പെൺകുട്ടികൾക്ക് മാത്രം ഹോസ്റ്റലുകളിൽ സമയനിയന്ത്രണം ഏർപ്പെടുത്തുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആൺകുട്ടികൾക്ക് ഹോസ്റ്റലിൽ ലഭിക്കുന്ന സ്വാതന്ത്ര്യം പെൺകുട്ടികൾക്കും ലഭിക്കണമെന്നും പെൺകുട്ടികളെ എത്ര നാൾ പൂട്ടിയിടുമെന്നും കോടതി ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം.
ആൺകുട്ടികൾക്കില്ലാത്ത എന്ത് നിയന്ത്രണമാണ് പെൺകുട്ടികൾക്ക് മാത്രം ഉള്ളതെന്നായിരുന്നു ഹർജി പരിഗണിക്കുമ്പോൾ കോടതി ചോദ്യം. എത്ര നാൾ പെൺകുട്ടികളെ പൂട്ടിയിടാൻ കഴിയും. കലാലയം സുരക്ഷിതമല്ലെങ്കിൽ ഹോസ്റ്റലും സുരക്ഷിതമാകില്ല. നൂറ്റാണ്ടുകൾ പിന്നിലാണ് ഇപ്പോഴത്തെ അവസ്ഥ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
ഹർജിക്കാരായ പെൺകുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കാതിരിക്കാൻ കോടതിക്ക് ആകില്ല. രാത്രികളെ എന്തിന് പേടിക്കണം ? ക്യാമ്പസുകൾ സുരക്ഷിതവും സ്വതന്ത്രവുമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആശങ്ക അകറ്റാനാണ് ഹോസ്റ്റൽ ചട്ടങ്ങൾ കടുപ്പിക്കേണ്ടി വരുന്നതെന്ന് സർക്കാർ ബോധിപ്പിച്ചപ്പോൾ മലയാളി മാതാപിതാക്കൾക്ക് എന്തിനിത്ര ആശങ്ക എന്നായിരുന്നു കോടതിയുടെ ചോദ്യം. മക്കൾ സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കുമ്പോൾ ഹോസ്റ്റൽ സമയത്തെക്കുറിച്ച് ആകുലതകളില്ലല്ലോ എന്നും കോടതി നിരീക്ഷിച്ചു.
ഓരോ കോളേജും പഠന വിഷയങ്ങളും
പഠന സമയവും അനുസരിച്ചാണ് ഹോസ്റ്റൽ സമയ ക്രമീകരണം എന്ന് സർക്കാർ പറഞ്ഞു. കൂടുതൽ പഠിച്ച് മറുപടി നൽകാൻ സർക്കാർ സമയം ആവശ്യപ്പെട്ടത് ഹെെക്കോടതി അംഗീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.