തിരുവനന്തപുരം: വിദ്വേഷ പ്രസംഗം (Hate Speech) നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്റെ (PC George) ജാമ്യം (Bail) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാര് (Kerala Government) കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) അസി. പബ്ലിക് പ്രോസിക്യൂട്ടറാണ് ഹർജി സമർപിച്ചത്. കേസിൽ മേയ് 11ന് വാദം കേൾക്കും. പി സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജാമ്യം നേടിയതിനുശേഷം പുറത്തിറങ്ങിയ പി സി ജോർജ് തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പൊതുപരിപാടികളിൽ പങ്കെടുത്തപ്പോഴും ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിൽ പ്രസംഗം ആവർത്തിച്ചു. ജാമ്യം പരിഗണിച്ച സമയത്ത് അസി. പബ്ലിക് പ്രോസിക്യൂട്ടർ സ്ഥലത്തില്ലായിരുന്നു എന്ന കോടതി പരാമർശം സാങ്കേതികമായി ശരിയല്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോർജിനെതിരെ കേസെടുത്ത പൊലീസ് ഇരാറ്റുപേട്ടയിലെ വസതിയിൽനിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നന്ദാവനം എ ആർ ക്യാംപിലേക്ക് കൊണ്ടുപോയ ജോർജിനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. സാക്ഷിയെ സ്വാധീനിക്കരുതെന്നും മതവിദ്വേഷത്തിന് ഇടയാക്കുന്ന പരാമർശങ്ങൾ നടത്തരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായാണ് ജോർജ് പുറത്തിറങ്ങി മാധ്യമങ്ങളോട് പറഞ്ഞത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് ജോർജ് വിവാദ പ്രസംഗം നടത്തിയത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും മുസ്ലിം സമുദായത്തെ സംശയമുനയിൽ നിർത്താനും പ്രസംഗം ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐയും യൂത്ത് ലീഗും പൊലീസിൽ പരാതി നൽകിയിരുന്നു.
പി സി ജോർജിന് ജാമ്യം അനുവദിച്ചത് പൊലീസ് റിപ്പോർട്ടിലെ അവ്യക്തത കാരണമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഒരു മുൻ എംഎൽഎ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യേണ്ടത് എന്ന കാര്യം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ സർക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.