• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA DGP ISSUES CIRCULAR ON POLICE OFFICERS WILL HAVE TO FACE DISCIPLINARY ACTION HOLD IF THEY DONT BEHAVE POLITELY WITH THE PUBLIC

'എടാ, എടീ, നീ, ഇനി ഇങ്ങനെ വിളിച്ചാൽ പൊലീസുകാർ അച്ചടക്ക നടപടി നേരിടും': ഡിജിപിയുടെ സർക്കുലർ

പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും.

അനിൽകാന്ത്

അനിൽകാന്ത്

  • Share this:
    തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.

    പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനമധ്യത്തിൽ സേനയുടെ സൽപ്പേരിന് അവമതിപ്പും അപകീർത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശമുണ്ട്.

    Also Read- കൊച്ചിയിൽ മൂന്നര വയസുകാരൻ ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

    പൊതുജനങ്ങളോടുള്ള പൊലീസിന്റെ മോശം പെരുമാറ്റത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഡി ജി പി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിയായ വ്യാപാരി ജെ എസ് അനിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. നേരത്തെ ഈ ഹർജി പരിഗണിച്ചപ്പോൾ 'എടാ, എടീ' വിളികൾ പൊലീസ് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഹർജി തീർപ്പാക്കിയാണ് ഡി ജി പിക്ക് നിർദ്ദേശം നൽകിയത്.

    ബാബു സിദ്ദിഖ് കേസിലെ ഹൈക്കോടതി വിധിയെത്തുടർന്ന് പൊലീസ് സേനയിലുള്ളവർ ജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് 2018 നവംബർ 30 ന് ഡി ജി പി സർക്കുലർ ഇറക്കിയിരുന്നു. നടപടിയെ അഭിനന്ദിക്കുന്നെങ്കിലും മൂന്നു വർഷം പിന്നിടുമ്പോഴും പൊലീസ് മോശമായി പെരുമാറിയെന്ന നിരവധി പരാതികൾ കോടതിയിലെത്തുന്നുണ്ട്. ചേർപ്പ് എസ് ഐ തന്റെ കടയിൽ വന്ന് മോശമായി പെരുമാറിയെന്നായിരുന്നു ഹർജിക്കാരന്റെ പരാതി. സ്വീകരിച്ച നടപടി വ്യക്തമാക്കി സർക്കാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്.

    ഹൈക്കോടതി പറഞ്ഞത്...

    എടാ, എടീ, നീ എന്നൊക്കെ പൊലീസ് സേനാംഗങ്ങൾ സ്ഥിരമായി വിളിക്കാറുണ്ട്. കൊളോണിയൽ കാലത്തെ കീഴടക്കൽ തന്ത്രങ്ങളുടെ അവശേഷിപ്പാണിത്. 21 ാം നൂറ്റാണ്ടിൽ ഇത്തരം പെരുമാറ്റത്തിന് പ്രസക്തിയില്ല. പൊതുജന സുരക്ഷ മുൻനിറുത്തി കോവിഡ് നിയന്ത്രണം നടപ്പാക്കുമ്പോൾ പോലും ഇത്തരം പെരുമാറ്റമുണ്ടായെന്ന് പരാതികളുണ്ട്. പരാതികൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്നതിനാൽ പലപ്പോഴും തെളിയിക്കാൻ കഴിയില്ല. പൊതുജനത്തിനെതിരെ പൊലീസ് മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് ഭരണഘടനയുടെ മനഃസാക്ഷിക്കും ജനാധിപത്യത്തിനുമെതിരാണിത്.
    Published by:Rajesh V
    First published:
    )}