തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡീലിറ്റ് (D Litt) ബിരുദം നൽകാൻ കേരള സർവകലാശാല (Kerala University) വി സി യോട് ശുപാർശ ചെയ്തിരുന്നുവെന്ന് ആദ്യമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ഥിരീകരിക്കുന്നത്. ആവശ്യം പരിഗണിക്കാൻ സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കാനും വിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിൻഡിക്കേറ്റ് യോഗം വിളിക്കേണ്ട എന്ന നിർദ്ദേശമാണ് തനിക്ക് ലഭിച്ചത് എന്ന് വി സി മറുപടി നൽകി. ഇതോടെ താൻ കേരള സർവകലാശാല വി സി യോട് ഇക്കാര്യം എഴുതി നൽകാൻ ആവശ്യപ്പെട്ടു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഭാഷയിലാണ് വി സി മറുപടി നൽകിയതെന്നും ഗവർണർ പറയുന്നു.
കേരളസർവകലാശാല പോലെയുള്ള ഒരു മികച്ച സർവകലാശാലയിലെ വൈസ് ചാൻസലർ ഇങ്ങനെയാണോ എഴുതേണ്ടത്. വൈസ് ചാൻസലർക്ക് രണ്ടു വരി കൃത്യമായി എഴുതാൻ കഴിയാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ച സൂചിപ്പിക്കുന്നു. വൈസ് ചാൻസലറുടെ കത്ത് കണ്ട് താൻ ഷോക്കായി പോയി. പിന്നീട് 10 മിനിറ്റ് കഴിഞ്ഞാണ് താൻ ആ ഷോക്കിൽ നിന്നും മോചിതനായതെന്നും ഗവർണർ പരിഹസിച്ചു.
രാഷ്ട്രപതിക്ക് ഡീലിറ്റ് നൽകണമെന്ന് ശുപാർശ ചെയ്തത് തെറ്റല്ല. ഏതൊരു സാധാരണക്കാരനും ഇക്കാര്യം ശുപാർശ ചെയ്യാനാകും. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ല എന്ന് വ്യക്തമാക്കുന്ന മൂന്നു കത്തുകൾ സർക്കാരിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ഇടപെടലിന്റെ ഭവിഷത്ത് തിരിച്ചറിയാൻ സർക്കാരിന് സമയം നൽകുകയാണ്. ചാൻസലർ സ്ഥാനത്ത് തുടർന്നാൽ തന്റെ മറ്റൊരു മുഖം ആയിരിക്കും കാണുക എന്നും ഗവർണർ പറഞ്ഞു.
കണ്ണൂർ വിസി നിയമനം നിയമവിരുദ്ധം ആയിരുന്നില്ല. പക്ഷേ നടപടിക്രമങ്ങൾ പാലിക്കാതെയായായിരുന്നു നിയമനം. ചില കാര്യങ്ങളിൽ എജി തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ഗവർണർ കുറ്റപ്പെടുത്തി. സർവകലാശാലകളുടെ സംരക്ഷണത്തിന് സർജിക്കൽ സ്ട്രൈക്ക് തന്നെ വേണം. പ്രതിപക്ഷത്തിനെതിരെയും ഗവർണർ ആഞ്ഞടിച്ചു. ആഭ്യന്തര തർക്കങ്ങളിൽ നിന്ന് തലയൂരാൻ പ്രതിപക്ഷം തന്നെ കരുവാക്കുകയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.