കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് 2022 സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ടിന്റെ 3785 പ്രവർത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്ന നടപടി തുടങ്ങി. സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്. അക്രമക്കേസിൽ പ്രതികളായ 3785 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്.
സ്വത്ത് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാർക്കു കൈമാറാൻ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ജില്ലാ റജിസ്ട്രാർ ഇതു രജിസ്ട്രേഷൻ ഐജിക്കു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികൾ ആരംഭിക്കും.
Also Read- ഇങ്ങനെ ഹർത്താൽ നടത്താൻ പറ്റുമോ; കേരളാ ഹൈക്കോടതി പറഞ്ഞതെന്ത് ?
പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമങ്ങളിൽ 5.2 കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കണക്കാക്കുന്നത്. ഈ തുക ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികൾ പൂർത്തിയാക്കുമെന്നു സർക്കാർ ഡിസംബർ 23ന് കോടതിയെ അറിയിച്ചു. ഇതനുസരിച്ചാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.