൾ ഗണേഷിനൊപ്പം ഉറച്ച് നിൽക്കുന്നു. കുടുംബ സ്വത്ത് വിഭജനത്തിലെ തർക്കങ്ങളാണ് ഏറ്റവുമൊടുവിൽ പാർട്ടിയിലെ കലാപത്തിന് വഴിവച്ചത്. മരിക്കും മുൻപ് ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപ്പത്രത്തിൽ ഗണേഷ് കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഉഷ രംഗത്തെത്തുകയായിരുന്നു. ഗണേഷ് കുമാർ പാർലമെൻററി പാർട്ടി നേതാവായി തുടരുമെന്ന് ഉഷ മോഹൻദാസ് പറഞ്ഞിരുന്നു. പാർട്ടിയുടെ ബോർഡ്, കോർപ്പറേഷൻ, പി എസ് സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കുമെന്നും പുതിയ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉഷാ മോഹൻദാസ് സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ മന്ത്രിസഭയിൽ ഗണേഷിന് ഇടം കിട്ടാതെ പോയതിനു പിന്നിൽ ഈ കത്തും കാരണമായി എന്ന് കരുതപ്പെടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.