തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. കരട് പ്രസംഗം സംസ്ഥാന സർക്കാരിന് രാജ്ഭവൻ കൈമാറി. ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ജനുവരി 23നാണ് ഗവർണറുടെ നയപ്രഖ്യാപനം നടക്കുക.
ഗവർണർ- സർക്കാർ തർക്കം അതിരൂക്ഷമായി തുടർന്നഘട്ടത്തിൽ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചിരുന്നു. അതിനിടെ, 2023ലെ നിയമസഭ സമ്മേളനത്തിനായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് ആവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി. ഗവർണറോട് അനുനയ വാതിൽ തുറക്കുന്നതാണ് ഈ തീരുമാനമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.
Also Read- കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു
ഇതിനൊപ്പം സജി ചെറിയാൻ മന്ത്രിസഭയിലേക്ക് മടങ്ങി എത്തുന്നതിനെ എതിർക്കാതിരുന്നതും ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുമെന്ന ഗവർണറുടെ പ്രഖ്യാപനവും ഇരുവിഭാഗത്തിനിടയിൽ മഞ്ഞുരുക്കി.തുടർന്ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനം നടത്താമെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം 23നാണ് ആരംഭിക്കുക. ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നന്ദിപ്രമേയ ചർച്ച നടക്കും. 10ന് സഭ താൽകാലികമായി പിരിയും. ഇടവേളക്കു ശേഷം ഫെബ്രുവരി അവസാനം വീണ്ടും ചേരും. ബജറ്റ് വകുപ്പുതിരിച്ച് ചർച്ച ചെയ്ത് ധനാഭ്യർത്ഥനകൾ പാസാക്കും. അടുത്ത സാമ്പത്തിക വർഷത്തിനു മുമ്പ് ബജറ്റ് സമ്പൂർണമായി പാസാക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read- ‘No എന്നു പറഞ്ഞാൽ അതിനർത്ഥ No എന്ന് തന്നെ; സ്ത്രീകളെ അനുമതിയില്ലാതെ തൊടാൻ പാടില്ല’: കേരള ഹൈക്കോടതി
കഴിഞ്ഞ തവണ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകുന്നത് ഗവർണർ വൈകിപ്പിച്ചത് വലിയ പ്രതിസന്ധിയിലേക്ക് സർക്കാറിനെ എത്തിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.