നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വാക്സിനേഷൻ: ഒറ്റ ദിവസം കൊണ്ട് അഞ്ച് ലക്ഷത്തിലധികം പേർക്ക് വാക്സിൻ, ചരിത്ര നേട്ടവുമായി ആരോഗ്യ വകുപ്പ്

  കോവിഡ് വാക്സിനേഷൻ: ഒറ്റ ദിവസം കൊണ്ട് അഞ്ച് ലക്ഷത്തിലധികം പേർക്ക് വാക്സിൻ, ചരിത്ര നേട്ടവുമായി ആരോഗ്യ വകുപ്പ്

  സംസ്ഥാനത്ത് ഇന്ന് 5,02,795 പേർക്കാണ് കോവിഡ് വാക്സിൻ ലഭ്യമായത്. 99,436 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരമാണ് ജില്ലകളുടെ കണക്കിൽ മുന്നിൽ

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,02,795 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കാനാകുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

  സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണ്.
  ഇന്ന് 1,753 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,436 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് മുമ്പില്‍. തൃശൂര്‍ ജില്ലയില്‍ 52,093 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ 40,000ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

  സംസ്ഥാനത്ത് 1,37,96,668 പേര്‍ക്ക് ഒന്നാം ഡോസും 59,65,991 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,97,62,659 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

  കഴിഞ്ഞ 24 ആം തീയതി 4.91 ലക്ഷം പേർക്കായിരുന്നു കോവിഡ് വാക്സിൻ നൽകിയത്. അന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. ഈ റെക്കോർഡാണ് ഇന്ന് തിരുത്തിയത്.

  Also read- Covid 19| വാക്സിൻ വിതരണം; സംസ്ഥാന തലത്തിൽ മാർഗനിർദേശം വേണമെന്ന് കെജിഎംഒഎ

  സംസ്ഥാന തലത്തില്‍ വാക്‌സിന്‍ വിതരണത്തിന് ശാസ്ത്രീയ മാര്‍ഗരേഖ പുറത്തിറക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു. വാക്‌സിനേഷനില്‍ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴിയിലും കൊല്ലത്തും കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം ഡോക്ടര്‍മാരെ അക്രമിക്കുന്നതിലേക്ക് എത്തിയിരുന്നു.

  ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നടക്കം അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകുന്നുവെന്നും അവർ പറഞ്ഞിരുന്നു. വാക്‌സിന്‍ വിതരണത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ അനാവശ്യ സമ്മര്‍ദ്ദവും ആരോപണം ഉണ്ടാകുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ ഇടപെടണമെന്നുമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അവശ്യപ്പെട്ടത്. കോവിഡിന്റെ രണ്ടാം തരംഗമിനിയുമടങ്ങാത്ത സാഹചര്യത്തില്‍, മൂന്നാം തരംഗത്തെ നേരിടുന്നതിന്, ശാസ്ത്രീയമായി, കൃത്യമായ ആസൂത്രണത്തോടെ ജനങ്ങളെ കോവിഡിനെതിരായി വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് ഭരണകൂടത്തിന് മുന്‍പിലുള്ള പോംവഴിയെന്നും അവർ പറഞ്ഞു.

  വോട്ടേഴ്‌സ് ലിസ്റ്റിനെയോ, വാര്‍ഡ് തലത്തിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലോ ഇത് സുതാര്യമായും, ശാസത്രീയമായും ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജൂണ്‍ മാസം തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണിക്കണമെന്നും കൂടി കെജിഎംഒഎ ആവശ്യപ്പെട്ടു.
  Published by:Naveen
  First published:
  )}