കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം. ജോസ് വിഭാഗത്തിന് വിട്ടുനല്‍കിയതിനേത്തുടര്‍ന്ന് അണികളുടെ പ്രതിഷേധം ഉയര്‍ന്ന കുറ്റ്യാടി മണ്ഡലം സിപിഎമ്മിന് വിട്ടുനൽകിയേക്കും. പകരം സീറ്റും ചോദിച്ചേക്കില്ല എന്നാണ് വിവരം. ജോസ് കെ മാണി സീറ്റ് വിട്ടുനല്‍കിയാല്‍ സി പി എം കുറ്റ്യാടി ഏറ്റെടുക്കും. എന്നാല്‍ കുറ്റ്യാടിക്ക് പകരം തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കില്ല. വിഷയത്തില്‍ സി പി എം നേതൃത്വവും ജോസ് കെ മാണിയും ഇന്ന് ചര്‍ച്ച നടത്തും.
പ്രതിഷേധത്തെ തുടർന്ന് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ ലാന്‍ഡ് ചെയ്യിക്കാനുള്ള സാഹചര്യം പോലുമില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ പറയുന്നത്. സി പി എമ്മിന്റെ സഹായമില്ലാതെ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. പ്രാദേശിക പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കാതെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തല്‍ കേരളാ കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യം നേതാക്കള്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് തിരികെ നൽകാൻ ആലോചന നടക്കുന്നത്.
Also Read- 'പാർട്ടിയെ ജനം തിരുത്തും' എന്ന മുദ്രാവാക്യവുമായി കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം
സാഹചര്യങ്ങള്‍ വിലയിരുത്തി കുറ്റ്യാടി സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്ക് സി പി എം തയ്യാറാകും. പക്ഷേ, ഓദ്യോഗികമായി സീറ്റ് തിരികെ വേണമെന്ന കാര്യം സി പി എം ഉന്നയിക്കില്ല. ജോസ് കെ മാണി തിരികെ നല്‍കാന്‍ തയ്യാറായാല്‍ സീറ്റ് ഏറ്റെടുക്കും. വെച്ച് മാറ്റല്‍ ഉണ്ടാകില്ല എന്നാണ് വ്യക്തമാകുന്നത്. അല്ലാത്ത പക്ഷം സി പി എം തീരുമാനിക്കുന്നത് പോലെ പൊതുസമ്മതനായ സ്ഥാനാര്‍ഥി വരട്ടെ എന്ന നിലപാട് ജോസ് കെ മാണി സ്വീകരിച്ചേക്കും. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിച്ച മുഹമ്മദ് ഇക്ബാലും വ്യക്തമാക്കിയത്.
‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’
കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇന്നലെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന ബാനറുമായാണ് പ്രകടനം. കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്ന മുദ്രാവാക്യവും പ്രവർത്തകർ വിളിച്ചു. കേരള കോണ്‍ഗ്രസിന് സീറ്റ് നൽകിയത് രാവിലെയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തിയത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. പാര്‍ട്ടി നേതൃത്വം നിലപാട് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടുതല്‍ പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്. പാര്‍ട്ടി അംഗങ്ങളുള്‍പ്പെടെ നടത്തിയ പ്രതിഷേധത്തെ സിപിഎം ഗൗരവമായാണ് കാണുന്നത്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. കുറ്റ്യാടി മണ്ഡലം കേരളകോണ്‍ഗ്രസ് എം വിഭാഗത്തിന് വിട്ട് നല്‍കിയെന്ന പേര് പറഞ്ഞ് തന്റെ പേരും ഫോട്ടോയും വെച്ച് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ അഭ്യർഥിച്ചിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും മുന്‍ എംഎല്‍എ കെ കെ ലതികയ്ക്കും എതിരെയാണ് വാട്ട്സ്അപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളധികവും. കെ പി കുഞ്ഞമ്മദ് കുട്ടിയെ ഒതുക്കാനുള്ള ശ്രമമാണെന്ന ആരോപണം ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നു. കുറ്റ്യാടി സീറ്റിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെത്തുടര്‍ന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Cpm, Kerala Assembly Election 2021, Kerala Assembly Polls 2021, Kerala congress m