തിരുവനന്തപുരം: ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നെങ്കിൽ ഇത്തവണ അത് 13 ആയി കുറച്ചിട്ടുണ്ട്. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. ഇത്തവണയും റേഷൻ കടകൾ വഴിയാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്.
സൗജന്യ കിറ്റുകൾ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങൾ സജ്ജമാക്കാനുമുള്ള നടപടികൾ ഊർജിതമാക്കാൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ സിഎംഡി കഴിഞ്ഞ ദിവസം നിർദേശം നൽകി. ഇനങ്ങളുടെ പട്ടിക റീജനൽ മാനേജർമാർ രണ്ടു ദിവസം മുൻപ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണ്. അതേസമയം കിറ്റ് വിതരണത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും സപ്ലൈകോ അറിയിച്ചു.
90 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്കാവും സൗജന്യ കിറ്റ് ലഭ്യമാക്കുക. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നൽകുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചർച്ചകൾ നടന്നു വരുന്നു. സാധനങ്ങളുടെ ലഭ്യത അനുസരിച്ച് കിറ്റിൽ ഉൾപ്പെടുത്തുന്ന സാധനങ്ങളിൽ മാറ്റം വരുത്തിയേക്കാം. ഇത്തവണ കിറ്റിൽ ഉൾപ്പെടുത്താൻ പ്രാഥമികമായി നിർദേശിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ചുവടെ നൽകിയിരിക്കുന്നു.
ഇത്തണവ ഓണം പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തുന്നവ
പഞ്ചസാര– ഒരു കിലോ
ചെറുപയർ– 500 ഗ്രാം
തുവര പരിപ്പ്– 250 ഗ്രാം
ഉണക്കലരി– അര കിലോ
വെളിച്ചെണ്ണ– 500 മില്ലിലീറ്റർ
തേയില– 100 ഗ്രാം
മുളകുപൊടി– 100 ഗ്രാം
മഞ്ഞൾപ്പൊടി– 100 ഗ്രാം
സേമിയ/പാലട
ഉപ്പ്- ഒരു കിലോ
ശർക്കരവരട്ടി– 100 ഗ്രാം
ഏലയ്ക്ക/കശുവണ്ടി– 50 ഗ്രാം
നെയ്യ്– 50 മില്ലിലിറ്റർ
മുമ്പ് കിറ്റ് വിതരണം ചെയ്തപ്പോഴുള്ള കമ്മീഷൻ കുടിശിക നൽകാത്തതിനാൽ ഇത്തവണ കിറ്റ് വിതരണത്തിൽ സഹകരിക്കണമോയെന്ന കാര്യത്തിൽ റേഷൻ വ്യാപാരികളുടെ സംഘടന അന്തിമ തീരുമാനം എടുത്തിട്ടില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിൽ 11 മാസത്തെ കമീഷനാണ് സർക്കാർ വ്യാപാരികൾക്ക് നൽകാനുള്ളത്. കിറ്റ് വിതരണം സേവനമായി കാണണമെന്ന ഭക്ഷ്യമന്ത്രിയുടെ വാദം തള്ളി ഹൈകോടതിയെ സമീപിച്ച വ്യാപാരികൾ ഫെബ്രുവരി രണ്ടിന് അനുകൂല വിധി നേടിയിരുന്നു. ഓണക്കിറ്റ് വിതരണത്തിന് അഞ്ചുരൂപ നിരക്കിലും കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന് ഏഴു രൂപ നിരക്കിലുമാണ് കമീഷൻ നൽകേണ്ടത്.
Also Read-
KSEB ഓഫീസിലേക്കു ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു; വിളിച്ചയാള്‍ക്കു ശിക്ഷയായി മറുപടി നല്‍കുന്നതിനുള്ള ചുമതല
എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉറപ്പാക്കുന്നതിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന് നിർണായക പങ്കുണ്ടായിരുന്നു. കിറ്റ് നൽകി അധികാരത്തിലെത്തിയ സർക്കാരെന്ന് പ്രതിപക്ഷകക്ഷികളും നേരത്തെ വിമർശിച്ചിരുന്നു. എന്നാൽ അധികാരത്തിൽ തിരിച്ചെത്തിയതോടെ കിറ്റ് വിതരണം നിർത്തുമെന്ന പ്രചരണം വ്യാപകമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.