കേരളത്തിലെ പ്രധാന തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളെ മംഗളുരുവിലെയും ഗോവയിലേയും പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ വകയിരുത്തിയെന്ന് കേരളാ ടൂറിസം വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം കൊല്ലം, കൊച്ചി, ബേപ്പൂര്‍ എന്നിവയെ മംഗളുരു, ഗോവ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ക്രൂയിസ് ടൂറിസം പദ്ധതി. പദ്ധതിയുടെ അന്തിമ രൂപം ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഉത്തരവായിട്ടുണ്ട്. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുമുണ്ട്. ടൂറിസം ഡയറക്ടര്‍ ആണ് സമിതിയുടെ കണ്‍വീനര്‍. കേരള ഇന്‍ലാന്‍ഡ് ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം ബോര്‍ഡിലെയോ ഉദ്യോഗസ്ഥനും സമിതിയില്‍ അംഗങ്ങളായി ഉണ്ടാകും.
സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിദഗ്ധര്‍ സര്‍ക്കാരിന്റെ പുതിയ നയത്തെ സ്വാഗതം ചെയ്തു. വിനോദ സഞ്ചാര മേഖലയില്‍ ഒരു പുതിയ വിപണി തുറക്കാന്‍ ഈ നയം സഹായിക്കുമെന്നാണ് കരുതുന്നത്. കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമാണ് ജലപാതകളുടെ വികസനം. പദ്ധതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്നാണ് സിജിഎച്ച് മുന്‍ സിഇഒ ജോസ് ഡൊമനിക് പറഞ്ഞത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മറ്റുള്ളവര്‍ക്ക് അത് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read-സർക്കാർ വാഹനങ്ങൾ ഇനി KL-99; പ്രത്യേക രജിസ്ട്രേഷന് ശുപാർശ
”ആയിരക്കണക്കിനാളുകളായിരിക്കും ക്രൂയിസ് ഷിപ്പില്‍ കയറുക. ഇവര്‍ യാത്രാനുഭവങ്ങള്‍ തങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെയ്ക്കും. അത് സംസ്ഥാനത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കും. ഇതോടെ കൂടുതല്‍ പേര് ഈ സംവിധാനം ഉപയോഗിക്കാനായി രംഗത്തെത്തും. സത്യത്തില്‍ ഗുജറാത്തിലെ കച്ചില്‍ നിന്ന് കന്യാകുമാരി ഒരു റൂട്ട് കൂടി നിര്‍മ്മിച്ചിരുന്നെങ്കില്‍ ലാഭം ഇരട്ടിയായെനേ,” അദ്ദേഹം പറഞ്ഞു.
നിലവില്‍ തുറമുഖത്ത് എത്തുന്ന കപ്പലുകളില്‍ ആയിരങ്ങളാണ് വരുന്നത്. ഇപ്പോള്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നിശ്ചയിച്ചിരിക്കുന്ന റൂട്ടില്‍ ചെറിയ ഷിപ്പുകള്‍ സജ്ജമാക്കുന്നത് നല്ലതാണ് എന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് ഷിപ്പ് ടൂറിസത്തില്‍ കേരളത്തിന് ഒരുപാട് സാധ്യതകളുണ്ടെന്നാണ് ടൂര്‍ ഗൈഡായ രാജേഷ് പി ആര് പറയുന്നു.
Also read-തമ്മിലടിച്ചതിന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയിലെ 11 പേര്‍ക്കെതിരെ കേസ്
വിനോദസഞ്ചാര വകുപ്പിന്റെ പുതുവര്‍ഷ സമ്മാനമായി സംസ്ഥാനത്തെ 32 വിനോദസഞ്ചാര കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെ, എല്ലാ ടൂറിസം പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ വനിതാ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനുമായാണ് പുതിയ പദ്ധതി. സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായാണിത്. ഒറ്റയ്ക്കോ സംഘങ്ങളായോ സ്ത്രീകള്‍ക്ക് സുരക്ഷിതമായും കുറഞ്ഞനിരക്കിലും യാത്ര ചെയ്യാനുമാകും.
സംസ്ഥാനത്ത് ഹോം സ്റ്റേ, ടൂര്‍ ഗൈഡ്, ടൂര്‍ ഓപ്പറേറ്റര്‍, ടാക്സി, റസ്റ്റോറന്റ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട 1000 സ്ത്രീസംരംഭം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം ജനുവരിയില്‍ ആരംഭിക്കും. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ വകുപ്പുകളുടെ സഹായത്തോടെ വായ്പാ സൗകര്യമൊരുക്കും. താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂര്‍ പാക്കേജിലെ എല്ലാ ഘടകങ്ങളും നിയന്ത്രിക്കുക സ്ത്രീകളാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.