പൗരത്വ ഭേദഗതി നിയമം എന്താണെന്ന് പ്രതിഷേധക്കാർക്ക് മനസ്സിലായിട്ടില്ല; കേരളം രാജ്യത്തെ ജനങ്ങളോട് ചെയ്യുന്നത് കടുത്ത അപരാധം: ഇ ശ്രീധരൻ
പൗരത്വ ഭേദഗതി നിയമം എന്താണെന്ന് പ്രതിഷേധക്കാർക്ക് മനസ്സിലായിട്ടില്ല; കേരളം രാജ്യത്തെ ജനങ്ങളോട് ചെയ്യുന്നത് കടുത്ത അപരാധം: ഇ ശ്രീധരൻ
നിയമം വിശദീകരിച്ചുകൊണ്ട് ജനങ്ങളുടെ ഭയം മാറ്റേണ്ട സംസ്ഥാന സർക്കാർ അതു ചെയ്യുന്നില്ല. കേന്ദ്രം കൊണ്ടുവരുന്ന എന്തിനെയും എതിർക്കുകയെന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം.
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിൽ കേരളം ദേശീയ ഐക്യം തകർക്കുന്നെന്നും നിയമത്തെ വളച്ചൊടിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മെട്രോമാൻ ഇ. ശ്രീധരൻ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഭാഗമായി ഇ. ശ്രീധരന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സോം പ്രകാശ് മടങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം വളച്ചൊടിച്ച് സംസ്ഥാന സർക്കാർ തെറ്റിദ്ധാരണ പരത്തുന്നുവെന്നും സംസ്ഥാനം രാജ്യത്തെ ജനങ്ങളോടു ചെയ്യുന്ന കടുത്ത അപരാധമാണിതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമം കൃത്യമായ തരത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. തെറ്റായ പ്രചാരണങ്ങൾക്കിടയിൽ യഥാർഥ വശങ്ങൾ ചർച്ചചെയ്യപ്പെടാതെ പോവുകയാണ്. നിയമം വിശദീകരിച്ചുകൊണ്ട് ജനങ്ങളുടെ ഭയം മാറ്റേണ്ട സംസ്ഥാന സർക്കാർ അതു ചെയ്യുന്നില്ല. കേന്ദ്രം കൊണ്ടുവരുന്ന എന്തിനെയും എതിർക്കുകയെന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ കേന്ദ്രസർക്കാരിനും വേണ്ടരീതിയിൽ കഴിഞ്ഞിട്ടില്ല. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നത് തെറ്റാണ്- ഇ ശ്രീധരൻ പറഞ്ഞു.
അന്യായമായി ഇന്ത്യയിലെത്തിയവർ പോവുകതന്നെ വേണം. പീഡനമനുഭവിക്കുന്നവർ മുസ്ലിംകളല്ലെന്നും ഹൈന്ദവരുൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമല്ല. ഭരണഘടന എന്നത് ഇന്ത്യക്കാർക്ക് മാത്രമുള്ളതാണ്. അല്ലാതെ മറ്റു രാജ്യങ്ങളിൽനിന്ന് കുടിയേറി വന്നവർക്കുള്ളതല്ല. നിയമം ഗാന്ധിയൻ ആദർശങ്ങൾക്ക് എതിരാണെന്ന് പറയുന്നതിൽ അർഥമില്ല. ഗാന്ധിയൻ ആദർശപ്രകാരമാണോ രാജ്യത്ത് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.