• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളസർക്കാരിനെതിരെ ഹൈക്കോടതി; കോടതി ഉത്തരവുകള്‍ ലംഘിക്കാനുള്ളതെന്ന് കരുതിയാല്‍ എങ്ങനെ മുന്നോട്ടുപോകും?

കേരളസർക്കാരിനെതിരെ ഹൈക്കോടതി; കോടതി ഉത്തരവുകള്‍ ലംഘിക്കാനുള്ളതെന്ന് കരുതിയാല്‍ എങ്ങനെ മുന്നോട്ടുപോകും?

കോടതി ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളമെന്ന് പറയരുതെന്നും ആഞ്ഞടിച്ചു

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്ന വിഷയത്തില്‍ സർക്കാരിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് മറികടക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെയായിരുന്നു ഹൈക്കോടതി വിമര്‍ശനങ്ങള്‍. കോടതി ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളമെന്ന് പറയരുതെന്നും ആഞ്ഞടിച്ചു. കോടതി ഉത്തരവുകള്‍ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

കോടതിയുടെ ഇടപെടലോടെ കൊച്ചി നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാൻ നടപ്പിലാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ  കോടതി ചൂണ്ടിക്കാട്ടി. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട്ടില്‍പ്പോലും വെള്ളം കയറാതിരുന്നതെന്നും  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അവകാശപ്പെട്ടു. കൊടിതോരണങ്ങള്‍ വെയ്ക്കാന്‍ അനുമതി വേണമെന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടികള്‍ ഇത് കോടതിയില്‍ നേരിട്ട് പറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ കഴിഞ്ഞ ദിവസം ചേർന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടാനിരിക്കുകയായിരുന്നു.മാനദണ്ഡം നിശ്ചയിച്ച്, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ കോടതിയുടെ അനുമതി തേടാനും സര്‍വകകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു. പാര്‍ട്ടി സമ്മേളന വേളകളില്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ നിശ്ചിത സമയ പരിധിക്കുളളില്‍ മാറ്റാനും മുഖ്യമന്ത്രി വിളിച്ച സര്‍വകകക്ഷി യോഗത്തില്‍ ധാരണയായി.

Also read- High Court | പാതയോരങ്ങളിൽ കോടിതോരണങ്ങൾ: സർവ്വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതി

കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി മുന്‍പ് പലതവണ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശഭരണ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു.

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം നഗരത്തിലെ പാതയോരങ്ങളി​ൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സി.പി.എം കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  പറഞ്ഞു.

Also read- K Rail | 'കെ ഫോർ കേരള'; ഐഎഫ്എഫ്കെയിൽ കെ റെയിലിന് ഐക്യദാർഢ്യ പ്രഖ്യാപനവുമായി ഒരു വിഭാഗം ഡെലിഗേറ്റുകൾ

സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഒരു പാർട്ടിക്കു മാത്രം എന്തും ചെയ്യാമെന്നാണോ. പാവപ്പെട്ടവർ ഹെൽമെറ്റ് വച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നുണ്ടല്ലോ? ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥിതിയെന്നും കോടതി ചോദിച്ചു.

കൊടിതോരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ അഞ്ചാം തീയതി വരെ അനുമതി നൽകിയിട്ടുണ്ടെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. അനുമതി നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറിയും പറഞ്ഞു. അങ്ങനെയെങ്കിൽ അനുമതി പത്രവും അഞ്ചാം തീയതിക്കു ശേഷം കൊടിതോരണങ്ങൾ നീക്കിയതിന്റെ റിപ്പോർട്ടും ഹാജരാക്കണമെന്ന് കോടതി നി​ർദ്ദേശി​ച്ചു. കോടതി ഇടപെടലിനേത്തുടർന്ന് സംസ്ഥാന സമ്മേളനം സമാപിച്ചതിനു പിന്നാലെ നഗരത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച മുഴുവൻ കൊടിതോരണങ്ങളും സി.പി.എം പ്രവർത്തകർ നീക്കം ചെയ്തിരുന്നു. സമാപന യോഗത്തിലെ പ്രസംഗത്തിൽ കോടതിയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
Published by:Naveen
First published: