നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Jose K Mani | രാജിവെച്ച അതേ സീറ്റിലേക്ക് വീണ്ടും ജോസ് കെ.മാണി വരുമ്പോൾ പ്രത്യേകതകളെന്ത്

    Jose K Mani | രാജിവെച്ച അതേ സീറ്റിലേക്ക് വീണ്ടും ജോസ് കെ.മാണി വരുമ്പോൾ പ്രത്യേകതകളെന്ത്

    സ്വന്തം രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിച്ച് വ്യത്യസ്തതകൊണ്ട് ചരിത്രം തീർക്കുകയാണ്  കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

    ജോസ് കെ. മാണി

    ജോസ് കെ. മാണി

    • Share this:
    രാഷ്ട്രീയത്തിൽ ചരിത്രം കുറിക്കുക അപൂർവതയല്ല. എന്നാൽ മുന്നണി മാറിവന്ന ശേഷം സ്വന്തം രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിച്ച് വ്യത്യസ്തതകൊണ്ട് ചരിത്രം തീർക്കുകയാണ്  കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.  യുഡിഎഫിൽ നിന്നും മത്സരിച്ചാണ് ജോസ് കെ മാണി 2018 ജൂണിൽ രാജ്യസഭയിൽ എത്തിയത്.

    2020 ൽ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയതോടെ ജോസ് കെ മാണി രാജി വെക്കുമെന്ന് പ്രഖ്യാപിച്ചു. ഏറെ മാസങ്ങൾക്ക് ശേഷം 2021 ജനുവരി ഒമ്പതിനാണ് ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെച്ചത്.

    പാലായിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിച്ചു എങ്കിലും മാണി സി കാപ്പനോട് പതിനയ്യായിരത്തിൽ പരം വോട്ടുകൾക്ക് ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. ഇതോടെയാണ് ജോസ് കെ മാണിയുടെ ഭാവി എന്ത് എന്ന ചോദ്യം ഉയർന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് ജോസ് കെ മാണി ആഗ്രഹിച്ചത്. ഇതിനുവേണ്ടിയാണ് രാജ്യസഭയിൽ കാലാവധി പകുതി ആയപ്പോഴേക്കും രാജിവെച്ച് പാലായിൽ മത്സരിക്കാനെത്തിയത്. ഇടതു മന്ത്രിസഭയിൽ അംഗമാകുക എന്ന സ്വപ്നം ജോസ് കെ മാണിക്ക് മുന്നിലുണ്ടായിരുന്നു. ഇതാണ് മാണി സി കാപ്പൻ തകർത്തെറിഞ്ഞത്.

    ഏറെ നാളത്തെ ആലോചനകൾക്കു ശേഷമാണ് ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തന്നെ പോകാൻ തീരുമാനിച്ചത്. താൻ തന്നെ രാജിവെച്ച സീറ്റിൽ വീണ്ടും മത്സരിക്കുക എന്ന അപൂർവ്വത ഇനി ജോസ് കെ മാണിക്ക് സ്വന്തം. എന്നാൽ  രാജിക്കൊണ്ട് ഫലത്തിൽ ഒരു വർഷത്തെ രാജ്യസഭാ കാലാവധി കുറഞ്ഞു.യുഡിഎഫിൽ നിന്ന് മത്സരിച്ച് ജയിച്ച അതെ രാജ്യസഭാ സീറ്റിൽ ഇടതു മുന്നണിയിൽ നിന്നും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം കേരള കോൺഗ്രസിന് സീറ്റ് നൽകാൻ അന്തിമ തീരുമാനം എടുത്തതോടെ ആണ്  പാർട്ടി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

    Also Read-Jose K Mani | രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിതന്നെ : ഇടതുമുന്നണിയില്‍ തീരുമാനം

    രാജ്യസഭാ സീറ്റിൽ കാലാവധി പൂർത്തിയാകും മുൻപേ രാജിവെച്ചു എന്നത് മാത്രമല്ല ജോസ് കെ മാണിയുടെ മുൻകാല ചരിത്രം. 2014 ൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ജോസ് കെ മാണി 11 മാസം ബാക്കിനിൽക്കെ ആണ് അംഗത്വം രാജി വെച്ച് അന്ന് രാജ്യസഭയിലേക്ക് പോയത്. ബാർകോഴ കേസിനെ തുടർന്ന് യുഡിഎഫ് വിട്ട കേരള കോൺഗ്രസ് എം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് തിരികെ എത്തിയത് ഈ രാജ്യസഭാ സീറ്റ് കോൺഗ്രസിൽ നിന്നും വാങ്ങി എടുത്തുകൊണ്ട് ആയിരുന്നു. കോൺഗ്രസിൽ ഇതിനെ തുടർന്നുണ്ടായ പടലപ്പിണക്കങ്ങളും പൊട്ടിത്തെറിയും ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എല്ലാം വെല്ലുവിളിയായി. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോയപ്പോൾ ഈ ചരിത്രവും ചർച്ചയായിരുന്നു.

    യുഡിഎഫിൽ നിൽക്കെ ലോക്സഭാ സീറ്റ് രാജിവച്ചപ്പോൾ ഇടതു മുന്നണി ജോസ് കെ മാണിക്കെതിരെ വലിയ പ്രചാരണമാണ് നടത്തിയത്.  അധികാരത്തിനു വേണ്ടി നടക്കുന്ന ജോസ് കെ മാണി കാലാവധി തീരുംമുൻപ് രാജിവെച്ചത് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ബാധിച്ചു എന്ന്  സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ ആരോപിച്ചിരുന്നു. 11 മാസം ബാക്കിനിൽക്കെ ആയിരുന്നു ജോസ് കെ മാണി രാജിവെച്ച് രാജ്യസഭാ സീറ്റിലേക്ക് പോയത്. ലോകസഭ സീറ്റിൽ മത്സരിച്ചാൽ തോൽക്കും എന്ന പേടി കൊണ്ടാണ് ജോസ് കെ മാണി കാലാവധി തീരും മുൻപ് രാജി വെച്ച് രാജ്യസഭയിലേക്ക് പോയത് എന്നും അന്ന് ഇടതുമുന്നണി താഴെതട്ടിൽ പ്രചരിപ്പിച്ചു.ഇന്ന് അതേ ഇടത് മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ടാണ് രാജ്യസഭാ സീറ്റിൽ ഒരുവർഷം നഷ്ടമാക്കിക്കൊണ്ട്  ജോസ് കെ മാണി വീണ്ടും മത്സരിക്കുന്നത്.
    Published by:Jayesh Krishnan
    First published:
    )}