ചീഫ് സെക്രട്ടറിയെക്കൊണ്ട് മറുപടി പറയിച്ചത് തുറന്ന യുദ്ധത്തിന്; സി.എ.ജിയുമായി ഏറ്റുമുട്ടാൻ സർക്കാർ

സിഎജി റിപ്പോർട്ടിന് വ്യവസ്ഥാപിത മാർഗങ്ങളിലൂടെ മറുപടി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വരെ പറഞ്ഞിരുന്നത്

News18 Malayalam | news18-malayalam
Updated: February 15, 2020, 1:46 PM IST
ചീഫ് സെക്രട്ടറിയെക്കൊണ്ട് മറുപടി പറയിച്ചത് തുറന്ന യുദ്ധത്തിന്; സി.എ.ജിയുമായി ഏറ്റുമുട്ടാൻ സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: ഗവർണറുമായുള്ള തർക്കങ്ങൾക്ക് താത്കാലിക വിരാമം. സർക്കാരിന്റെ അടുത്ത പോര് മറ്റൊരു ഭരണഘടനാ സ്ഥാപനമായ സിഎജിയുമായി. ചീഫ് സെക്രട്ടറിയെക്കൊണ്ട് സിഎജി റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യിച്ച സർക്കാർ നടപടി തുറന്ന യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, അസാധാരണ നടപടിയുമാണിത്.

സിഎജി റിപ്പോർട്ടിന് വ്യവസ്ഥാപിത മാർഗങ്ങളിലൂടെ മറുപടി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വരെ പറഞ്ഞിരുന്നത്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ആരോപണവിധേയരായ വകുപ്പുകൾ മറുപടി നൽകുകയും പിഎസി തീരുമാനമെടുക്കുകയും ചെയ്യുക എന്നതാണ് ആ വ്യവസ്ഥാപിത രീതി. എന്നാൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന ആ നടപടിക്രമങ്ങൾക്കു കാത്തു നില്‌‍‌‍‍‍ക്കാൻ രാഷ്ട്രീയ സാഹചര്യങ്ങൾ സർക്കാരിനെ അനുവദിക്കുന്നില്ലെന്നു വ്യക്തം.

അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് സർക്കാരിന്റെ മുഖമുദ്രയായി ഇടതുമുന്നണി എടുത്തുകാട്ടുന്നത്. ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ പരാമർങ്ങൾ. മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയാണ് ആരോപണശരങ്ങൾ എന്നത് മുന്നണി നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.

അതുതിരിച്ചറിഞ്ഞാണ് സിഎജി റിപ്പോർട്ടിലെ രാഷ്ട്രീയത്തിലേക്കും ഗൂഢാലോചനാ സിദ്ധാന്തത്തിലേക്കും സർക്കാരും മുന്നണിയും കടക്കുന്നത്. നിയമ സഭയിൽ ടേബിൾ ചെയ്യുന്നതിനു തലേദിവസം റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങളിൽ ചിലത് അഴിമതി ആരോപണമായി പി.ടി.തോമസ് ഉന്നയിച്ചിരുന്നു. ഇത് സർക്കാരിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. റിപ്പോർട്ട് ചോർന്നു എന്ന് ചീഫ് സെക്രട്ടറി ടോം ജോസിനെ കൊണ്ട് പറയിക്കാൻ സർക്കാർ തെളിവായി കാണുന്നത് ഇതിനെയാണ്.

ചോർന്നില്ലെങ്കിൽ എങ്ങനെ പി.ടി.തോമസിന് റിപ്പോർട്ടിലെ പരാമർശങ്ങൾ നേരത്തേ അറിയാൻ കഴിഞ്ഞു എന്നതാണ് ചോദ്യം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം ഇതിന്റെ ചുവടുപിടിച്ചുള്ളതാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ വാർത്താ ചോർച്ചയ്ക്കു സമാനമാണ് സിഎജി റിപ്പോർട്ടിൽ ഉണ്ടായതെന്നും സിപിഎം കരുതുന്നു.

സംശയ നിഴലിൽ ഏജീസ് ഓഫീസിലേയും നിയമസഭയിലേയും കോൺഗ്രസ്  അനുകൂല നേതാക്കളാണ്. ചില സിപിഎം നേതാക്കളാകട്ടേ, സിഎജിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചു പോലും സംശയം ഉയർത്തുന്നു. ഏയാലും അസാധാരണമായ രാഷ്ട്രീയ-ഭരണഘടനാ സാഹചര്യമാണ് ഇത് വീണ്ടും സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളത്. ഭരണഘടനാ സ്ഥാപനങ്ങളുമായി ഏറ്റുമുട്ടിലിനില്ലെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കങ്ങൾ എന്നതാണ് കൗതുകകരം. വിശ്വാസ്യത ചോദ്യം ചെയ്തുള്ള സർക്കാർ നീക്കത്തൽ സിഎജിയുടെ തുടർ ഇടപെടലുകളും നിർണായകമാകും.
First published: February 15, 2020, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading