ന്യൂഡൽഹി: പ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിന് കേരളത്തിന് 102 കോടി രൂപയുടെ ബില്ല്. തിങ്കളാഴ്ച രാജ്യസഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ രേഖാമൂലം നൽകിയ മറുപടിയിൽ 517 തവണ വിമാനം പറത്തിയെന്നും 3787 പേരെ എയർലിഫ്റ്റ് ചെയ്തെന്നും 1350 ടൺ സാധനസാമഗ്രികൾ കയറ്റിയെന്നും പറയുന്നു. വ്യോമസേനയുടെ ഹെലികോപ്ടറുകൾ 634 തവണ പറത്തി. 584പേരെ രക്ഷപ്പെടുത്തി. 247 ടൺ സാധന സാമഗ്രികൾ ഹെലികോപ്ടറുകളിൽ കയറ്റിയെന്നും വിശദമായ രേഖയിൽ പറയുന്നു.
'പ്രളയസമയത്ത് വ്യോമസേനയുടെ എയർക്രാഫ്റ്റുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിന് 102.6 കോടി രൂപയുടെ ബില്ലുകൾ കേരളത്തിന് നൽകിയിട്ടുണ്ട്. വ്യോമസേനയുടെ എയർക്രാഫ്റ്റുകളും ഹെലികോപ്ടറുകളും വിട്ടുനൽകുന്നതിന് വേണ്ടി വരുന്ന ചെലവ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ ഈടാക്കാറുണ്ട്'- മന്ത്രി പറഞ്ഞു. പ്രളയസമയത്തെ ചെലവ് സംബന്ധിച്ച വിശദമായ കണക്കുകൾ സേനയും നേവിയും തയാറാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു. സായുധ സേനയുടെ സേവനങ്ങൾക്കുള്ള ചെലവ് ചെലവ് ഈടാക്കുന്നത് സംബന്ധിച്ച് 1970ലെ മാർഗനിർദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air force, Flood in kerala, Kerala Flood 2018, കേന്ദ്ര സർക്കാർ, കേരള സർക്കാർ, രക്ഷാപ്രവർത്തനം, വ്യോമസേന