• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala High Court| ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി

Kerala High Court| ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി

കാക്കി ഇല്ലെങ്കിൽ ഉദ്യോഗസ്ഥക്ക് അടി കിട്ടുമായിരുന്നു.

  • Last Updated :
  • Share this:
കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് (Pink police)പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി (Kerala High Court).കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പോലീസുകാരിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.

പെണ്‍കുട്ടിയ്‌ക്കെതിരായ പരസ്യവിചാരണയുടെ ദൃശ്യങ്ങള്‍ കണ്ട കോടതി, സംഭവത്തിലുള്ള രോഷവും വേദനയും പ്രകടമാക്കുന്നതായി അറിയിച്ചു. സ്വന്തം മൊബൈല്‍ഫോണ്‍ സുരക്ഷിതമാക്കി വെക്കേണ്ടത് പോലീസുകാരിയുടെ ചുമതല ആണ്. മറ്റുള്ളവരുടെ മേല്‍ കുതിരകയറുകയല്ല വേണ്ടത്. മൊബൈല്‍ ഫോണിന്റെ വില പോലും ഉദ്യോഗസ്ഥ കുട്ടിയ്ക്ക് നല്‍കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു.

അപമാന ഭാരത്താല്‍ കുട്ടി വാവിട്ടു കരയുമ്പോഴും  ഉദ്യോഗസ്ഥ ഒരുതരത്തിലും ആശ്വാസവാക്കുകള്‍ പോലും പറയുന്നില്ല. പൊതുജനമധ്യത്തിലുണ്ടാവുന്ന ഇത്തരം അപമാനങ്ങളാണ് പലപ്പോഴും പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് പോലും നയിക്കുന്നത്. കരച്ചില്‍ കണ്ട മനസലിയാത്ത പോലീസുദ്യോഗസ്ഥ സ്ത്രീയാണോ? പോലീസുകാരി ക്ഷമ ചോദിച്ചാല്‍ ആ വിഷയം അവിടെ തീര്‍ന്നേനെ. കാക്കിയുടെ ദുരഭിമാനം അവരെ അതിന് അനുവദിയ്ക്കുന്നില്ലെന്നും കോടതി പറഞ്ഞു. സ്ഥലംമാറ്റം അച്ചടക്ക നടപടിയാണോയെന്നും കോടതി ചോദിച്ചു. ദൃശ്യങ്ങള്‍ മനസിനെ വേദനിപ്പിയ്ക്കുന്നു. കണ്ണുനിറയുന്ന സാഹചര്യങ്ങളാണെന്നും കോടതി പറഞ്ഞു.

സംഭവത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട്‌ അവശ്യപ്പെട്ടു. പൊലീസുകാരിയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. കുട്ടിയുടെ ചികിത്സാ വിവരങ്ങൾ സീൽ ചെയ്ത കവറിൽ നൽകാനാണ് നിർദേശം. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും കോടതി വിമര്‍ശിച്ചു. സംഭവം നീതികരിക്കാനാകാത്തതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോൾ പൊലീസ് പെരുമാറുന്നത്.

Also Read-മലബാർ കലാപം: തിരുത്തുമായി കെ.എം ഷാജി; മാപ്പിളമാരില്‍ നിന്നും കത്തി വാങ്ങി പേന നല്‍കിയത് ലീഗ്

വിദേശത്തായിരുന്നു ഈ സംഭവമെങ്കിൽ കോടികൾ നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നേനെ. കുട്ടിക്ക് പൊലീസിനോടുള്ള പേടി ജീവിത കാലം മാറുമോ എന്നും കോടതി ആശങ്കപ്പെട്ടു. വീഡിയോ കണ്ടത് കൊണ്ട് ഇക്കാര്യം മനസിലായി. ഇത് പോലെ എത്ര സംഭവം നടന്നു കാണുമെന്നും കോടതി ചോദിച്ചു. എന്ത് തരം പിങ്ക് പൊലീസാണിത്. എന്തിനാണ് ഇങ്ങനെ ഒരു പിങ്ക് പൊലീസ് എന്നും കോടതി ചോദിച്ചു.

കാക്കി ഇല്ലെങ്കിൽ ഉദ്യോഗസ്ഥക്ക് അടി കിട്ടുമായിരുന്നു. ചിലയിടങ്ങളിലെങ്കിലും പോലീസ് അതിക്രമങ്ങൾക്കെതിരെ നാട്ടുകാർ പ്രതികരിക്കുന്നു എന്നത് ആശ്വാസകരമാണെന്നും കോടതി പറഞ്ഞു. കേസ് ഡിസംബർ 7ന് വീണ്ടും പരിഗണിക്കും.
Also Read-പീഡനക്കേസില്‍ സിപിഎം നേതാവിനെതിരെ പരാതി നല്‍കിയ പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ആറ്റിങ്ങലിൽ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പോലീസ് സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകാനും ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് പൊതുമധ്യത്തിൽ അപമാനിക്കാൻ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സി.പി രജിത തോന്നക്കൽ സ്വദേശി ജയചന്ദ്രനേയും മകളേയും മൊബൈൽ മോഷ്ടാക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചത്. തന്‍റെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചാണ് രജിത അച്ഛനേയും മകളേയും പരസ്യമായി വിചാരണ ചെയ്തത്. ജനമധ്യത്തിൽ  ജയചന്ദ്രനേയും മകളേയും അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതിനെത്തുടർന്ന് രജിതയെ റൂറൽ എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ തങ്ങളെ അപമാനിച്ച ഉദ്യോഗസ്ഥക്കെതിരെ കനത്ത നടപടി വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
Published by:Naseeba TC
First published: