• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു; ശമ്പള വിഷയം ചര്‍ച്ചയായില്ല

KSRTC | സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു; ശമ്പള വിഷയം ചര്‍ച്ചയായില്ല

കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇതിനായി 100 കോടി രൂപ വകയിരുത്തിയിരുന്നു. ഈ നടപടി പൂർത്തിയാക്കും മുൻപാണ് പുതിയ ബസുകൾ വാങ്ങാൻ സര്‍ക്കാര്‍ തീരുമാനം എടുത്തത്.

  • Share this:
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി.ക്ക് (KSRTC) 445 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 700 സിഎൻജി  ബസുകൾ (CNG Bus) വാങ്ങാനാണ് തുക അനുവദിച്ചത്. കിഫ്ബി മുഖാന്തരമാണ് ബസുകള്‍ വാങ്ങുന്നത് . കെ സ്വിഫ്റ്റിന് (K-Swift) കീഴിൽ പത്ത് മാസത്തിനകം ബസുകൾ വാങ്ങാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. അതേസമയം പ്രതിഷേധങ്ങൾ ഒരു ഭാഗത്ത് തുടരുമ്പോഴും ശമ്പള വിഷയം മന്ത്രിസഭ ചർച്ച ചെയ്തില്ല.

എന്നാൽ കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം എങ്ങും എത്തിയിട്ടില്ല.  കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇതിനായി 100 കോടി രൂപ വകയിരുത്തിയിരുന്നു. ഈ നടപടി പൂർത്തിയാക്കും മുൻപാണ് പുതിയ ബസുകൾ വാങ്ങാൻ സര്‍ക്കാര്‍ തീരുമാനം എടുത്തത്.

സി എൻ ജി ഫില്ലിങ് സ്റ്റേഷനുകളും ഇതിനൊടൊപ്പം തുടങ്ങും. കെ.എസ്.ആർ.ടി.സി.ക്ക് ഡിപ്പോയും വർക് ഷോപ്പും ഉള്ള സ്ഥലങ്ങളിൽ സി.എൻ.ജി. ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനാണ് കൂടുതൽ പരിഗണന നൽകുന്നത്. കെ സ്വിഫ്റ്റ് ബസുകൾ ആദ്യ മാസം മികച്ച കളക്ഷൻ നേടിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കൂടുതൽ ബസുകൾ വാങ്ങാന്‍ അനുമതി നൽകിയത്.

Also Read- മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച 6000 കല്ലുകളുടെയും പ്രതിഷേധക്കാർക്കെതിരെയുളള കേസുകളുടെയും ഭാവിയെന്ത്?

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒരു മാസത്തെ 549 ട്രിപ്പില്‍ നിന്നുള്ള കളക്ഷൻ 3 കോടി കടന്നിരുന്നു. ദീർഘ ദൂര, എസി സ്ലീപ്പർ, എസി സീറ്റർ ബസുകളിലാണ് മികച്ച കളക്ഷൻ ലഭിച്ചത്. 55775 യാത്രക്കാർ, 1078 യാത്രകൾ. ഒര് യാത്രയിൽ ശരാശരി 50 ൽ അധികം പേർ യാത്ര ചെയ്തു. കളക്ഷൻ 3,01,62,808 രൂപയാണ്.
ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭം കുറവാണെങ്കിലും ആദ്യ മാസം തന്നെ കൂടുതൽ യാത്രക്കാരെ ആശ്രയിക്കാൻ കെ സ്വിഫ്റ്റ് ബസുകൾക്കായി.

എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ 5 സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ 4 സർവീസുകളുമാണ് ദിനംപ്രതിയുള്ളത്.
കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബെംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്.  സ്ലീപ്പർ ബസുകളിൽ ഭൂരിഭാഗം ദിവസവും ടിക്കറ്റ് ഫുൾ ആണ്. കൂടുതൽ കളക്ഷൻ നേടിയതും ഈ ബസുകൾ തന്നെ.

Also Read- വെള്ളത്തിലൂടെ KSRTC ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഡ്രൈവറെ തിരിച്ചെടുത്തു

എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട-ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്. നോൺ എസി വിഭാഗത്തിൽ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂർ ഒന്ന്, നിലമ്പൂർ-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂർ ഒന്ന്, തിരുവനന്തപുരം-സുൽത്താൻബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂർ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂർ-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂർ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂർ ഒന്ന്, തിരുവനന്തപുരം-മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെ 17 സർവീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്.

ഇതിനിടെ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി തുടരുകയാണ്.ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. CITU സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ശമ്പള പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ഉറപ്പുകളൊന്നും അദ്ദേഹം നൽകിയില്ലെനാണ് വിവരം.

നേരത്തെ ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ശമ്പളം നൽകാൻ സർക്കാർ ഇടപെടേണ്ടതില്ല മാനേജ്മെന്റ് നൽകും എന്ന അഭിപ്രായമായിരുന്നു ഗതാഗത മന്ത്രി നടത്തിയത്. വിദേശ സന്ദർശനം കഴിഞ്ഞ് കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാർകർ ഇന്ന് തിരിച്ചെത്തിയേക്കും. ബാങ്കിൽ നിന്ന് വീണ്ടും ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനുള്ള നടപടികൾ കെഎസ്ആര്‍ടിസി ഉടന്‍ ആരംഭിക്കും.
Published by:Arun krishna
First published: