ഇന്റർഫേസ് /വാർത്ത /Kerala / കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഗവർണർ

കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഗവർണർ

ഗവർണ്ണർ ക്യാമ്പ് സന്ദർശിക്കുന്നു

ഗവർണ്ണർ ക്യാമ്പ് സന്ദർശിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ തിരുവനന്തപുരത്തെ പുഞ്ചക്കരി, വെള്ളായണി അടക്കമുള്ള നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു

  • Share this:

തിരുവനന്തപുരം: നേമം കല്ലിയൂർ മുടിപ്പുരനട ഗവൺമെന്റ് എൽ.പി. സ്കൂളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ഗവർണ്ണർ സന്ദർശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പുഞ്ചക്കരി, വെള്ളായണി അടക്കമുള്ള നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.

നിരവധി വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് 30 കുടുംബങ്ങളെയാണ് മുടിപ്പുരനട എപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. നിലവിൽ ദുരിതബാധിതരായ 50 പേരാണ് ക്യാമ്പിൽ കഴിയുന്നത്. ഇവരെ സന്ദർശിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ ഗവർണർ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.

വെള്ളപ്പൊക്കത്തിൽ  വീട്ടിലെ മുഴുവൻ സാധനങ്ങളും നഷ്ടമായെന്ന് ക്യാമ്പിൽ ഉണ്ടായിരുന്നവർ ഗവർണറോട് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സഹായം വേണമെന്നും ക്യാമ്പിൽ ഉണ്ടായിരുന്നവർ ഗവർണറോട് ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ സഹായവും എത്തിക്കാനുള്ള ഇടപെടൽ നടത്താമെന്ന് ക്യാമ്പിൽ ഉണ്ടായിരുന്നവർക്ക് ഗവർണർ ഉറപ്പു നൽകി. അരമണിക്കൂറോളം ക്യാമ്പിൽ ചെലവഴിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇതിനിടയിൽ കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും ഗവർണർ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളിൽ ഉത്കണ്ഠ ഉണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം കാണേണ്ട സമയം ആയി.

കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. എല്ലാവരും ജാഗ്രതയിലാണ്.

ഹൃദയഭേദകമായ അവസ്ഥയിലൂടെയാണ് ജനങ്ങൾ കടന്ന് പോകുന്നത്.

തുടർച്ചയായ ഇത്തരം സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ടതിനെ കുറിച്ച് കൂടിയാണ്.

ഇടുക്കി ഡാം തുറന്നതിനാൽ  ജനങ്ങൾ സുരക്ഷിതരാകണം. അപകടസാധ്യതയുള്ള മേഖലകളിൽനിന്നും ജനങ്ങൾ മാറി താമസിക്കണം. നാവികസേനയും, കരസേനയും, വ്യോമസേനയും പ്രതിസന്ധികളെ നേരിടാൻ പൂർണ്ണ സജ്ജരാണ്‌. എങ്കിൽപോലും മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിലും കനത്ത മഴ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ എല്ലായിടങ്ങളിലും കനത്ത ജാഗ്രത തുടരണമെന്നും ഗവർണർ വ്യക്തമാക്കി.

അതേസമയം മഴ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന ആരോപണം ശക്തമാണ്. എന്നാൽ മഴ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന ആരോപണത്തോട് താൻ പ്രതികരിക്കാനില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്.

First published:

Tags: Governor, Governor Arif Mohammad Khan, Governor Arif Mohammed Khan, Kerala rains