• HOME
 • »
 • NEWS
 • »
 • kerala
 • »
 • രണ്ടിലയ്ക്ക് രണ്ടാം സീറ്റ്: ജോസഫ് മുറുകുമ്പോള്‍ മാണി അയയുന്നോ?

രണ്ടിലയ്ക്ക് രണ്ടാം സീറ്റ്: ജോസഫ് മുറുകുമ്പോള്‍ മാണി അയയുന്നോ?

രണ്ട് സീറ്റെന്ന ആവശ്യം പേരിനു മാത്രം ഉന്നയിക്കുന്ന മാണി ഇന്നത്തെ പ്രസ്താവനയോടെ യഥാര്‍ത്ഥത്തില്‍ നിലപാട് മയപ്പെടുത്തുകയാണ് ചെയ്തത്

kerala congress

kerala congress

 • Last Updated :
 • Share this:
  കോട്ടയം: രണ്ടാം സീറ്റിനായി അതിശക്ത നീക്കങ്ങളുമായി പിജെ ജോസഫ് മുന്നോട്ടുപോകുന്നതിനിടെ അയഞ്ഞ നിലപാട് സ്വീകരിച്ചിരിക്കുകയാണ് കെഎം മാണി. രണ്ടാം സീറ്റിന്റെ പേരില്‍ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇല്ലെന്നാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ മാണിയുടെ പുതിയ നിലപാട്. എന്നാല്‍ രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്നാണ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് വ്യക്തമാക്കുന്നത്.

  യുഡിഎഫില്‍ സീറ്റുവിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുമെന്നതിന്റെ സൂചനകളാണ് രണ്ടു നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. രണ്ട് സീറ്റെന്ന ആവശ്യം പേരിനു മാത്രം ഉന്നയിക്കുന്ന മാണി ഇന്നത്തെ പ്രസ്താവനയോടെ യഥാര്‍ത്ഥത്തില്‍ നിലപാട് മയപ്പെടുത്തുകയാണ് ചെയ്തത്.

  Also Read: എന്തുകൊണ്ട് രണ്ടാമത്തെ സീറ്റ്? പിജെ ജോസഫിന് മുന്നില്‍ പത്ത് കാരണങ്ങള്‍

  യുഡിഎഫിനോട് കൂടുതല്‍ സീറ്റ് ചോദിക്കുന്നത് സമ്മര്‍ദമല്ലെന്ന പറഞ്ഞ പാര്‍ട്ടി ചെയര്‍മാന്‍ മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന് ആദ്യമേ വ്യക്തമാക്കിയത് രണ്ടാം സീറ്റിനായി നിര്‍ബന്ധം പിടിക്കില്ലെന്ന പരോക്ഷ സൂചനയാണ് നല്‍കുന്നത്. 'ഒരു സീറ്റ് കൂടി ചോദിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സീറ്റ് ചോദിക്കുന്നതും മത്സരിക്കുന്നതും അവകാശമാണ് ഞങ്ങളായി മുന്നണിയെ പ്രതിസന്ധിയിലാക്കില്ല' എന്നായിരുന്നു കെഎം മാണി കോട്ടയത്ത് നടത്തിയ പ്രസ്താവന.

  You Must Read This: സീറ്റിനെ ചൊല്ലി തര്‍ക്കം; വീണ്ടും വഴി പിരിയുമോ കേരള കോണ്‍ഗ്രസ്?

  എന്നാല്‍ ഇതിനു വിരുദ്ധമായി രണ്ട് സീറ്റില്‍ ഒരുവിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്നാണ് പിജെ ജോസഫ് പറയാതെ പറയുന്നത്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നായിരുന്നു മുന്നണിയിലെ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പിജെയുടെ പ്രതികരണം. കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും 12ന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നുമായിരുന്നു ജോസഫ് പറഞ്ഞത്.

  Also Read ലോക്‌സഭ: രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം കേരള നേതാക്കളെ കുഴയ്ക്കുമോ?

   

  രണ്ടാംസീറ്റ് വേണമെന്ന ആവശ്യത്തില്‍ ജോസഫ് ഉറച്ച് നില്‍ക്കുമ്പോള്‍ തന്ത്രപരമായ സമീപനമാണ് കെഎം മാണി കൈക്കൊള്ളുന്നത്. രണ്ടാം സീറ്റ് ലഭിക്കുകയാണെങ്കില്‍ അത് ജോസഫ് വിഭാഗത്തിന് നല്‍കേണ്ടിവരുമെന്ന് മാണിക്ക് അറിയാം. അങ്ങനെയെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലെ ബലാബലത്തില്‍ മാറ്റമുണ്ടാക്കുമെന്ന കണക്കുകൂട്ടലാകാം മാണിയെ നിലപാട് മയപ്പെടുത്തുന്നതിലേക്ക് നയിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസഫ് തുല്യശക്തിയായി ഉയര്‍ന്നുവരുന്നത് മാണിക്കും ഒപ്പമുള്ളവര്‍ക്കും അത്ര താല്‍പ്പര്യമുള്ള കാര്യമാകില്ല.

  Dont Miss: ജോസഫും കൂട്ടരും മാണിഗ്രൂപ്പ് വിടുമോ? വരവേൽക്കാൻ തയ്യാറായി ജനാധിപത്യ കേരള കോൺഗ്രസ്

   

  മറിച്ച് രണ്ടാം സീറ്റ് ലഭിച്ചില്ലങ്കെില്‍ ജോസ് കെ മാണിയെന്ന നേതാവിന് പിന്നില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നയിക്കേണ്ട അവസ്ഥയിലേക്ക് താനെത്തുമെന്ന ബോധ്യം പിജെ ജോസഫിനുണ്ട്. നിലവില്‍ പാര്‍ട്ടിയിലെ രണ്ടാമനായ പിജെയ്ക്ക് ജോസ് കെ മാണിയുടെ വളര്‍ച്ച നോക്കിനില്‍ക്കാനും അദ്ദേഹത്തിന് കീഴിലേക്ക് പാര്‍ട്ടിയെത്തുമ്പോള്‍ അതില്‍ തുടരാനുമുള്ള ബുദ്ധിമുട്ടുമാകാം പാര്‍ലമെന്റ് ടിക്കറ്റിനായി സ്വരം കടുപ്പിക്കാന്‍ പ്രേരണയാകുന്നത്.

  കോട്ടയത്തിനു പുറമെ ഇടുക്കിയ്ക്കാണ് പിജെ ജോസഫ് അവകാശവാദം ഉന്നയിക്കുന്നത്. ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി എന്നീ മണ്ഡലങ്ങളിലാണ് കേരളാ കോണ്‍ഗ്രസിന്റെ കണ്ണ്. കോട്ടയം കഴിഞ്ഞാല്‍ പിജെ ജോസഫിന് സ്വാധീനമുള്ള മണ്ഡലം ഇടുക്കിയാണ്. എന്നാല്‍ ഇടുക്കി മണ്ഡലത്തിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും രംഗത്തുണ്ടെന്നത് യുഡിഎഫിന് തലവേദനയായേക്കും. ഇടുക്കിയുള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

   

  First published: