• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bottled water Price| കുപ്പിവെള്ളത്തിന് വില കുറയുമോ? സ്റ്റേ ഉത്തരവിൽ അപ്പീൽ നൽകി സർക്കാർ

Bottled water Price| കുപ്പിവെള്ളത്തിന് വില കുറയുമോ? സ്റ്റേ ഉത്തരവിൽ അപ്പീൽ നൽകി സർക്കാർ

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഡിസംബർ 15 നാണ് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തത്.

  • Last Updated :
  • Share this:
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില (Bottled water Price) നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരെ  അപ്പീലുമായി സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നാണാവശ്യംചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് അപ്പീൽ പരിഗണിക്കും. കുപ്പിവെള്ളത്തിന്റെ (Bottled water) വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഡിസംബർ 15 നാണ് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തത്. വെള്ളം നിറയ്ക്കുന്ന കുപ്പി, ബോട്ടിലുകളുടെ അടപ്പ്, ലേബല്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വരുന്ന ചെലവ് ഭീമമാണെന്നും വില കുറച്ചത് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്നുമാണ് കമ്പനികളുടെ വാദം.

കുപ്പിവെള്ളം കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം ചെയ്തതും തടഞ്ഞു. സംസ്ഥാന സർക്കാരിന് ഇതിനുള്ള അധികാരമില്ലെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയായിരുന്നു നടപടി. കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയതുൾപ്പെടെ ഹർജികളിലാണു ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണൻ  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കുപ്പിവെള്ളത്തിന്റെ വില എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നു കേന്ദ്രസർക്കാർ 2 മാസത്തിനകം സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് കുപ്പിവെള്ളത്തിനു പല വില ഈടാക്കുകയാണെന്നു കാണിച്ച് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നിവേദനം നൽകിയതിനെ തുടർന്ന് 2019 ജൂൺ 14 നാണു സർക്കാർ ഇതിനെ കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കിയത്. പിന്നീട് 13 രൂപ വിലയും നിശ്ചയിച്ചു. ഇതു രണ്ടും ചോദ്യം ചെയ്താണു ഹർജി.
Also Read-Kerala Water Authority| ഇനി സംസ്ഥാനത്തെ റോഡുകൾ വാട്ടർ അതോറിറ്റിയ്ക്ക് തോന്നുമ്പോൾ കുത്തിപ്പൊളിക്കാൻ പറ്റില്ല

ഭക്ഷ്യസാമഗ്രികൾ കേന്ദ്ര അവശ്യസാധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് അധികാരമില്ല. സംസ്ഥാന–കേന്ദ്രസർക്കാരുകൾ ആലോചിച്ച് വില നിയന്ത്രണത്തിനുള്ള ശുപാർശ മുന്നോട്ടു വയ്ക്കണമെന്നുംകോടതി നിർദേശിച്ചു. കുടിവെള്ളം അല്ല, വെള്ളം കുപ്പിയിലാക്കിയ ഉൽപന്നത്തിന്റെ വിലയാണു നിയന്ത്രിക്കുന്നതെന്നു സർക്കാർ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. ഭക്ഷ്യ സാമഗ്രികളുടെ വിലനിയന്ത്രണം നടപ്പാക്കേണ്ടതു കേന്ദ്ര സർക്കാരാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി 2011ൽ കൊണ്ടുവന്ന ചട്ടങ്ങളിൽ കുപ്പിവെള്ളം ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read-SilverLine | ഭൂമി ഏറ്റെടുക്കൽ രണ്ട് വർഷത്തിനുള്ളിൽ; അവധിയില്ലാതെ 24 മണിക്കൂറും നിര്‍മാണ പ്രവർത്തനം; 2025ൽ പദ്ധതി പൂർത്തിയാക്കും: മുഖ്യമന്ത്രി

കോടതിയുടെ സ്റ്റേ ഉത്തരവ് വന്നതിന് പിന്നാലെ കുപ്പിവെള്ള കമ്പനികള്‍ വില കുത്തനെ കൂട്ടിയിരുന്നു. മിക്ക ബ്രാന്‍ഡുകളും പരമാവധി വില്‍പ്പന വില 20 രൂപയാക്കി. സര്‍ക്കാര്‍ ഉത്പന്നമായ ‘ഹില്ലി അക്വ’ ലിറ്ററിന് 10 രൂപ വിലയ്ക്ക് ലഭിക്കുന്നുണ്ട്. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെഐഐഡിസി) ‘ഹില്ലി അക്വ’ പൊതു വിപണിയിലെത്തിക്കുന്നത്.

തൊടുപുഴ മ്രാലയിലുള്ള പ്ലാന്റിൽ നിന്ന് ഒരു ലീറ്ററിന്റെയും രണ്ടു ലീറ്ററിന്റെയും കുപ്പിവെള്ളവും അരുവിക്കരയിൽ നിന്ന് 20 ലിറ്റർ ജാറുകളിലുമാണ് ഇപ്പോള്‍ വിതരണം. അരുവിക്കരയിലെ പ്ലാന്റിൽ ഈ മാസത്തോടെ ഒരു ലിറ്റർ കുപ്പിവെള്ളം ഉൽപാദനം ആരംഭിക്കും. തൊടുപുഴയില്‍നിന്ന് അര ലീറ്ററിന്റെ ഉൽപാദനവും വൈകാതെ തുടങ്ങും.

ഗുണനിലവാരം കൂടിയ കുപ്പിവെള്ളം ന്യായമായ വിലയ്ക്കു ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹില്ലി അക്വയുടെ ഉല്‍പാദനവും വിപണനവും സര്‍ക്കാര്‍ വിപുലമാക്കുന്നതെന്നു ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ഹില്ലി അക്വയുടെ വിലയില്‍ മാറ്റം വരുത്തേണ്ടെന്ന് മന്ത്രി നിർദേശിച്ചു. കൂടുതൽ മേഖലകളില്‍ കുറഞ്ഞവിലയ്ക്ക് കുപ്പിവെള്ളമെത്തിക്കാൻ പുതിയ വിതരണക്കാരെ നിയോഗിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
Published by:Naseeba TC
First published: