കൊച്ചി: മകളുടെ കണ്സഷന് ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കേരള ഹൈക്കോടതി. മര്‍ദനമേറ്റ അച്ഛനെയും മകളെയും നേരിട്ടുകണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്കി. കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കെഎസ്ആര്‍ടിസിയോട് നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാരോട് ഈ രീതിയിലാണ് പെരുമാറുന്നതെങ്കില്‍ കെഎസ്ആര്‍ടിസിയെ എങ്ങനെ ആശ്രയിക്കാനാകുമെന്നും കോടതി ചോദിച്ചു.
കാട്ടാക്കടയിലെ അതിക്രമത്തില്‍ സംഭവദിവസം തന്നെ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡിയോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ എത്തിയതോടെയാണ് മര്‍ദനമേറ്റവരെ നേരില്‍ക്കണ്ട് സംസാരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചത്. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
കണ്സഷന് ലഭിക്കാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നു കൗണ്ടറിലിരുന്ന ജീവനക്കാരന് പറഞ്ഞു. 3 മാസം മുന്‍പ് കാര്‍ഡ് എടുത്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്കിയതാണെന്നു പ്രേമനന് വിശദീകരിച്ചു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കണ്സഷന് നല്‍കാനാകില്ലെന്നു വാദത്തില്‍ ജീവനക്കാരന് ഉറച്ച് നിന്നതോടെ വാക്കുതകര്‍ക്കമുണ്ടാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 4 കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.