News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 12:47 PM IST
കെ. കെ സുരേന്ദ്രൻ
കൽപറ്റ:
മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബത്തേരി സബ്കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി.അനധികൃത അറസ്റ്റിനും കസ്റ്റഡി പീഡനത്തിനും 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനും ഏഴ് പൊലീസുകാര്‍ക്കും എതിരെ 2004 ല്‍ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, ബത്തേരി എസ്.ഐ പി. വിശ്വംഭരന്, എ.എസ്.ഐ മത്തായി, പൊലീസുകാരായ വസന്തകുമാര്‍, രഘുനാഥന്, വര്‍ഗീസ്, പൊലീസ് സി.ഐ ദേവരാജന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. സര്‍ക്കാര്‍ പണം നല്‍കുകയും തുക ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുകയും വേണമെന്ന് കോടതി അറിയിച്ചു.
2003 ഫെബ്രുവരി 19നാണ് മുത്തങ്ങയിൽ കുടിൽകെട്ടി സമരം ചെയ്ത ആദിവാസികൾക്കു നേരെ ലാത്തിചാർജും വെടിവെപ്പും നടത്തിയത്. സി.കെ. ജാനു, എം. ഗീതാനന്ദൻ, അശോകൻ എന്നിവരായിരുന്നു സമര നേതാക്കൾ. പൊലീസ് വെടിവെയ്പിപിൽ ഒരു ആദിവാസി മരിക്കുകയും ഒരു പൊലീസുകാരന് വെട്ടേറ്റ് മരിക്കുകയും ചെയ്തിരുന്നു.
Also Read
തടവുകാരെ സ്റ്റൈലാക്കാൻ ജയിൽ വകുപ്പ്; പുരുഷന്മാർക്ക് ടീഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാർ
ആദിവാസികള്‍ക്ക് സമര ഭൂമിയിലെത്തി ക്ലാസെടുത്തെന്നും പ്രക്ഷോഭത്തിന് പിന്നിലെ സൂത്രധാരനാണെന്നും ആരോപിച്ചാണ് സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ബത്തേരി എസ്.ഐ പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ ജീപ്പിലെത്തിയ സംഘം സുരേന്ദ്രനെ ഡയറ്റിലെ സ്റ്റാഫ് റൂമില്‍ നിന്ന് ഫെബ്രുവരി 22ന് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
പൊലീസ് മർദ്ദനത്തിൽ കര്‍ണപടം പൊട്ടിയ സുരേന്ദ്രന് ഏറെക്കാലം ചികിത്സയ്ക്ക് വിധേയനായിരുന്നു. കേസിനെ തുടർന്ന് സുരേന്ദ്രനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തിൽ സുരേന്ദ്രന് പ്രതിയല്ലെന്ന് കണ്ടെത്തിയിരുന്നു.
Published by:
Aneesh Anirudhan
First published:
January 13, 2021, 12:47 PM IST