നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള  ട്രാക്ടർ ഗതാഗത൦; സമയക്രമം കർശനമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് ചരക്ക് നീക്കത്തെ ബാധിക്കുന്നു

    പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള  ട്രാക്ടർ ഗതാഗത൦; സമയക്രമം കർശനമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് ചരക്ക് നീക്കത്തെ ബാധിക്കുന്നു

    സ്വാമി അയ്യപ്പൻ റോഡിൽ തിരക്ക് വർധിച്ചപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണം നിലവിലെ സാഹചര്യത്തിൽ അനുചിതമാണെന്നാണ് ട്രാക്ടർ തൊഴിലാളികളുടെ പരാതി.

    ശബരിമല

    ശബരിമല

    • Share this:
    2017  നവംബറിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം രാത്രി 12 മുതൽ 3 വരെയും ഉച്ചക്ക് 12 മുതൽ 3 വരെയുമാണ് സന്നിധാനത്തേക്ക് ട്രാക്ടർ ഗതാഗതത്തിന് അനുമതി. സ്പെഷ്യൽ കമ്മീഷണറുടെ ഉത്തരവ് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10.30 മുതൽ 4 വരെയും രാത്രി 10 മുതൽ 3 വരെയും ആയി ഇളവ് നൽകിയിരുന്നു. നീലിമല വഴിയുള്ള പരമ്പരാഗത പാത അടച്ചിരുന്ന സമയത്ത്  ട്രാക്ടർ ഗതാഗതം നടക്കുന്ന സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് മുഴുവൻ തീർത്ഥാടകരും കടന്നുപോയിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പരിഗണിച്ച ഹൈക്കോടതി മുൻപ് നിശ്ചയിച്ച സമയക്രമം കർശനമാക്കാൻ നിർദേശം നൽകുകയായിരുന്നു.

    നീലിമല പാത തുറന്നതോടെ സ്വാമി അയ്യപ്പൻ റോഡിലെ തിരക്ക് മൂന്നിൽ ഒന്നായി കുറഞ്ഞെങ്കിലും ട്രാക്ടറുകൾക്ക് കർശന നിയന്ത്രണം തുടരുകയാണ്. സന്നിധാനത്തേക്ക് അവശ്യ സാധനങ്ങൾ എത്തിക്കണമെങ്കിൽ സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതി വേണം. പമ്പയിൽ ലോഡ് കയറ്റിയ ട്രാക്ടറുകൾ നിർദ്ദിഷ്ട സമയമാകുന്നതിനായി കാത്ത് കിടക്കേണ്ട അവസ്ഥയാണ്.
    സന്നിധാനത്തേക്കുള്ള ശർക്കരയും ഹോട്ടലുകളിലേക്കും കടകളിലേക്കുമുളള സാമഗ്രികൾ എത്തിക്കുന്നതും മന്ദഗതിയിലായിട്ടുണ്ട്.  ട്രാക്ടറുകളുടെ സമയക്രമം പുനക്രമീകരിക്കുന്നതിന്  ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽ ചെയ്യാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.

    അതേസമയം പ്രതിദിനം  എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം മുപ്പതിനായിരത്തിൽ താഴെയായിരുന്നു ഭക്തരുടെ എണ്ണം. എന്നാൽ ഈ മാസം ഒന്നുമുതൽ മുപ്പതിനായിരത്തിന്  മുകളിൽ ഭക്തർ  സന്നിധാനത്തേക്ക് എത്തി. ബുധനാഴ്ച  നാൽപതിനായിരത്തോളം ഭക്തരാണ് സന്നിധാനത്തേക്ക് ദർശനത്തിന് എത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി 45000 പേരാണ് വെർച്ചൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്യുന്നത്. ഇതുകൂടാതെ സ്പോട്ട് ബുക്കിംഗും വിവിധ ഇടങ്ങളിലായി തുടരുന്നുണ്ട്. വരും ദിവസങ്ങളിലും ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

    Also read- ശബരിമലയിൽ ബാങ്കിലേക്ക് മാറ്റാൻ എണ്ണിത്തിട്ടപ്പെടുത്തിയ നോട്ട് കെട്ടുകളിൽ അധിക തുക: ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

    മണ്ഡലപൂജ ഈ മാസം 26നാണ് നടക്കുന്നത്. മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള ദിനങ്ങളിൽ ഭക്തരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചേക്കാം. ഈ സാഹചര്യത്തിൽ പ്രതിദിനം 45000 പേർ എന്ന പരിധി ഒഴിവാക്കണമെന്ന് ആവശ്യമാണ് ദേവസ്വം ബോർഡ് സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. ഇതു കൂടാതെ നെയ്യഭിഷേകത്തിന് അനുമതി വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കരിമല കാനനപാത വഴി തീർത്ഥാടനം അനുവദിക്കണമെന്ന ആവശ്യവും ദേവസ്വം ബോർഡ് സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായേക്കും. നെയ്യഭിഷേകം അടക്കമുള്ള കാര്യങ്ങളിൽ ഇളവുകൾ ലഭിച്ചാൽ അത് വരുമാന കാര്യത്തിൽ വലിയ ഗുണകരമാകുമെന്നാണ് ദേവസ്വം ബോർഡ് സർക്കാരിനോട് വ്യക്തമാക്കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ച 29 ദിവസങ്ങൾ പിന്നിട്ടപ്പോൾ വരുമാനം 44 കോടി കവിഞ്ഞു. കൂടുതൽ ഇളവുകൾ നിലവിൽ വന്നാൽ മണ്ഡലകാല വരുമാനം 100 കോടി കവിയുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വലിയ  പ്രതീക്ഷ.
    Published by:Naveen
    First published: