HOME /NEWS /Kerala / 'ആരോഗ്യമേഖല ശരിയായ ദിശയിൽ; പക്ഷേ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ'

'ആരോഗ്യമേഖല ശരിയായ ദിശയിൽ; പക്ഷേ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ'

Dr B Eqbal

Dr B Eqbal

  • Share this:

    ആരോഗ്യം- ഡോ. ബി ഇക്ബാൽ

    ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആരോഗ്യമേഖല വളരെ ഉയരത്തിലാണ്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാണ് കേരളം. ആരോഗ്യരംഗത്തെ മികവിന്‍റെ സൂചികയായ ശിശുമരണനിരക്ക്, സ്ത്രീ-പുരുഷ അനുപാതം, ആയുർദൈർഘ്യം തുടങ്ങിയ കാര്യങ്ങളിൽ കേരളം വളരെ മുന്നിലാണ്. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയാണ് കേരളം മുന്നിലെത്തിയത്. അതേസമയം അടുത്തകാലത്തായി ആരോഗ്യമേഖലയിൽ കേരളം ചില വെല്ലുവിളികൾ നേരിടുന്നത് കാണാതിരിക്കരുത്.

    ജീവിതശൈലിരോഗങ്ങൾ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ഏറ്റവും പ്രധാനം ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം, അർബുദം എന്നിവയൊക്കെ വർദ്ധിച്ചുവരുന്നതാണ്. നമ്മുടെ ഭക്ഷണശീലത്തിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. അമിതവണ്ണം, വ്യായാമമില്ലായ്മ, പരിസര മലിനീകരണം എന്നിവയൊക്കെ ഇത്തരം ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. മലയാളികളിൽ മൂന്നിലൊന്ന് പേർക്കും രക്താതിമർദ്ദമുള്ളതായാണ് പുതിയ റിപ്പോർട്ട് പറയുന്നത്. ഇത് കേരളത്തിലെ ഹൃദയാഘാത-മസ്തിഷ്ക്കാഘാത നിരക്ക് ഉയരുന്നതിന് കാരണമായി തീർന്നിട്ടുണ്ട്. അതുപോലെ തന്നെ പ്രമേഹവും ക്യാൻസറും പിടിപെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നുണ്ട്. ക്യാൻസറിന് ഉൾപ്പടെ വിദഗ്ദ്ധ ചികിത്സ ലഭ്യമാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് വലിയ വെല്ലുവിളിയാണ്.

    പകർച്ചവ്യാധികൾ

    പകർച്ചവ്യാധികൾ ഇന്ന് വലിയൊരു പ്രശ്നമായി മാറുന്നുണ്ട്. ഡെങ്കി, എലിപ്പനി, ചിക്കുൻഗുനിയ, എച്ച്1എൻ1, മലേറിയ തുടങ്ങിയ രോഗങ്ങൾ വലിയ തോതിലുള്ള വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പരിസരശുചിത്വമില്ലാത്തതും കൊതുക് നിർമാർജ്ജനം ഫലപ്രദമാകാത്തതുമാണ് ഇത്തരം പകർച്ചവ്യാധികൾ കൂടാൻ കാരണം. ഈ വർഷം വലിയ പ്രശ്നമായില്ലെങ്കിലും കഴിഞ്ഞ വർഷംവരെ ഡെങ്കി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ പിടിപെട്ട് നിരവധിപ്പേരാണ് മരിച്ചത്.

    വാക്സിൻ വിരുദ്ധപ്രചരണവും രോഗങ്ങളുടെ തിരിച്ചുവരവും

    വാക്സിൻ വിരുദ്ധ പ്രചാരണവും മഹാരോഗങ്ങൾ തിരിച്ചുവരുന്നതുമാണ് കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന മറ്റൊരു വെല്ലുവിളി. വാക്സിൻ വിരുദ്ധ പ്രചാരണം വിശ്വസിച്ച് വാക്സിനേഷന് വിമുഖത കാണിച്ചതുകൊണ്ടാണ് ഡിഫ്ത്തീരിയ, വില്ലൻചുമ തുടങ്ങിയ അസുഖങ്ങൾ തിരിച്ചുവന്നത്. ഒരുകാലത്ത് നമ്മുടെ നാട്ടിൽനിന്ന് നിർമാർജനം ചെയ്ത അസുഖങ്ങളാണ് ഇവയൊക്കെ എന്ന് ഓർക്കണം.

    മാനസികാരോഗ്യം

    വർദ്ധിച്ചുവരുന്ന മാനസികാരോഗ്യപ്രശ്നങ്ങളാണ് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി. മലയാളികളിൽ മാനസികസമ്മർദ്ദം, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നു. ഇതുകാരണം നമ്മുടെ സമൂഹത്തിൽ ആത്മഹത്യ കൂടുന്നുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെയും കാണാതെ പോകരുത്.

    വാഹനാപകടവും മരണനിരക്കും

    വാഹനാപകടം മൂലമുള്ള പ്രശ്നമാണ് മറ്റൊരു വെല്ലുവിളി. മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വാഹനാപകടങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും ഇതുമൂലമുള്ള മരണനിരക്കും പരിക്കേൽക്കുന്നവരുടെ എണ്ണവും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ദിനംപ്രതി ശരാശരി പത്ത് ജീവനുകളാണ് കേരളത്തിലെ റോഡുകളിൽ പൊലിയുന്നത്. പരിക്കേൽക്കുന്നവരുടെ എണ്ണം പ്രതിദിനം ശരാശരി 150 ആണ്. വേഗത്തിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാത്തതാണ് മരണനിരക്ക് കൂടാൻ കാരണം.

    ആദിവാസി- അസംഘടിതതൊഴിൽ മേഖല

    ആദിവാസി മേഖലയിലെ ആരോഗ്യപരിപാലനം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. ബോധവൽക്കരണം പോലെയുള്ള കാര്യങ്ങൾ പലപ്പോഴും ഫലപ്രദമാകുന്നില്ല. പോഷകാഹാരക്കുറവും ഈ മേഖലയിലെ മറ്റൊരു പ്രശ്നമാണ്. അട്ടപ്പാടി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ശിശുമരണനിരക്ക് കൂടുന്നത് ഇതൊക്കെകൊണ്ടാണ്. ആദിവാസി മേഖലയിലെ ആരോഗ്യപരിചരണം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുപോലെ മത്സ്യത്തൊഴിലാളി മേഖലയിലും കൂടുതൽ മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങൾ ഒരുക്കാൻ സാധിക്കണം.

    വർദ്ധിച്ചുവരുന്ന ചികിത്സാചെലവ്

    ലോകനിലവാരത്തിനൊപ്പം നിൽക്കുന്നതാണ് നമ്മുടെ ആരോഗ്യമേഖല. ഏറ്റവും മുന്തിയ ചികിത്സ കേരളത്തിൽ ലഭ്യമാകുന്നുണ്ട്. അതുകൊണ്ടാണ് അറബ് നാടുകളിൽനിന്ന് ഉൾപ്പടെ വിദേശത്ത് നിന്ന് വിദഗ്ദ്ധ ചികിത്സ തേടി ആളുകൾ ഇവിടേക്ക് വരുന്നത്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ചികിത്സാച്ചെലവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. മാരകമായ അസുഖം പിടിപെട്ടാൽ കിടപ്പാടംവരെ പണയപ്പെടുത്തി ചികിത്സിക്കേണ്ട അവസ്ഥ ചിലർക്കെങ്കിലും ഉണ്ടാകുന്നുണ്ട്.

    എന്നാൽ കേരളം ശരിയായ ദിശയിലാണ്...

    1996ൽ നായനാർ സർക്കാർ നടപ്പാക്കിയ അധികാരവികേന്ദ്രീകരണമാണ് ആരോഗ്യമേഖലയിൽ വലിയതോതിലുള്ള കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലേക്ക് വന്നത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. ആശുപത്രികളുടെ വികസനപ്രവർത്തനങ്ങൾക്ക് അതാത് സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ടുതുടങ്ങി. 2006-ലെ ഇടതുസർക്കാർ ആരോഗ്യസർവ്വകലാശാല തുടങ്ങിയത് കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗം മെച്ചപ്പെടാൻ സഹായിച്ചു.

    ഇപ്പോഴത്തെ സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ ആരോഗ്യമേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഉണ്ടാക്കാനായത്. ആർദ്രം പദ്ധതിയിലൂടെ ആശുപത്രികളുടെ നിലവാരം ഉയർത്തുന്ന പ്രവർത്തനമാണ് ഇതിൽ പ്രധാനം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽകോളേജുകൾ വരെയുള്ള ആശുപത്രികളിൽ വലിയ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൌകര്യങ്ങളാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിൽ ഉള്ളത്. മെഡിക്കൽ കോളേജുകളിൽ മാത്രം ലഭ്യമായിരുന്ന വിദഗ്ദ്ധ ചികിത്സ ഇപ്പോൾ താലൂക്ക് ആശുപത്രികളിൽവരെ ലഭ്യമാണ്. പുനലൂർ, ചാലക്കുടി പോലെയുള്ള താലൂക്ക് ആശുപത്രികളിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ വലിയതോതിൽ ചർച്ചയായതാണ്. ക്യാൻസർ ചികിത്സയിലും കേരളം ഒരുപാട് മുന്നിലാണ്. ആർസിസി, കൊച്ചിൻ ക്യാൻസർ സെന്‍റർ, മലബാർ ക്യാൻസർ സെന്‍റർ എന്നിവിടങ്ങളിൽ ഏറ്റവും ആധുനികമായ ചികിത്സാ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി വരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 1996ൽ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നവരുടെ ഇരട്ടിയോളം ആളുകൾ ഇപ്പോൾ സർക്കാർ ആശുപത്രിയിലേക്ക് വരുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസകരമാണ്. വലിയതോതിലുള്ള ചികിത്സാച്ചെലവ് മറികടക്കാൻ ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്നുണ്ട്.

    സർക്കാർ ആശുപത്രികൾക്ക് സ്വീകാര്യത വർദ്ധിക്കുന്നത് സർക്കാരിന് മറ്റൊരു തരത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടുതൽ രോഗികളെ ഉൾക്കൊള്ളുന്ന തരത്തിലേക്ക് അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയെങ്കിൽ മാത്രമെ ഫലപ്രദമായ നിലയിൽ ആശുപത്രികൾക്ക് പ്രവർത്തിക്കാനാകൂ. ഇപ്പോൾത്തന്നെ ആറായിരത്തോളം തസ്തികകളിൽ നിയമനം നടത്തേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ പ്രളയാനന്തരം വലിയതോതിലുള്ള ചെലവുചുരുക്കൽ പ്രഖ്യാപിച്ചു സർക്കാർ മുന്നോട്ടുപോകുന്നതിനാൽ ഈ പ്രശ്നത്തിന് ഉടനടി ഒരു പരിഹാരമുണ്ടാക്കാനാകാത്ത സ്ഥിതിവിശേഷമുണ്ട്. അതേസമയം ആർദ്രം പദ്ധതിയുടെ കാര്യക്ഷമമായ നിർവ്വഹണത്തിലൂടെ കേരളത്തിലെ ആരോഗ്യരംഗം ശരിയായ ദിശയിലാണെന്ന് വിലയിരുത്താം.

    First published:

    Tags: Dr B Eqbal, Health sector, Kerala development, ആരോഗ്യമേഖല, കേരള വികസനം, ഡോ. ബി ഇക്ബാൽ