• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീനാരായണ ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരുന്നു; നിയമനിർമാണം ആലോചനയിലെന്ന് മുഖ്യമന്ത്രി

ശ്രീനാരായണ ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരുന്നു; നിയമനിർമാണം ആലോചനയിലെന്ന് മുഖ്യമന്ത്രി

ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

  • Share this:

    വർക്കല: അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തിൽ ശ്രീനാരായണ ഗുരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു പെരുമാറിയത് ജനാധിപത്യബോധത്തോടെയാണ്. എന്നാൽ ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് നരബലിയിൽ കാണാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്താൻ ആലോചിക്കുന്നുണ്ട്. ഗുരുവിൻ്റെ നിലപാട് തുടരണം, സമൂഹത്തെ പിന്നോട്ടടിപ്പിക്കാൻ അനുവദിച്ച് കൂടാ. നവോത്ഥാന ചിന്ത ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മാധ്യമങ്ങൾ യഥാർത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയ്ക്കണം. കൂടാതെ മന്ത്രവാദം, ചാത്തൻസേവ തുടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങൾ കൂട്ടത്തോടെ ഇതിന് പിന്നാലെ പോകുകയാണ്. ദുരാചാരത്തിൻ്റെ ദുർമൂർത്തികൾ ഉറഞ്ഞുതുള്ളുകയാണ്. നാടിൻ്റെ വികസനത്തെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകേണ്ട ഗുരുവിൻ്റെ കാഴ്ച്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശിവഗിരിക്ക് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ശിവഗിരി തീർത്ഥാടനം എന്തിന് വേണ്ടിയാണ് നടത്തുന്നതെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, കൃഷി, ആരോഗ്യം തുടങ്ങിയവക്ക് വേണ്ടിയാണിത്. സാമൂഹ്യ പുരോഗതി ഈ രീതിയിൽ മാത്രമേ വരുത്താനാകൂ എന്ന് ഗുരു പറഞ്ഞു. മഞ്ഞ വസ്ത്രം എന്തിനാണെന്നതിന് ഗുരു തന്നെ പറഞ്ഞു. കാഷായ വസ്ത്രം എന്നത് അറിയാതെയല്ല മഞ്ഞ വസ്ത്രം എന്ന് പറഞ്ഞത്. തീർത്ഥാടനത്തിൽ ആർഭാടം പാടില്ലെന്ന് ഗുരു പറഞ്ഞു. മഞ്ഞ പട്ട് വേണ്ടെന്നും പറഞ്ഞു.വെള്ള മുണ്ട് മഞ്ഞളിൽ മുക്കിയെടുത്താൽ മതി എന്ന് പറഞ്ഞു. ആർഭാടവും ഒച്ചപ്പാടുമുണ്ടാക്കി മലിനപ്പെടുത്തരുതെന്നും ഗുരു പറഞ്ഞു. ശിവഗിരി തീർത്ഥാടനം ഗുരുവിൻ്റെ നിർദേശ പ്രകാരം തന്നെയാണ് നടത്തുന്നത്. തീർത്ഥാടനത്തിൽ പാളിച്ചയുണ്ടെങ്കിൽ സന്യാസി ശ്രേഷ്ഠൻമാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    Published by:Arun krishna
    First published: