• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചിരിക്കണ്ട; ശരിക്കും മലംഭൂതം വരുന്നു'; കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കുന്നത് പഠിപ്പിക്കും

'ചിരിക്കണ്ട; ശരിക്കും മലംഭൂതം വരുന്നു'; കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കുന്നത് പഠിപ്പിക്കും

കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജനങ്ങളെ ക്യാമ്പയിനിലൂടെ ബോധവത്കരിക്കും

  • Share this:
തിരുവനന്തപുരം: ജലസ്രോതസുകൾ മലിനമാകുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'മലംഭൂതം' ബോധവത്കരണ പദ്ധതിക്ക് തുടക്കമായി. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും ശുചിത്വമിഷന്‍റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് മലംഭൂതം. യുനിസെഫ്-വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. 'തെളിനീരൊഴുകും നവകേരളം'- പ്രചാരണ പദ്ധതിയുടെ തുടർച്ചയായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ മലംഭൂതം എന്ന പേരിൽ സംഘടിപ്പിക്കുന്ന വിജ്ഞാന വ്യാപന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു.

തെളിനീരൊഴുകും നവകേരളത്തിന്‍റെ ഭാഗമായുള്ള പരിശോധനയില്‍ കേരളത്തിലെ പൊതു ജലാശയങ്ങളില്‍ 80% മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമാണെന്നു കണ്ടെത്തിയിരുന്നു. കിണറുകളിലും ഇത്തരം മാലിന്യങ്ങളുടെ അളവ് വർധിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയ പടർന്നിരിക്കുന്ന സാഹചര്യത്തിൽ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം അടിയന്തിരമായി ഒരുക്കുവാനും ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്റേയും, ജലസ്രോതസുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിനായ മലംഭൂതത്തിന് സാധിക്കും. കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജനങ്ങളെ ക്യാമ്പയിനിലൂടെ ബോധവത്കരിക്കും.

അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഓരോ ജില്ലയിലും 2 വീതം സംസ്ഥാനത്ത് 28 പ്ലാന്‍റുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും. ഓരോ ജില്ലയ്ക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ഒരു ഫീക്കല്‍ സ്ലഡ്ജ് മാനേജ്മെന്‍റ് പ്ലാൻ ഉണ്ടാക്കും. 2016-ൽ വെളിയിട വിസർജ്നമുക്ത പ്രദേശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെങ്കിലും കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കാരിക്കാനാവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രണ്ടാംനിര പ്രശ്നങ്ങൾ നേരിടുന്ന പ്രദേശമാണ് കേരളം. കക്കൂസിനോട് അനുബന്ധമായി നിർമിക്കുന്ന സെപ്റ്റിക് ടാങ്കുകളിൽ നിർമാണത്തിലെ അശാസ്ത്രീയതമൂലം പലപ്പോഴും മനുഷ്യ വിസർജ്യത്തിന്റെ ശാസ്ത്രീയ സംസ്കരണം നടക്കുന്നില്ല. അതിനാൽ സെപ്റ്റിക് ടാങ്കുകളിൽ നിന്നും ചുരുങ്ങിയത് 3 വർഷത്തിൽ ഒരിക്കലെങ്കിലും വിസർജ്യാവശിഷ്ടം ശേഖരിച്ച് ശാസ്ത്രീയരീതിയിൽ സംസ്ക്കരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ സംസ്ക്കരിക്കാതിരുന്നാൽ സെപ്റ്റിക് ടാങ്കുകളിൽ നിന്നും പുറന്തളപ്പെടുന്ന ജലത്തിനോടൊപ്പം മനുഷ്യവിസർജ്യം കൂടികലർന്ന് ഗുരുതര ജലമലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. സംസ്ഥാനം ഇന്ന് നേരിടുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. വീടുകളിലെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് 3 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

കക്കൂസ് മാലിന്യം ഉൾപ്പെടെ മലിനജലം സംസ്‌കരിക്കാനുള്ള പദ്ധതികൾ ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് നിർദേശിച്ചു. പദ്ധതികൾ നടപ്പാക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് ലഭ്യമാക്കും. നഗരസഭയുടെ മുട്ടത്തറയിലെ മലിനജല സംസ്‌കരണ പദ്ധതി മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. മലംഭൂതം ക്യാമ്പയിൻ ലോഗോ പ്രകാശനവും ബോധവത്കരണ വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
Published by:Anuraj GR
First published: