വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗം ഇന്ത്യയിൽ ശിക്ഷാർഹമല്ലെങ്കിലും അത് വിവാഹമോചനം ആവശ്യപ്പെടുന്നതിന് സാധുവായ കാരണമാണെന്ന വാദം കേരള ഹൈക്കോടതി ശരിവെച്ചു. കുടുംബക്കോടതി വിധിക്കെതിരെ ഒരു ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി നിർണായകമായ ഈ പരാമർശം നടത്തിയത്. ഭർത്താവ് സമർപ്പിച്ച രണ്ട് അപ്പീലുകളും കോടതി നിരസിച്ചു.
ഇന്ത്യൻ നിയമവ്യവസ്ഥ പ്രകാരം ശിക്ഷാർഹമല്ലെങ്കിലും ഭാര്യയുടെ അന്തസിനെയും വ്യക്തിത്വത്തെയും അപകർത്തിപ്പെടുത്തുന്ന രീതിയിൽ ഭർത്താവിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന പെരുമാറ്റം ശാരീരികവും മാനസികവുമായ ക്രൂരതയുടെ പരിധിയിൽപ്പെടുന്നതാണെന്ന് അപ്പീൽ പരിഗണിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പകത്ത് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
നിയമപരമായ ബന്ധത്തിനുള്ളിൽ കഷ്ടത അനുഭവിക്കാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള നിയമ പോരാട്ടമാണ് കഴിഞ്ഞ പത്തു വർഷത്തിലേറെ കാലമായി കേസിൽ എതിർകക്ഷിയായ സ്ത്രീ നടത്തുന്നതെന്ന് കോടതി പറഞ്ഞു.
സമ്പത്തിനും ലൈംഗികതയ്ക്കും വേണ്ടിയുള്ള ഭർത്താവിന്റെ അത്യാർത്തി ഒരു സ്ത്രീയെ ദുരിതത്തിലേക്ക് നയിച്ച അനുഭവമാണ് ഈ കേസിനാസ്പദമായ സംഭവങ്ങളെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം നേടാനുള്ള വ്യഗ്രതയിൽ ധനപരമായ അവകാശവാദങ്ങളെല്ലാം ഉപേക്ഷിക്കാൻ പോലും അവർ തയ്യാറായത് കാണാതിരിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹമോചനത്തിനായി ഭാര്യ നൽകിയ ഹർജി അംഗീകരിച്ചുകൊണ്ടുള്ള കുടുംബക്കോടതിയുടെ വിധിയ്‌ക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഭാര്യയുടെ ശരീരത്തിന് മേലെ ഭർത്താവിന് അവകാശമില്ലെന്ന് വ്യക്തമാക്കുന്ന ശക്തമായ പരാമർശം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
പരാതിക്കാരൻ ഭാര്യയെ പണം സമ്പാദിക്കുന്ന ഒരു യന്ത്രം മാത്രമായാണ് കണക്കാക്കിയതെന്നും പീഡനം അസഹ്യമായതോടെയാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചതെന്നും മുമ്പ് കുടുംബക്കോടതി ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ ദമ്പതികൾ എന്ന നിലയിലുള്ള അവാകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരൻ ഭാര്യയ്‌ക്കെതിരെ വികലമായ രീതിയിലുള്ള ലൈംഗിക അതിക്രമവും ശാരീരിക പീഡനവും നടത്തിയെന്നാണ് ആരോപണം. രോഗബാധിതയായി കിടപ്പിലായ സമയത്തും സ്വന്തം അമ്മ മരിച്ച ദിവസവും ഭർത്താവ് നിർബന്ധിത ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടതായി വിസ്താരത്തിനിടെ ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു.
ദമ്പതികൾ താമസിച്ചിരുന്ന അപ്പാർട്മെന്റിലെ കെയർടേക്കറുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് തന്നെ പീഡനത്തിന് വിധേയയാക്കിയതായും അവർ കോടതിയോട് പറഞ്ഞു. വിവാഹജീവിതത്തിൽ ഭാര്യയ്ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരതകളോട് അനുഭാവം പ്രകടിപ്പിച്ച കോടതി ഭാര്യയുടെ ശരീരത്തിന്റെ ഉടമ താനാണെന്ന അധമബോധമാണ് ഭർത്താക്കന്മാരെ വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്നും നിരീക്ഷിച്ചു.
ആധുനിക സമൂഹത്തിൽ അത്തരം പ്രാകൃത ധാരണകൾക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ കോടതി വിവാഹബന്ധത്തിൽ പങ്കാളികൾക്ക് തുല്യനിലയാണ് ഉള്ളതെന്നും ശാരീരികമായോ അല്ലാതെയോ ഭർത്താവിന് ഭാര്യയുടെ മേൽ അധീശത്വം സ്ഥാപിക്കാൻ കഴിയില്ലെന്നും വിശദീകരിച്ചു.
Summary: Kerala High Court observes marital rape is a valid ground for granting divorce
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Divorce, Divorce case