HOME » NEWS » Kerala » KERALA FLOODS CENTRE APPROVES ADDITIONAL RS 2500 CR RELIEF

കേരളത്തിന് 2500 കോടിയുടെ അധിക സഹായവുമായി കേന്ദ്രം

News18 Malayalam
Updated: November 30, 2018, 8:33 AM IST
കേരളത്തിന് 2500 കോടിയുടെ അധിക സഹായവുമായി കേന്ദ്രം
flood
  • Share this:
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് 2500 കോടി രൂപയുടെ ധനസഹായം കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ അനുവദിച്ച 600 കോടി രൂപക്ക് പുറമെയാണിത്. ഇതോടെ കേന്ദ്രത്തില്‍ നിന്ന് പ്രളയക്കെടുതി നേരിടുന്നതിന് സംസ്ഥാനത്തിന് ലഭിച്ച കേന്ദ്ര സഹായം 3100 കോടി രൂപയായി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 2500 കോടിയുടെ ധനസഹായം നല്‍കാനുള്ള ശിപാര്‍ശ നല്‍കിയത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ ഈ ധനസഹായം കേരളത്തിന് ലഭിക്കും. 4800 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

പ്രളയ ദുരിതാശ്വാസത്തിനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുമായി 600 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നത്. ഇതിനിടെ യു.എഇ സര്‍ക്കാര്‍ കേരളത്തിന് പ്രഖ്യാപിച്ച 700 കോടി രൂപയുടെ സാമ്പത്തിക സഹായം കൈപ്പറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നു കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

ധനസഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കാത്തതും വിവാദമായി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സെപ്തംബറില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ദുരന്തനിവാരണ ഫണ്ട് 75 ല്‍ നിന്നും 90 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതും സംസ്ഥാനത്തിന് ഗുണകരമായി. കേരളത്തിലെ 14 ജില്ലകളെയും ബാധിച്ച പ്രളയത്തില്‍ 488 പേരാണ് മരിച്ചത്. നിരവധി വീടുകളും കൃഷിയിടങ്ങളും തകര്‍ന്നു.



 
First published: November 30, 2018, 8:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories