'നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ ഇടവരരുത്; ഇക്കാര്യം ഉറപ്പു വരുത്തണം': മുഖ്യമന്ത്രി പിണറായി വിജയൻ

ദുരഭിമാനമുള്ള ചിലർ നേരിട്ട് പറഞ്ഞെന്നു വരില്ല. സഹായം ആവശ്യപ്പെട്ടില്ല എന്ന കാരണത്താൽ ആരും ഒഴിവാക്കപ്പെടരുത് എന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: March 25, 2020, 9:17 PM IST
'നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ ഇടവരരുത്; ഇക്കാര്യം ഉറപ്പു വരുത്തണം': മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ കേരളത്തിൽ ആരും പട്ടിണി കിടക്കാൻ ഇടവരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലരും പട്ടിണി കിടക്കാൻ ഇട വരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് സർക്കാർ ഇടപെടും.

‌എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ അതിവിപുലമായ വികേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏതെങ്കിലും സംഘടനയുടെ മേന്മകാണിക്കാനോ നിറം കാണിക്കാനോ  ഉള്ള സന്ദര്‍ഭമല്ല ഇതെന്നും പ്രത്യേകം ഓർമിപ്പിച്ചു.

എല്ലാവർക്കും ഭക്ഷണം ലഭിക്കുക എന്ന ലക്ഷ്യംവച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കും. പൊതുജനങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാൻ ഫോൺനമ്പറുകളും ഉണ്ടായിരിക്കും. ആ നമ്പറിൽ വിളിച്ചാൽ ഭക്ഷണം എത്തിക്കും.ദുരഭിമാനമുള്ള ചിലർ നേരിട്ട് പറഞ്ഞെന്നു വരില്ല. സഹായം ആവശ്യപ്പെട്ടില്ല എന്ന കാരണത്താൽ ആരും ഒഴിവാക്കപ്പെടരുത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കണവാടി ഭക്ഷ്യധാന്യ വിതരണം, ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം എന്നിവയും തൃപ്തികരമായി നടക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കും. പഞ്ചായത്ത്/നഗരസഭ അതിര്‍ത്തിയില്‍ എത്ര കുടുംബങ്ങളിലാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കണക്ക് എടുക്കും. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കും. ഇക്കാര്യങ്ങള്‍ക്ക്  പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആ നമ്പറില്‍ വിളിച്ചുപറഞ്ഞാല്‍ ഭക്ഷണം എത്തിക്കുന്ന സംവിധാനം തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടാക്കും.

പാചകക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണക്കാരെ അതത് സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച് നിശ്ചയിക്കണം. അങ്ങനെ പോകുന്ന പ്രവര്‍ത്തകര്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ചിരിക്കണം.

പലരും പട്ടിണി കിടക്കാന്‍ ഇടവരുന്ന സാഹചര്യമാണ് ഉള്ളത്. ഒരാളും നമ്മുടെ നാട്ടില്‍ പട്ടിണി കിടക്കാന്‍ ഇടവരരുത്. ചില ദുരഭിമാനികള്‍ നേരിട്ട് പറഞ്ഞില്ല എന്നു വരും. എന്നാല്‍, ടെലഫോണ്‍ നമ്പര്‍ കൊടുത്താല്‍ വിളിച്ചുപറയും.  സഹായം ആവശ്യപ്പെട്ടില്ല എന്ന കാരണത്താല്‍ ഇവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെതന്നെ നല്ല തോതില്‍ അരി കൊടുക്കുന്നുണ്ട്. അത് തുടരും. അതിനുപുറമെ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ട തരത്തില്‍ കഴിയുന്ന ഒരു കുടുംബവും പട്ടിണി കിടക്കാന്‍ ഇടവരരുത്.
രോഗം വന്ന് അലയുന്നവരുടെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം നടപ്പിലാക്കുന്നത് ജില്ലാ ഭരണസംവിധാനം ഉറപ്പുവരുത്തും.

ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനം ഉപയോഗിക്കും. ഡിഎംഒ തലത്തില്‍ ഇതിന് പ്രത്യേകം സംവിധാനമുണ്ടാക്കണമെന്ന് നിര്‍ദേശിച്ചു. ഹൃദ്രോഗികള്‍, കിഡ്നി രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഭക്ഷണം പാചകം ചെയ്യുന്നവരുടെ പരിസര-വ്യക്തിശുചിത്വം നിലവാരമുള്ളതാകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഉറപ്പുവരുത്തേണ്ടതാണ്. പാചകതൊഴിലാളികള്‍ക്കാവശ്യമായ പരിശോധനകള്‍ നടത്താനും ശ്രദ്ധിക്കണം.

കുട്ടനാട്, പാലക്കാട്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊയ്ത്ത് സമയമാണ്. കൊയ്ത്ത് നടന്നില്ലെങ്കില്‍ വലിയ നാശമുണ്ടാകും. ഭക്ഷ്യസാധനങ്ങള്‍ ലഭ്യമല്ലാതാകും. അതിനാല്‍ ഇത് അവശ്യ സര്‍വീസായി കണ്ട് നടപടി സ്വീകരിക്കും. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് സംഭരിക്കാന്‍ നടപടിയെടുക്കും. കൊയ്ത്തു സ്ഥലത്തു നിന്ന് കയറ്റുന്നതിനും ഇറക്കുന്നതിനും ആവശ്യമായ ഇളവ് നല്‍കും. പ്രാദേശികമായി നെല്ല് സംഭരിക്കാനുള്ള നടപടികള്‍ക്ക് ബന്ധപ്പെട്ട കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

മൈസൂര്‍, ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പച്ചക്കറി തടസ്സമില്ലാതെ കൊണ്ടുവരാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. വീട്ടിലിരിക്കുന്ന സമയമായതിനാല്‍  വീടുകളില്‍ പച്ചക്കറി വളര്‍ത്താന്‍ സമയം കണ്ടെത്തുന്നത് നന്നാകും. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആശങ്ക വേണ്ടതില്ല. എഫ്സിഐ അവരുടെ 25 ഗോഡൗണില്‍ എട്ടുമാസത്തേക്കുള്ള സ്റ്റോക്കുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. അരിയുടെ കൂടെ പലവ്യഞ്ജനങ്ങളും കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവ സംഭരിക്കുന്നതിന് സിവില്‍സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും ശ്രമിക്കുന്നതോടൊപ്പം നാട്ടിലെ വന്‍കിട വ്യാപാരികളുടെ സഹകരണവും സര്‍ക്കാര്‍ തേടും.

You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]

First published: March 25, 2020, 9:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading