ന്യൂഡൽഹി: ദൂരപരിധി വർധിപ്പിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ ക്വാറികൾക്ക് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ക്വാറികളുടെ ദൂരപരിധി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി.
ദൂരപരിധി 200 മീറ്ററാക്കിയത് സംസ്ഥാനത്തിന്റെ വാദം കേൾക്കാതെയെന്നാണ് ഹർജിയിലെ ആരോപണം. ക്വാറികളുടെ ദൂരപരിധി 50 മീറ്റർ മതിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഉത്തരവ് നടപ്പാക്കിയാൽ കേരളത്തിലെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരും.നിർമാണം പുരോഗമിക്കുന്ന സുപ്രധാന പദ്ധതികളെ ബാധിക്കുമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ പറയുന്നു.
ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നായിരുന്നു ഹരിത ട്രൈബ്യുണൽ ഉത്തരവ്. ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതി അടുത്തയാഴ്ച വിശദമായി കേൾക്കാനിരിക്കെയാണ് സർക്കാർ നിലപാട് അറിയിച്ചത്.
ജനവാസകേന്ദ്രവും ക്വാറിയുമായുള്ള കുറഞ്ഞ ദൂരപരിധി അൻപത് മീറ്ററിൽ നിന്ന് വർധിപ്പിച്ച ദേശീയ ഹരിത ട്രൈബ്യുണൽ വിധിക്കെതിരായ ഹർജികളിലാണ് കോടതി വാദം കേൾക്കാൻ തീരുമാനിച്ചിട്ടുള്ളത്.. കേരളത്തിലെ ക്വാറി ഉടമകൾ അടക്കം നൽകിയ ഹർജികളിലാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുക. സെപ്തംബർ ഒന്നിന് കേസ് പരിഗണിക്കും.
ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്.സ്വമേധയാ എടുത്ത കേസിൽ ഹരിത ട്രൈബ്യൂണലിന് ഇത്തരത്തിൽ വിധി പ്രസ്താവിക്കാൻ കഴിയില്ലെന്നാണ് ക്വാറി ഉടമകളുടെ വാദം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.