തിരുവനന്തപുരം: സാലറി ചലഞ്ചിൽ സന്മനസുള്ളവർ മാത്രം പങ്കെടുത്താൽ മതിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. സംസ്ഥാനത്ത് ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവർത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവർക്കാണ് ആദ്യപരിഗണനയെന്നും മന്ത്രി പറഞ്ഞു.
'എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാർത്ത സാലറി ചലഞ്ച് നിർബന്ധമാക്കുമെന്നാണ്. കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യൻ എക്സ്പ്രസിൽ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിർബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിർബന്ധമാക്കിയാൽ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിർബന്ധവുമില്ല. നല്ലമനസ്സുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതി.' മന്ത്രി വ്യക്തമാക്കി.
You may also like:പൃഥ്വിരാജിനും സംഘത്തിനുമായി ജോർദാനിലേക്ക് പ്രത്യേക വിമാനം അയക്കുക അപ്രായോഗികം [PHOTOS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ [NEWS]
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണമായി നൽകുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിന് കേരള സർക്കാരും നിർബന്ധിതമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മാർച്ച് മാസത്തെ വരുമാനത്തിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതി പൂർണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോർ വാഹനങ്ങളുടെ വിൽപ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതിൽ ഇളവും നൽകിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏപ്രിൽ മാസത്തിൽ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വിൽപ്പനയുള്ളൂ. അവയുടെ മേൽ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവർക്ക് അടിയന്തിര സഹായങ്ങൾ നൽകിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചിൽ മുഴുവൻ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Dr T. M. Thomas Isaac, Salary challange